

നടന്‍ കുഞ്ചാക്കോ ബോബന്റെ പിതാവും സംവിധായകനുമായ ബോബന്‍ കുഞ്ചാക്കോ ബോബന്‍ നടി ശാലിനിയുടെ പിതാവ് ബാബുവിന്റെ കരണത്ത് അടിച്ചതിനെക്കുറിച്ചുള്ള ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ബാബു പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ശാലിനിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍.
ശാലിനി ബാലതാരമായി അഭിനയിച്ച ആഴി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായതെന്നാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്. ബേബി ശാലിനി സെറ്റിലെത്താതെ വന്നതോടെ രണ്ട് ദിവസം ഷൂട്ടിങ് മുടങ്ങി. ഇതില്‍ കുപിതനായാണ് ബോബന്‍ കുഞ്ചാക്കോ ബാബുവിന്റെ കരണത്തടിച്ചതെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ആരോപണം പൂര്‍ണമായും തള്ളിക്കളയുകയാണ് ബാബു.
ആലപ്പി അഷ്‌റഫ് വര്‍ഷങ്ങളായി കുടുംബ സുഹൃത്താണ്. അതിനാല്‍ അദ്ദേഹം ഇങ്ങനെയൊരു വിഡിയോ ചെയ്തതിന്റെ ഉദ്ദേശം മനസിലാകുന്നില്ലെന്നാണ് ബാബു പറയുന്നത്. തന്നോട് വിളിച്ച് ചോദിക്കുക പോലും ചെയ്യാതെയാണ് അഷ്‌റഫ് വിഡിയോ ചെയ്തതെന്നും ബാബു പറയുന്നുണ്ട്. ''കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ എന്റെ കരണത്തടിച്ചു എന്നൊക്കെ അഷറഫ് പറയുന്നത് തീരെ അടിസ്ഥാനമില്ലാത്ത കാര്യമാണ്. എത്ര പ്രകോപനമുണ്ടായാലും അങ്ങനെയൊന്നും പ്രവര്‍ത്തിക്കുന്ന ആളല്ല ബോബന്‍.'' എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം അന്ന് സെറ്റിലുണ്ടായ സംഭവം എന്താണെന്നും അദ്ദേഹം പറയുന്നത്. പറഞ്ഞ ഡേറ്റിന് തങ്ങള്‍ക്ക് സെറ്റിലെത്താനായില്ല. മനഃപൂര്‍വം സംഭവിച്ചതല്ല. തൊട്ടുമുന്‍പ് അഭിനയിച്ചുകൊണ്ടിരുന്ന 'മിനിമോള്‍ വത്തിക്കാനില്‍' എന്ന പടത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഞങ്ങള്‍ വിദേശത്തായിരുന്നു. അതിന്റെ സെറ്റില്‍ കുറച്ച് ഡിലേ വന്നപ്പോള്‍ ഞങ്ങള്‍ ഒരു ദിവസം വൈകിയതാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം സംഭവങ്ങള്‍ സിനിമയില്‍ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബോബന്‍ ഞങ്ങളോട് കുറച്ച് ദേഷ്യപ്പെട്ട് സംസാരിച്ചു എന്നത് ശരിയാണ്. അതിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ശാന്തനാകുകയും ചെയ്തുവെന്നും ബാബു പറയുന്നു. കയ്യേറ്റം ചെയ്യാനുളള സാഹചര്യമോ ആ രീതിയില്‍ ഇടപെടുന്ന ബന്ധമോ അല്ല ഞങ്ങള്‍ക്കിടയിലുളളതെന്നും അദ്ദേഹം പറയുന്നു.
''ബോബന്റെ അടിയേറ്റ് ഞാന്‍ കായലില്‍ വീണു കൈകാലിട്ടടിച്ചു എന്ന് പറയുന്നത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. കാരണം നന്നായി നീന്തല്‍ അറിയുന്ന ഒരാളാണ് ഞാന്‍. ചെറുപ്പത്തില്‍ സ്വദേശമായ കൊല്ലത്തുളളപ്പോള്‍ പാലത്തില്‍ നിന്ന് നേരെ കായലിലേക്ക് എടുത്തു ചാടുമായിരുന്നു. കടലില്‍ പോലും നന്നായി നീന്തിക്കയറാന്‍ എനിക്ക് കഴിയും. അങ്ങനെയുളള ഒരാളെ സുഭാഷ് പാര്‍ക്കിനടുത്തുളള കായലില്‍ നിന്ന് യൂണിറ്റുകാര്‍ വന്ന് രക്ഷിച്ചു എന്നൊക്കെ പറയുന്നത് എത്ര വലിയ തമാശയാണ്.'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ആലപ്പി അഷ്‌റഫ് ആരോപണം ഉന്നയിച്ചത്. സുഭാഷ് പാര്‍ക്കില്‍ വച്ച് നടന്ന ഷൂട്ടിങിനിടെ വൈകി വന്ന ബാബുവിന്റെ കരണത്ത് ബോബന്‍ അടിച്ചുവെന്നും അദ്ദേഹം തെറിച്ച് കായലില്‍ വീണുവെന്നുമാണ് അഷ്‌റഫ് പറഞ്ഞത്. അച്ഛന്‍ വെള്ളത്തില്‍ വീണ് കൈ കാലിട്ട് അടിക്കുന്നത് കണ്ട് കുഞ്ഞ് ശാലിനി വാവിട്ട് കരഞ്ഞുവെന്നും ആലപ്പി അഷ്‌റഫ് വിഡിയോയില്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates