ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറിപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഓൺലൈൻ റിലീസിനായി ലഭിച്ച റെക്കോർഡ് ഓഫർ വേണ്ടെന്ന് വച്ചാണ് ചിത്രം നേരിട്ട് തിയറ്ററിലേക്കെത്തുന്നത്. മെയ് 28നാണ് കുറിപ്പ് പ്രേക്ഷകരിലേക്കെത്തും.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറ് മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ ജിതിൻ കെ ജോസ് ആണ് ഒരുക്കിയിരിക്കുന്നത്. ഡാനിയേൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ് തിരക്കഥയും സംഭാഷണവും. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates