'ഈ കൊച്ചു കുടിലിലേക്കാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് വന്നുകയറിയത്'; നിരഞ്ജനെ വീട്ടിലെത്തി അഭിനന്ദിച്ച് എഎ റഹീം

'നിരഞ്ജനെ ഈ കുടിലിൽ നിന്നും സിനിമയുടെ അത്ഭുത ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയത്. നിരഞ്ജനെ കാണാൻ  പോയിരുന്നു'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നിരഞ്ജന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് നിരഞ്ജനും അച്ഛനും അമ്മയും സഹോദരിയും താമസിക്കുന്നത് എന്നാണ് റഹീം പറയുന്നത്. നിരഞ്ജൻ പാടും അഭിനയിക്കും  ഫുട്ബോൾ കളിക്കും. റെജു ശിവദാസ് എന്ന നാടക പ്രവർത്തകനാണ് നിരഞ്ജനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കൂട്ടായ്മയായ സാപിയൻസിലൂടെയാണ് നിരഞ്ജന് അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചതെന്നും റഹിം വ്യക്തമാക്കി. നിരഞ്ജനെ വീട്ടിൽ നേരിട്ടെത്തിയാണ് റഹിം അഭിനന്ദനം അറിയച്ചത്. ഒന്നിച്ചുള്ള ചിത്രവും റഹിം പങ്കുവച്ചു. 

റഹിമിന്റെ കുറിപ്പ് 

ഈ പുറകിൽ കാണുന്ന അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നാണ് ഇത്തവണത്തെ മികച്ച ബാലതാരം വെള്ളിത്തിരയിൽ വരുന്നത്.
പേര് നിരഞ്ജൻ.പ്ലസ്‌ടു വിദ്യാർത്ഥി.
അച്ഛൻ സുമേഷ്.കൂലിപ്പണിക്കാരൻ.
ബിരുദ വിദ്യാർത്ഥിയായ സഹോദരിയും  
അമ്മ സുജയും ഉൾപ്പെടെ,ഇവർ മൂന്നുപേരും 
ജീവിതം തള്ളി നീക്കുന്ന ഈ കൊച്ചു കുടിലിലേക്കാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് വന്നുകയറിയത്.
അച്ഛൻ നന്നായി പാടും,
നിരഞ്ജൻ പാടും,അഭിനയിക്കും,ഫുട്ബോൾ കളിക്കും.
വളരെ യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് നിരഞ്ജൻ എത്തുന്നത്.ഇത് പറയുമ്പോൾ മറ്റു രണ്ട്‌ പേരുകൾ ഇവിടെ പരാമർശിക്കേണ്ടി വരും.
റെജു ശിവദാസ്,സാപ്പിയൻസ്.
ആദ്യത്തേത് ഒരാളുടെ പേരാണ്.
രണ്ടാമത്തേത്,
അദ്ദേഹം നേതൃത്വം കൊടുക്കുന്ന 
ഒരു കൂട്ടായ്മയുടെയും.
റെജു ശിവദാസ് എന്ന നാടക പ്രവർത്തകനാണ് നിരഞ്ജനെ കണ്ടെത്തിയത്. അവൻ വളർന്നത് സാപ്പിയൻസ് ഒരുക്കിയ ചെറിയ ചെറിയ അവസരങ്ങളിലൂടെയും. ഒരു ഗ്രാമത്തിന്റെ നന്മ നിലനിർത്താൻ നാടകവും കൂട്ടായ്മകളും വായനയും പ്രോത്സാഹിപ്പിക്കുന്ന സാപ്പിയൻസ് എന്ന സാംസ്‌കാരിക സംഘടനയാണ് നിരഞ്ജനെ ഈ കുടിലിൽ നിന്നും സിനിമയുടെ അത്ഭുത ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയത്.
നിരഞ്ജനെ കാണാൻ ഇന്ന് പോയിരുന്നു.
അച്ഛൻ,തന്റെ നനഞ്ഞ കണ്ണുകൾ 
ഞങ്ങളിൽ നിന്നും മറയ്ക്കാൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു.
ചിലപ്പോളൊക്കെ അദ്ദേഹം അതിൽ പരാജയപ്പെട്ടു.
കണ്ണു നനഞ്ഞു,തൊണ്ട ഇടറാതിരിക്കാൻ വാക്കുകൾ 
അദ്ദേഹം മറച്ചു പിടിച്ചു.
സന്തോഷം കൊണ്ട് മാത്രമാണ് ആ കണ്ണുകൾ നനയുന്നത് എന്ന് ഞാൻ കരുതുന്നില്ല.
തന്റെ പരാധീനതകൾ,നൊമ്പരങ്ങൾ,
മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടും പറ്റാതെ പോയി.
തികച്ചും സാധാരണക്കാരനായ,നന്മ മാത്രം സമ്പാദ്യമായുള്ള 
ഒരു നല്ല മനുഷ്യൻ.
ശ്യാമ പ്രസാദ് സംവിധാനം ചെയ്ത 
കാസിമിന്റെ കടലിലെ ബിലാൽ എന്ന കഥാപാത്രത്തിന്റെ അഭിനയത്തികവിനാണ് നിരഞ്ജന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്.
എനിക്കുറപ്പാണ്,
നിരഞ്ജൻ ഇനിയും പടവുകൾ കയറും.കാരണം,പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലാണ് ഈ കുട്ടി ജനിച്ചതും ജീവിക്കുന്നതും വളരുന്നതും.
അവൻ ഉയരങ്ങൾ കീഴടക്കും.ഉറപ്പ്.
അപ്പോൾ അച്ഛന്റെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർ തുള്ളികൾ മാത്രം നിറയും.പരാധീനതകൾ മായും.
അച്ഛന്,അമ്മയ്ക്ക്,പെങ്ങൾക്ക്,
റെജു ശിവദാസിന്,സാപ്പിയൻസിന് 
ഒക്കെയുള്ളതാണ് ഈ പുരസ്‌കാരം.
ഹൃദയപൂർവ്വം ഈ പ്രതിഭയെ നമുക്ക് 
ചേർത്തു പിടിയ്ക്കാം 
ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി 
കെ പി പ്രമോഷ്,കിളിമാനൂർ ബ്ലോക്ക് സെക്രട്ടറി ജിനേഷ്,പ്രസിഡന്റു നിയാസ്,ട്രഷറർ രെജിത്ത്,നാവായിക്കുളം മേഖലാ സെക്രട്ടറി അജീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com