ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ജൂലൈ 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ആമസോൺ പ്രൈം തന്നെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.
കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റിയത്. 2021 മെയ് 13ന് തിയറ്റർ റിലീസ് തീരുമാനിച്ചിരിക്കുകയായിരുന്നു. രണ്ടാം തരംഗത്തോടെ സിനിമ മേഖലയിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് നിർമാതാവ് ആന്റോ ജോസഫ് റിലീസ് ഒടിടിയിലേക്ക് മാറ്റിയത്. 27 കോടിയോളമാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. പീരിയഡ് ഗണത്തിൽപെടുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് സിനിമയിൽ എത്തുന്നത്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.
ചിത്രത്തിനായി ഗംഭീരമായ മേക്കോവറാണ് ഫഹദ് നടത്തിയത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates