'ഇനാരിറ്റു സിനിമ വേണ്ടെന്ന് വച്ചത് ഒറ്റ കാരണം കൊണ്ട്; ഇല്ലേല്‍ ഞാന്‍ ഓടിയേനെ'; വെളിപ്പെടുത്തി ഫഹദ് ഫാസില്‍
ഓസ്‌കാര്‍ ജേതാവായ, ലോക സിനിമയിലെ ഏറ്റവും പ്രതിഭാധരനായ സംവിധായകരില്‍ ഒരാളുമായ അലസാന്ദ്രോ ഇനാരിറ്റുവിന്റെ സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് ഫഹദ് ഫാസില്‍. എന്നാല്‍ അത് ഒഴിവാക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. അതിന് പിന്നിലെ കാരണവും ഫഹദ് വ്യക്തമാക്കുന്നുണ്ട്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ തുറന്ന് പറച്ചില്‍.
'അദ്ദേഹവുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ സംസാരത്തിലെ ആക്‌സെന്റായിരുന്നു പറ്റാതിരുന്നത്. അത് ശരിയാക്കാന്‍ മൂന്ന് നാല് മാസത്തോളം അമേരിക്കയില്‍ താമസിക്കണം എന്ന് പറഞ്ഞു. പ്രതിഫലവും ആ സമയത്തിനുണ്ടാകില്ല. അതുകൊണ്ടാണ് ആ അവസരം വേണ്ടെന്ന് വച്ചത്. അല്ലെങ്കില്‍ ഓടിയേനെ. ആക്‌സെന്റിന് വേണ്ടി മാത്രം അത്രയും പോയി മെനക്കെടാന്‍ മാത്രമുള്ള ഫയര്‍ എനിക്ക് തോന്നിയില്ല'' എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്'' എന്നാണ് ഫഹദ് പറയുന്നത്.
ലോക പ്രശസ്തമായ ബേര്‍ഡ്മാന്‍, ദ റെവനന്റ്, അമോര്‍സ് പെറോസ്, ബാബേല്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഇനാരിറ്റു. മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ രണ്ട് തവണ നേടിയിട്ടുണ്ട് അദ്ദേഹം. ലിയനാര്‍ഡോ ഡികാപ്രിയോയ്ക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത ദ റെവനന്റും അദ്ദേഹത്തിന്റെ സിനിമയാണ്. രണ്ട് തവണ മികച്ച സംവിധായകനും രണ്ട് തവണ മികച്ച സിനിമയ്ക്കുമുള്ള ഓസ്‌കാര്‍ നേടിയിട്ടുണ്ട് ഇനാരിറ്റു.
അതേസമയം കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നെങ്കില്‍ അത് കേരളത്തിലും മലയാളത്തിലും തന്നെയായിരിക്കണമെന്നാണ് ആഗ്രഹമെന്നും ഫഹദ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
''എന്റെ ജീവിതത്തില്‍ എല്ലാ മാജിക്കും സംഭവിച്ചിരിക്കുന്നത് ഇവിടെയാണ്. ഇനി എന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍ അതും ഇവിടെ വച്ച് തന്നെ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം. അല്ലാതെ ആ മാറ്റത്തിനോ മാജിക്കിനോ വേണ്ടി കേരളത്തിന് പുറത്തേക്ക് പോകണം എന്ന് എനിക്കില്ല'' എന്നാണ് ഫഹദ് പറയുന്നത്.
Fahadh Faasil says he lost oscar winning Alejandro G Iñárritu movie because of his accent.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

