

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് എസ്തർ അനിൽ. ലണ്ടനിലെ ഉപരിപഠനത്തിനായി സിനിമയിൽ നിന്ന് എസ്തർ ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ ലണ്ടനിലെ തന്റെ ഉപരിപഠനം പൂർത്തിയാക്കിയെന്ന് പറയുകയാണ് എസ്തർ. ഇൻസ്റ്റഗ്രാമിൽ ആസ്ക് എന്ന സെഷനിൽ ആരാധകരുമായി സംവദിക്കുകയായിരുന്നു നടി.
ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് പൂർത്തിയായതായും അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റിൽ സമർപ്പിച്ചതായും താരം വ്യക്തമാക്കി. പഠനശേഷം നാട്ടിലെത്തിയെങ്കിലും ജോലിയിൽ സജീവമാണെന്നും എസ്തർ പറഞ്ഞു. ലണ്ടനിലുള്ള ക്ലയന്റ്സിനു വേണ്ടി ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നുണ്ടെന്നും, അത് നാട്ടിലിരുന്ന് ചെയ്ത് അയച്ചു കൊടുത്താൽ മതിയെന്നും താരം വ്യക്തമാക്കി.
ലോകോത്തര നിലവാരമുള്ള ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഡെവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു നടി. ഈ കോഴ്സിന് പ്രവേശനം നേടിയതിനെ പലരും പരിഹസിച്ചിരുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാണ് താരം ആ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. നിലവിൽ ദൃശ്യം 3 യുടെ ഷൂട്ടിങ് തിരക്കിലാണ് എസ്തർ.
‘‘ഞാൻ യുകെയിൽ ചെയ്തുകൊണ്ടിരുന്ന ബിരുദാനന്തര ബിരുദത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. യുകെയിൽ കൂടുതലും ഉള്ളത് ഒരു വർഷത്തെ മാസ്റ്റേഴ്സ് ആണ്, അത് കഴിഞ്ഞു. അതിന്റെ പ്രോജക്റ്റ് ഓഗസ്റ്റിൽ സമർപ്പിച്ചു കഴിഞ്ഞു. എഴുതിയ പരീക്ഷ എല്ലാം പാസായി, ഇനി ഡിസേർട്ടേഷന്റെ റിസൾട്ട് കൂടിയേ ഉള്ളൂ.
ഡിസംബറിൽ കോൺവൊക്കേഷൻ ഉണ്ടാകുമെന്നു കരുതുന്നു. അതിനു വേണ്ടി ലണ്ടനിലേക്ക് പോകേണ്ടി വരും. അത് കഴിഞ്ഞാൽ പിന്നീട് ലണ്ടനിലേക്ക് തിരിച്ചു പോകാൻ പ്ലാൻ ഒന്നുമില്ല. ഞാൻ ഫ്രീലാൻസ് ആയി വർക്ക് ചെയ്യുന്നുണ്ട്. ലണ്ടനിലുള്ള ക്ലയന്റ്സ് ആണ്, അത് നാട്ടിലിരുന്നു ചെയ്ത് അയച്ചുകൊടുത്താൽ മതി.
ഇതാണ് എന്റെ പഠനത്തെപ്പറ്റിയുള്ള പുതിയ അപ്ഡേറ്റ്"- എസ്തർ പറഞ്ഞു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം ലണ്ടനിലേക്ക് പോയത്. ദൃശ്യത്തിന് പുറമേ ഓള് എന്ന ചിത്രത്തിലെ എസ്തറിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates