

കൊച്ചി: സിനിമ, മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു. പിന്നാലെയാണ് മരണം. പ്രകമ്പനമെന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അകാല വിയോഗം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രഥാമിക വിവരം.
ഇന്ന് അദ്ദേഹത്തിന്റെ അവസാന ഷെഡ്യൂളായിരുന്നു. ഷൂട്ടിങ് അവസാനിച്ചതിനാൽ റൂം ചെക്ക് ഔട്ട് ചെയ്തു പോകേണ്ട സമയമായിട്ടും കാണാത്തതിനാൽ റൂം ബോയ് അന്വേഷിച്ച് എത്തി മുറി തുറന്നു നോക്കിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിലാണ് നവാസിനെ കണ്ടത്. 40തിലേറെ സിനിമകളിൽ അഭിനയിച്ചു.
നാടകം, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്ര നടൻ, ഗായകൻ, ഹാസ്യ നടൻ, മിമിക്രി ആർട്ടിസ്റ്റ് എന്നി നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. മിമിക്സ് ആക്ഷൻ 500, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദമാമ, തില്ലാന തില്ലാന, വെട്ടം അടക്കം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്. മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പം നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. നടി രഹനയാണ് നവാസിന്റെ ഭാര്യ. അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധ സിനിമ നടനായിരുന്ന അബൂബക്കർ.
ഇടക്കാലത്ത് സിനിമയിൽ നിന്നു വിട്ടുനിന്നിരുന്നു. പിന്നീട് സമീപ കാലത്ത് വീണ്ടും സിനിമകളിൽ സജീവമായി. ഈയടുത്ത് റിലീസ് ചെയ്ത ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലൻ അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന വിയോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates