

ചൈനയിലെ പൂവിലിരുന്ന് ഒരു ചിത്രശലഭം ചിറകടിച്ചാല്‍, കരീബിയന്‍ തീരത്ത് കൊടുങ്കാറ്റ് വീശും എന്നാണ് ബട്ടര്‍ഫ്‌ളൈ എഫ്ക്ടിനെക്കുറിച്ച് പറയാറുള്ളത്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയെ ആകെ മാറ്റിമറിച്ചൊരു ബട്ടര്‍ഫ്‌ളൈ എഫെക്ട് ആയിരുന്നു സിനിമ പാരഡീസോ ക്ലബ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ രൂപീകരണം. 2011 ല്‍ ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്ന്, ദൈന്യംദിന ജീവിതത്തിലെ വിരസത മാറ്റാന്‍ സിനിമ പാരഡീസോ ക്ലബ് ഗ്രൂപ്പ് തുടങ്ങുമ്പോള്‍ രാകേഷ് റോസിന് മുന്നില്‍ സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒത്തു ചേരാനൊരു ഇടം എന്ന് മാത്രമേ ഉണ്ടായിരുന്നു. ആ ഇടം നോക്കി നില്‍ക്കെ വളര്‍ന്നു. മലയാള സിനിമയെ തന്നെ അടിമുടി മാറ്റാന്‍ തക്ക പ്രാപ്തി നേടി.
''മലയാളത്തില്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ സജീവമായി വരുന്ന കാലമാണത്. ബ്ലോഗുകളില്‍ നിന്നും ചിലരെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ക്ലാസിക് ഫോറിന്‍ സിനിമകള്‍ കാണുന്നത് ഇഷ്ടമായിരുന്നു. ഫോറസ്റ്റ് ഗമ്പും ഷൊഷാങ്ക് റിഡംപ്ഷനും കാണുന്നതോടെ ഇംഗ്ലീഷ് സിനിമകള്‍ കാണുന്ന രീതി മാറി. പിന്നീടാണ് സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. ഇറ്റാലിയന്‍ സിനിമ സിനിമ പാരഡീസോയില്‍ നിന്നുമാണ് പേര് കടമെടുത്തത്. അവസാനം ക്ലബ്ബ് കൂടെ ചേര്‍ത്തു. അങ്ങനെ 2011 മെയ് 28 ന് സിപിസി ആരംഭിച്ചു. നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരു സിനിമാഗ്രൂപ്പ് എന്നതിലുപരിയായി, ഒരു ഫ്രറ്റേണിറ്റിയുടെ സ്വഭാവമാണ് സിപിസിയ്ക്ക്'' എന്നാണ് സിപിസിയുടെ തുടക്കത്തെക്കുറിച്ച് രാകേഷ് റോസ് പറയുന്നത്.
സിപിസിയുടെ സിനിമാ കോഴ്‌സ് പൂര്‍ത്തിയാക്കി സിനിമയിലേക്ക് കടന്നു വന്ന നിരവധി സംവിധായകരും എഴുത്തുകാരുമുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങളും സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവുമെല്ലാം ഒരുക്കിയ ഗിരീഷ് എഡി സിപിസിയുടെ സജീവ അംഗമായിരുന്നു. സിപിസി വഴി ഗിരീഷിനെ അറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ഒട്ടും അത്ഭുതം തോന്നില്ല. അഞ്ചാം പാതിരയും ആട് പരമ്പരയുമൊക്കെ ഒരുക്കിയ, മലയാള സിനിമയിലെ നിലവിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാള്‍ കൂടിയായ, സംവിധായന്‍ മിഥുന്‍ മാനുവല്‍ തോമസ് സിപിസിയുടെ മറ്റൊരു മുഖമാണ്. സിപിസിയുടെ അവാര്‍ഡ് വേദികളില്‍ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്ന മിഥുനെ അംഗങ്ങള്‍ ഇന്നും മറന്നു കാണില്ല.
