

കരിയറില്‍ മോശം സമയത്തിലൂടെയാണ് തെലുങ്ക് സൂപ്പര്‍ താരം രവി തേജ കടന്നു പോകുന്നത്. മാസ് മഹാരാജ എന്ന് ആരാധകര്‍ വിളിക്കുന്ന രവി തേജയുടെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടിട്ട് നാളുകളായി. ഒരുകാലത്ത് മാസ് ആക്ഷന്‍ സിനിമകളിലൂടെ കേരളത്തിലടക്കം ആരാധകരെ നേടിയ നടനാണ് രവി തേജ. എന്നാല്‍ ഇന്ന് തന്റെ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ് മാസ് മഹാരാജ.
രവി തേജയുടെ തുടര്‍ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ തിരക്കഥകളുടെ തെരഞ്ഞെടുപ്പാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രവി തേജയ്ക്ക് ആരാധകനെരഴുതിയൊരു തുറന്ന കത്ത് വൈറലായി മാറുകയാണ്. തന്നേക്കാള്‍ ചെറുപ്പമായ നടിമാരുടെ പിന്നാലെ നടക്കുന്ന വേഷങ്ങള്‍ ഉപേക്ഷിച്ച് മമ്മൂട്ടിയെ പോലുള്ളവരെ കണ്ടുപഠിക്കാനാണ് ആരാധകന്‍ രവി തേജയോട് പറയുന്നത്.
കടുത്ത ആരാധകരല്ലാത്ത, ന്യൂട്രല്‍ പ്രേക്ഷകരുടെ പിന്തുണ താങ്കള്‍ക്ക് നഷ്ടമായിരിക്കുന്നു. സിനിമയില്‍ നിന്നും ഒരുപാട് സമ്പാദിച്ചില്ലേ, ഇനിയെങ്കിലും സിനിമ എന്ന മാധ്യമത്തെ ബഹുമാനിക്കൂവെന്നാണ് ആരാധകന്‍ രവി തേജയോട് പറയുന്നത്. താങ്കള്‍ ചെയ്യുന്നത് വളരെ മോശം സിനിമകളാണെന്ന് തുറന്നു പറയട്ടെ. ഈ സിനിമകളൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യാന്‍ സമ്മതിച്ചതെന്ന് മനസിലാകുന്നില്ലെന്നും ആരാധകന്‍ പറയുന്നു.
അതേസമയം രവി തേജയുടെ സിനിമകളിലെ നായികമാരെ തെരഞ്ഞെടുക്കുന്നതിനേയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഇപ്പോഴത്തെ നായികമാരുമായി നിങ്ങള്‍ക്ക് കെമിസ്ട്രി വര്‍ക്കാകുന്നില്ലെന്നാണ് ആരാധകന്‍ പറയുന്നത്. എന്നാല്‍ രവി തേജയോട് നിങ്ങള്‍ എന്ത് തരം കഥാപാത്രം ചെയ്താലും ഞങ്ങള്‍ക്ക് കുഴപ്പമില്ല, കാതലില്‍ മമ്മൂട്ടി ചെയ്തത് പോലെ ഗേ കഥാപാത്രമായാലും കുഴപ്പമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
വിന്റേജ് രവി തേജയെ എല്ലാ സിനിമകളിലും ആവര്‍ത്തിക്കുന്നതിന് പകരം പുതിയ രവി തേജയെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കത്തില്‍ പറയുന്നു. നല്ല സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം. നല്ല തിരക്കഥകള്‍ തിരഞ്ഞെടുക്കണം. തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി വായിച്ച് പുതിയത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കണമെന്നും ആരാധകന്‍ പറയുന്നു. ഈയ്യടുത്തിറങ്ങിയ് മാസ് ജാതര പോലുള്ള സിനിമകള്‍ ഒഴിവാക്കണമെന്നും പ്രായത്തിന് അനുസരിച്ചുള്ള സിനിമകള്‍ തെരഞ്ഞെടുക്കണമെന്നും ആരാധകന്‍ പറയുന്നു.
തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി ഡാന്‍സ് ചെയ്യുന്നത് ഇനിയെങ്കിലും ഒഴിവാക്കണം. നായികമാരുടെ തെരഞ്ഞെടുപ്പില്‍ തെലുങ്ക് സിനിമയെ മൊത്തമായി ട്രോളുന്നുണ്ടെങ്കിലും കൂടുതല്‍ ട്രോളും രവി തേജയ്ക്കാണെന്നും കത്തില്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates