'എന്താണ് ഈ സ്‌നേഹത്തിനു പകരം തരിക?' കൂടെ നിൽക്കേണ്ടവർ കൈയൊഴിഞ്ഞപ്പോൾ കൂടപ്പിറപ്പിനെ പോലെ മഞ്ജു വാര്യർ; കുറിപ്പ് 

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തല ഉയർത്തിനിന്ന് പോരാടാൻ ധൈര്യം തന്നത് മഞ്ജുവാണെന്നും സിൻസി
'എന്താണ് ഈ സ്‌നേഹത്തിനു പകരം തരിക?' കൂടെ നിൽക്കേണ്ടവർ കൈയൊഴിഞ്ഞപ്പോൾ കൂടപ്പിറപ്പിനെ പോലെ മഞ്ജു വാര്യർ; കുറിപ്പ് 
Updated on
2 min read

ലയാളികളുടെ പ്രിയനടി  മഞ്ജു വാരിയരെക്കുറിച്ച് വനിതാ സംരംഭകയായ സിൻസി അനിൽ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തല ഉയർത്തിനിന്ന് പോരാടാൻ ധൈര്യം തന്നത് മഞ്ജുവാണെന്നും ഒരു സ്ത്രീയ്ക്കും സംഭവിക്കാൻ പാടില്ലാത്ത ദുരനുഭവം ഉണ്ടായപ്പോൾ കൂടപ്പിറപ്പിനെ പോലെ താരം ഒപ്പം നിന്നെന്നും സിൻസി പറയുന്നു. മഞ്ജു വാര്യരുമായുള്ള സൗഹൃദത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് കുറിപ്പിൽ. 

സിൻസി അനിലിന്റെ കുറിപ്പ് 

പഴയ കുറച്ചു മെയിലുകൾ തിരയുകയിരുന്നു... നിധി പോലെ സൂക്ഷിക്കേണ്ട ചില എഴുത്തുകൾ..ചില ചേർത്തു പിടിക്കലുകൾ. ..പഴയ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്ക് ഞാൻ എത്തിയതിൽ ഒരു സ്ത്രീയുടെ നിശബ്ദ സാമീപ്യം ഉണ്ടായിരുന്നു.... അതെ..അത് മഞ്ജു വാര്യർ തന്നെ...

ഒരിക്കൽ ഒരു റെസ്റ്റോറന്റിൽ വച്ചു തികച്ചും അവിചാരിതമായി ആണ് ഞാൻ അവരെ പരിചയപെടുന്നത്...അന്ന് ഞാൻ ഉണ്ടാക്കിയ ചോക്ലേറ്റ് സമ്മാനിച്ചപ്പോൾ അതിന്റെ ബോക്‌സിന്റെ പുറകിൽ ഉണ്ടായിരുന്ന മെയിൽ ഐഡി എടുത്തു എന്റെ ചോക്ലേറ്റ് നെ കുറിച്ചും തമ്മിൽ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും സന്തോഷത്തോടെ അവർ എനിക്ക് ഒരു മെയിൽ അയച്ചു....തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദേശം...

ഞെട്ടിത്തരിച്ചു പോയി ഞാൻ അപ്പോൾ....അന്നായിരുന്നു ഊഷ്മളമായ ആ സുഹൃത്ത് ബന്ധത്തിന്റെ തുടക്കം...ഞാൻ എന്നും അഭിമാനിക്കുന്ന സന്തോഷിക്കുന്ന സുഹൃത്ത് ബന്ധം...

പിന്നീട് ഒരു സ്ത്രീയും ജീവിതത്തിൽ സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ..... ഒരു ഞരമ്പ് രോഗിയുടെ വൈകൃത മനോനിലയിൽ മോർഫിങ് ലൂടെ ഞാൻ അപമാനിക്കപ്പെട്ടപ്പോൾ.... കൂടെ നിൽക്കേണ്ടവർ പോലും കൈയൊഴിഞ്ഞപ്പോൾ..... നിയമസഹായം വേണ്ട വിധത്തിൽ കിട്ടാതെ വന്നപ്പോൾ...കൂടെപ്പിറപ്പിനെ പോലെ... കൂടെ നിന്ന അവരെ സ്‌നേഹിക്കുക അല്ലെങ്കിൽ ആരാധിക്കുക അല്ലാതെ എന്താണ് ചെയ്യുക...?

തല ഉയർത്തി നിന്ന് നെറികേടുകൾക്ക് എതിരെ യുദ്ധം ചെയ്യാൻ അവര് തന്ന ഊർജം ചെറുതൊന്നുമല്ല...നുണകഥകൾ ചേർത്ത് വച്ചൊരു ചില്ലു കൊട്ടാരത്തിൽ അടച്ചിട്ടും മൗനം കൊണ്ട് അതിനെ ഭേധിച്ച് ... ആരെയും ഒന്നിനെയും വേദനിപ്പിക്കാതെ... പഴിക്കാതെ... തന്റെ കഴിവുകൾ കൊണ്ട് മാത്രം വിജയങ്ങളുടെ പടി ചവിട്ടി കയറി വരുന്ന ഒരു പെണ്ണിന്റെ വാക്കുകൾക്കു കത്തിയേക്കാൾ മൂർച്ചയാണ്..മറ്റാരുടെ വാക്കുകൾക്കാണ് ഇത്രയും ശക്തി പകർന്നു തരാൻ കഴിയുന്നത്?..

പ്രളയകാലത്താണ് ഞങ്ങൾ ഒരുമിച്ചു അധിക സമയം ഉണ്ടായിരുന്നത്... മഞ്ജു വാര്യർ ഫൗണ്ടേഷൻ പ്രളയബാധിതരെ സഹായിക്കാൻ ആയിട്ട് ഒരു കളക്ഷൻ സെന്റർ തുറക്കുകയും അതിന്റെ ഉത്തരവാദിത്തങ്ങൾ പലതും എന്നെ വിശ്വസിച്ചു ഏല്പിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു...അത്രയുമൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...

ഓരോ നൃത്തപരിപാടി കാണാൻ കൊണ്ടു പോകുമ്പോഴും കണ്ണെടുക്കാതെ സ്റ്റേജ് ലേക്ക് അഭിമാനത്തോടെ നോക്കിയിരിക്കും..

സിനിമയിലെ കലാകാരിയെക്കാൾ പതിന്മടങ്ങു കലാകാരി ആണ് അവർ നൃത്തവേദികളിൽ എന്ന് തോന്നിയിട്ടുണ്ട്...തോന്നൽ അല്ല അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാർഥ്യമാണത്...

കൂടെ ചേർത്ത് നിർത്തിയപ്പോൾ എത്ര മഹത്തായ കാര്യങ്ങൾക്ക് എന്റെ കണ്ണുകൾ സാക്ഷി ആയി... എത്ര കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം... എത്ര രോഗികൾക്ക് ചികിത്സസഹായം...എത്ര പേർക്ക് വീട്...എണ്ണാൻ കഴിയുന്നതിനു അപ്പുറം..

വിവരിക്കാൻ പറ്റാത്തതിന് അപ്പുറമാണ്... അവരുടെ വ്യക്തിത്വം.. അവരുടെ സത്യസന്ധത.. അവരുടെ നിഷ്‌കളങ്കത....അതിലുപരി അവരുടെ ആത്മവിശ്വാസം..വീണ്ടും വീണ്ടും ഇതൊക്കെ പറയാൻ തോന്നുകയാണ്... പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല...ഈ വാക്കുകൾ അല്ലാതെ എന്താണ് ഞാൻ ഈ സ്‌നേഹത്തിനു പകരം തരിക?

ഈ ജീവിതയാത്രയിൽ കൂടെ കൂട്ടിയതിന് .... വിശ്വസിച്ചതിന്.... സ്‌നേഹിച്ചതിന്..... ആലിംഗങ്ങനങ്ങൾക്ക്...സ്‌നേഹചുംബനങ്ങൾക്ക്...യാത്ര പറച്ചിലുകൾക്ക്...തമാശകൾക്ക്...പിണക്കങ്ങൾക്ക്...ആശ്വസിപ്പിക്കലുകൾക്ക്...തമ്മിൽ പങ്കുവച്ച നല്ല നിമിഷങ്ങൾക്കു....എല്ലാം തിരികെ തരാൻ പറഞ്ഞു പഴകിയൊരു വാക്ക് മാത്രമേ ഉള്ളു.....

നന്ദി....നന്ദി.... നന്ദി..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com