ജയ ജയ ജയ ജയഹേ ഒരുക്കിയ വിപിന്‍ ദാസും സിപിസി അലുമിനിയാണ്. വിപിന്‍ ദാസ് ഇന്ന് നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ്. പോയ വര്‍ഷത്തെ വലിയ വിജയമായ വാഴയുടെ എഴുത്തും നിര്‍മാണവും വിപിന്‍ ദാസ് ആയിരുന്നു. വാഴയുടെ രണ്ടാം ഭാഗം അണിയറയിലുണ്ട്. അമ്പിളിയിലെ ആരാധികയും, അതിരനിലെ പവിഴ മഴയും ഭീഷ്മപര്‍വ്വത്തിലെ പറുദീസയുമൊക്കെ എഴുതിയ ഗാന രചയിയാതാവായ വിനായക് ശശികുമാറും സിപിസി അംഗമാണ്. തുടരും, എമ്പുരാന്‍, തുടങ്ങിയ സിനിമകളും വിനായക് പാട്ടെഴുതിയിട്ടുണ്ട്. മൃദുല്‍ ജോര്‍ജ്, ശ്യാം ശീതള്‍, ജോണ്‍ മന്ത്രിക്കല്‍ തുടങ്ങിയവരും സിപിസിയുടെ പ്രതിനിധികളായി മലയാള സിനിമയിലുണ്ട്. സിപിസി വഴി വന്ന മറ്റൊരു സംവിധായകന്‍ ആണ് ബിലഹരി. സംവിധായകരെ മാത്രമല്ല, നിരവധി എഴുത്തുകാരേയും നടന്മാരേയും സിപിസി സമ്മാനിച്ചിട്ടുണ്ട്. നടനും തിരക്കഥാകൃത്തുമായ ജയ് വിഷ്ണുവിന്റെ എന്‍ട്രിയിലും സിപിസിയുടെ ശക്തമായ സാന്നിധ്യമുണ്ട്. തന്റെ സിനിമാക്കാഴ്ചകള്‍ക്ക് തെളിച്ചം നല്‍കിയത് സിപിസിയാണെന്നാണ് ജയ് വിഷ്ണു പറയുന്നത്.
''തുടക്കം മുതല്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. ലോക സിനിമയെ അറിയുന്നത് സിപിസി വഴിയാണ്. റിവ്യു വായിച്ച് പല സിനിമകളും കണ്ടുപിടിച്ച് കാണാന്‍ തുടങ്ങി. മലയാളികള്‍ക്കിടയില്‍ ഒരു സിനിമാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സിപിസിയ്ക്ക് സാധിച്ചിട്ടുണ്ട്. ഞാന്‍ ഇന്ന് സിനിമയില്‍ എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സിപിസിയില്‍ നിന്നുള്ള ലേണിംഗ് ആണ്'' എന്നാണ് ജയ് വിഷ്ണു പറയുന്നത്. മധുര മനോഹര മോഹം, ദ പെറ്റ് ഡിറ്റക്ടീവ് തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്താണ് ജയ് വിഷ്ണു. തന്നെ സിനിമ കാണാന്‍ പഠിപ്പിച്ചത് സിപിസി ആണെന്നാണ് ജയ് വിഷ്ണു പറയുന്നത്. ഗിരീഷുമായും ബിലഹരിയുമായും സജിനും വിനീത് ചാക്യാരുമായുമെല്ലാം സൗഹൃദമുണ്ടാകുന്നത് സിപിസിയിലൂടെയാണെന്നും ജയ് വിഷ്ണു പറയുന്നു. തന്റെ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ സിപിസിയിലെ റിവ്യുകള്‍ എങ്ങനെയായിരിക്കും എന്ന് നോക്കാറുണ്ടെന്ന് നടന്‍ ഷറഫുദ്ദീന്‍ പറഞ്ഞതായി ജയ് വിഷ്ണു ചൂണ്ടിക്കാണിക്കുന്നു.
സമാനമാണ് നടന്മാരായ ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, വിനീത് ചാക്യാര്‍ തുടങ്ങിയവരുടേയും കഥകള്‍. മിക്കവരും അഭിനയത്തിലും എഴുത്തിലുമൊക്കെയായി ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പുതിയ ടാലന്റുകളെ ഒരുക്കുന്നതില്‍ മാത്രമല്ല, സിപിസിയിലെ കുറിപ്പുകളും ചര്‍ച്ചകളുമൊക്കെ തങ്ങളുടെ സിനിമാ സങ്കല്‍പ്പങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പല പ്രമുഖരും തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. സംവിധായകന്‍ ദിലീഷ് പോത്തനും എഴുത്തുകാരന്‍ ശ്യാം പുഷ്‌കരനുമടക്കമുള്ളവര്‍ സിപിസിയുടെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
സിനിമകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് അപ്പുറത്തേക്കും സിപിസി വളര്‍ന്നു. സ്വതന്ത്ര്യമായി അവാര്‍ഡുകള്‍ നല്‍കാനും സിനിമയൊരുക്കാനും സിപിസിയ്ക്ക് സാധിച്ചിട്ടുണ്ട്. ''കണ്ണാടി കഥ എന്നൊരു സിനിമ ഞങ്ങള്‍ നിര്‍മിച്ചിരുന്നു. ഗ്രൂപ്പിലെ അംഗമായ ബിലഹരിയാണ് സംവിധാനം ചെയ്തത്. അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ഗ്രൂപ്പില്‍ നിന്നു തന്നെ. അദ്ദേഹം പിന്നീട് നിരവധി സിനിമകള്‍ ചെയ്ത സംവിധായകനായി മാറി'' രാകേഷ് റോസ് പറയുന്നു.
''ഞങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമാനത്തോടെ ഓര്‍ക്കുന്നത് സംവിധായകന്‍ കെജി ജോര്‍ജിനെ ആദരിക്കാന്‍ സാധിച്ചുവെന്നതാണ്. 2018 ലാണെന്ന് തോന്നുന്നു. സിബി മലയില്‍, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ സാന്നിധ്യമറിയിച്ചിരുന്നു. പുതിയ തലമുറയ്ക്ക് ഇവിടെ ഇങ്ങനൊരു ഇതിഹാസമുണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'' എന്നും രാകേഷ് റോസ് പറയുന്നു.
''ക്രൗഡ് ഫണ്ടിംഗിലൂടെ 2016ല്‍ അവാര്‍ഡ് നല്‍കി. പതിവ് അവാര്‍ഡ് ദാന രീതികളെ ചോദ്യം ചെയ്യുന്നതായിരുന്നു അത്. വിനായകനായിരുന്നു മികച്ച നടന്‍. അദ്ദേഹം അത് അര്‍ഹിച്ചിരുന്നു, പ്രേക്ഷകരും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ അത് സ്വാധീനിച്ചതായി അന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്ന സംവിധായകന്‍ കമല്‍ പറഞ്ഞിട്ടുണ്ട്'' എന്നും അദ്ദേഹം പറയുന്നു. ഒരിടവേളയ്ക്ക് ശേഷം അവാര്‍ഡുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് സിപിസി നിലവില്‍.
മലയാളിയെ എങ്ങനെ സിനിമ കാണണം എന്ന് പഠിപ്പിക്കുകയായിരുന്നു, തങ്ങള്‍ പോലുമറിയാതെ സിപിസി. കാലം മാറി. ഫെയ്‌സ്ബുക്കും എഴുത്തുമൊക്കെ ഇന്‍സ്റ്റഗ്രാമിനും റീലിലും വഴി മാറി കൊടുക്കുകയാണ്. ആ ഗതിമാറ്റം സിപിസിയേയും ബാധിച്ചിട്ടുണ്ട്. എങ്കിലും, സ്‌ക്രീനില്‍ മാത്രമല്ല സിനിമയ്ക്ക് മാജിക്ക് കാണിക്കാന്‍ സാധിക്കുന്നത് എന്ന് സിപിസി എന്നും ഓര്‍മ്മപ്പെടുത്തുന്നു.
Cinema Paradiso Club (cpc), a facebook group brought significant changes in malayalam cinema. also it gave some remarkable film makers, writers and actors.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
