

ലോക: ചാപ്റ്റര്‍ 1 ചന്ദ്രയിലൂടെ മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നിര്‍മാതാവ്. പരമ്പരയിലെ വരും സിനിമകള്‍ മലയാള സിനിമയിലെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. ആ യാത്രയില്‍ നിര്‍മാതാവായും നടനായുമെല്ലാം ദുല്‍ഖര്‍ മുന്നിലുണ്ടാകും.
അതേസമയം ദുല്‍ഖര്‍ ഒടുവിലായി നായകനായെത്തിയ മലയാള ചിത്രം കിങ് ഓഫ് കൊത്തയാണ്. ലോക വന്‍ വിജയമാവുകയും ദുല്‍ഖറിന്റെ അതിഥി വേഷം കയ്യടി നേടുകയും ചെയ്തിരുന്നു. എങ്കിലും നായകനായി ഒടുവിലഭിനയിച്ച കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരിക്കുന്നത് ആരാധകരില്‍ നിന്നും വിമര്‍ശനം നേരിടുന്നുണ്ട്.
മലയാളത്തില്‍ സിനിമ ചെയ്യാതിരിക്കുമ്പോഴും മറ്റ് ഭാഷകളില്‍ സജീവമാണ് ദുല്‍ഖര്‍. ഹിറ്റുകള്‍ക്ക് സമാനിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ഇറങ്ങിയ ലക്കി ഭാസ്‌കറും പുതിയ സിനിമ കാന്തയുമൊക്കെ മറ്റ് ഭാഷകളിലുള്ള ദുല്‍ഖറിന്റെ താരപരിവേഷം ഉയര്‍ത്തുന്നതാണ്. ഇതിനിടെ കഴിഞ്ഞ ദിവസം മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഗ്രേറ്റ് ആന്ധ്ര യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പ്രതികരണം.
''ഇവിടുത്തെ പ്രേക്ഷകരുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ അവര്‍ താരങ്ങളോട് ക്ഷമിക്കുകയും വീണ്ടും അവസരം നല്‍കുകയും ചെയ്യുമെന്നതാണ്. ഞാനിത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ ഇന്‍ഡസ്ട്രി, മലയാളത്തില്‍ അങ്ങനെയല്ല. അവിടെ രണ്ട് വര്‍ഷത്തോളം ഞാന്‍ സിനിമ ചെയ്യാതിരുന്നാല്‍ ഫീല്‍ഡ് ഔട്ടായെന്ന് പറയും'' ദുല്‍ഖര്‍ പറയുന്നു.
''ഇവിടെ എങ്ങനെയാണെന്ന് നോക്കിയാല്‍, റാണ അടുത്ത സിനിമയിലേക്ക് കടക്കാന്‍ കുറച്ച് അധികം സമയമെടുക്കുമ്പോള്‍ ആളുകള്‍ പറയുന്നത് റാണാ നിങ്ങള്‍ മറ്റുള്ളവരെ സഹായിക്കുന്നത് നിര്‍ത്തൂ. പുതിയ സിനിമ ചെയ്യൂ എന്നാണ്. ഇഷ്ട നടനോട് ആരാധകര്‍ക്കുള്ള സ്‌നേഹവും കരുതലുമെല്ലാം ആ വാക്കുകളില്‍ കാണാന്‍ സാധിക്കും'' എന്നും താരം പറയുന്നു.
''ഇത്തരം സ്‌നേഹവും പ്രേക്ഷകരേയും കാണുമ്പോള്‍ സന്തോഷമാണ്. നമ്മള്‍ പുതുതായി എന്തെങ്കിലും ചെയ്യാനോ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നമ്മളെ കാണണം എന്നുള്ള ചിന്തകളും വലിയ പ്രചോദനമാണ്. എനിക്ക് ഇതെല്ലാം വളരെ സ്‌പെഷ്യലാണ്. തെലുങ്കിലെ പ്രേക്ഷകരോട് ഇഷ്ടം തോന്നാനുള്ള കാരണം അതാണ്'' എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
അതേസമയം കാന്തയാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ. അന്‍പതുകളിലെ തമിഴ് സിനിമയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ തമിഴിലും തെലുങ്കിലുമായാണ് ഒരുക്കിയിരിക്കുന്നത്. റാണ ദഗുബാട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഇന്ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രിവ്യു ഷോയില്‍ മികച്ച പ്രതികരണങ്ങളാണ് കാന്ത നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates