'അനിയാ.. നില്‍'; ജന നായകന് ടിക്കറ്റെടുത്തവര്‍ ക്യാന്‍സല്‍ ചെയ്യാന്‍ വരട്ടെ; പകരം ചെയ്യേണ്ടത് ഇത്ര മാത്രം!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജന നായകന്‍. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ വിജയ് അഭിനയിക്കുന്ന അവസാന സിനിമ എന്ന നിലയില്‍ ജന നായകന്‍ ആരാധകര്‍ക്ക് മറ്റേത് സിനിമയേക്കാളും പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ദളപതി അവസാനമായി സ്‌ക്രീനില്‍ കാണാന്‍ എന്ത് വില കൊടുത്തും അവരെത്തും. ജനുവരി 9 ന് ജന നായകന്‍ വരുന്നതിനായി അവര്‍ കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ജന നായകന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജന നായകന്റെ റിലീസ് നീട്ടിവച്ചത്. റിലീസ് തിയ്യതി ഉടനെ അറിയിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ വലിയ തിരക്കാണ് ബുക്കിങില്‍ അനുഭവപ്പെട്ടത്.
സിനിമയുടെ റിലീസ് നീട്ടിവച്ചതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരും നിരാശയിലാണ്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണ് പലരും. എന്നാല്‍ അങ്ങനെ ചെയ്യേണ്ടതില്ല. ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ കിട്ടില്ല. എന്നാല്‍ തിയേറ്ററുകള്‍ തന്നെ ഷോ ക്യാന്‍സല്‍ ആക്കുകയും, ബുക്കിങ് ചാര്‍ജ് മുഴുവനും റീഫണ്ട് ചെയ്യുകയും ചെയ്തു. ബുക്ക് മൈ ഷോയില്‍ ബുക്ക് ചെയ്തവര്‍ ഒന്നും ചെയ്യേണ്ടതില്ലെന്ന് സാരം. നേരിട്ട് തിയേറ്റര്‍ കൗണ്ടര്‍ വഴി ബുക്ക് ചെയ്തവര്‍ തിയേറ്ററില്‍ ചെന്നാല്‍ അവിടെ നിന്നു തന്നെ മുഴുവന്‍ തുകയും ലഭിക്കും. റിലീസ് മാറ്റി വച്ച സാഹചര്യത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി വെച്ചു. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകനില്‍ മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
Jana Nayagan release postponed; But fans do not have to cancel their tickets online. They can get the full amount back in another way.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

