ചുമച്ചപ്പോൾ രക്തക്കറ, അഞ്ചാം നാൾ ആരോഗ്യം വഷളായി, വെന്റിലേറ്ററിൽ; മൂന്ന് ബെഡ് അകലെ സുഗതകുമാരി ടീച്ചർ; ഇത് രണ്ടാം ജന്മമെന്ന് സംവിധായകൻ 

വൈറസ് തന്റെ ശരീരത്തിൽ സംഹാര താണ്ഡവം ആടിതിന്റെ ഓർമകൾ വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്
സംവിധായകൻ എം എ നിഷാദ്/ ചിത്രം: ഫേസ്ബുക്ക്
സംവിധായകൻ എം എ നിഷാദ്/ ചിത്രം: ഫേസ്ബുക്ക്
Updated on
4 min read

കോവിഡ് ബാധയെ അതിജീവിച്ച ദിനങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എം എ നിഷാദ്. വൈറസ് ബാധിച്ച് അഞ്ചാം നാൾ മുതൽ ആരോ​ഗ്യം വഷളായിത്തുടങ്ങിയ നിഷാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈറസ് തന്റെ ശരീരത്തിൽ സംഹാര താണ്ഡവം ആടിതിന്റെ ഓർമകൾ വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. 

കോവിഡ് ഐസിയുവും, മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നതിന്റെയും അനുഭവം അദ്ദേഹം കുറിപ്പിൽ വിവരിച്ചു. ആശുപത്രിയിൽ മൂന്ന് ബെഡ് അകലെ കിടന്ന സുഗതകുമാരി ടീച്ചറിന്റെ അവസാന നിമിഷങ്ങൾ കൺമുന്നിൽ കണ്ടതിനെക്കുറിച്ചും നിഷാദ് കുറിക്കുന്നു. കോവിഡ് നാളിൽ ഒപ്പം നിന്നവരെയും കരുത്തുപകർന്നവരെയും ഓർമ്മിക്കുകയാണ് കുറിപ്പിലൂടെ അദ്ദേഹം. 

നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം

രണ്ടാം ജന്മം....
എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല...എവിടെ തുടങ്ങണമെന്നും...
പക്ഷെ, ജീവിതത്തിലെ,ഒരു നിർണ്ണായകഘട്ടം,അത് കടന്ന് വന്ന വഴി, നിങ്ങൾ സുഹൃത്തുക്കളെ അറിയിക്കണമെന്നുളളത് എന്റെ കടമയാണെന്ന്, ഞാൻ വിശ്വസിക്കുന്നു...
തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി, കൂടുതൽ സമയവും, ഞാൻ പുനലൂരിലായിരുന്നു...വിശ്രമമില്ലാത്ത നാളുകളിൽ എപ്പോഴോ കോവിഡ് എന്ന വില്ലൻ, എന്നെയും ആക്രമിച്ചു... മാധ്യമ സുഹൃത്തായ ന്യൂസ് 18 ലെ മനോജ് വൺമളയിൽ നിന്നാണ്, എനിക്കും രാജേഷ് ചാലിയക്കരക്കും, കോവിഡ് പിടിപെട്ടത്...
പുനലൂർ താലൂക്ക് ആശുപത്രിയിലെ, സൂപ്രണ്ട് ഡോ.ഷഹർഷാ, ഞങ്ങളോട് ഹോം ക്വാറന്റ്റൈനിൽ പോകാൻ നിർദ്ദേശിച്ചു...
അതനുസരിച്ച് എന്റ്റെ പുനലൂരിലെ വീട്ടിൽ,ഞങ്ങൾ ക്വാറന്റ്റൈനിൽ പ്രവേശിച്ചു..
സുഹൃത്തുക്കളും, പാർട്ടീ സഖാക്കളും, എല്ലാ വിധ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു..
ഏഴാം തിയതി,പോസിറ്റീവായ എനിക്ക് തുടക്കത്തിൽ വലിയ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ല...ഇടക്കിടക്ക് വരുന്ന പനി അലോസരപ്പെടുത്തിയിരുന്നു..
മൂന്ന് നാല് ദിവസത്തിനുള്ളിൽ മണവും രുചിയും,പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു...
എനിക്ക് അസുഖം വന്നാൽ,ലോകത്തിന്റ്റെ ഏത് കോണിൽ നിന്നാണെങ്കിലും, ഞാൻ വിളിക്കുന്നത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വന്തം ഡോക്ടറായ,പി കെ നസീറുദ്ദീനെയാണ്...എന്റെ  ഉമ്മയുടെ സഹോദരി ഭർത്താവായ അദ്ദേഹം,ഞങ്ങൾക്കെല്ലാവർക്കും എന്നും ഒരാശ്വാസമാണ്...
പ്രത്യേകിച്ച് എനിക്ക്..
അദ്ദേഹത്തിന്റ്റെ സ്വരം കേട്ടാൽ തന്നെ എന്റെ അസുഖം പകുതി മാറും...
അതൊരു വിശ്വാസമാണ്... അത്രക്ക് കൈപുണ്യമാണദ്ദേഹത്തിന്...
അദ്ദേഹം കുറിച്ച് തന്ന മരുന്നുകൾ, ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു...
അതോടൊപ്പം, പ്രിയ സുഹൃത്തും, ജ്യേഷ്ഠ സഹോദരനെപോലെ ഞാൻ 
സ്നേഹിക്കുന്ന ചെറിയാൻ കല്പകവാടിയും, എന്നും ഫോണിൽ വിളിച്ച് അന്വഷിച്ചുകൊണ്ടിരുന്നു...
മസ്ക്കറ്റിൽ നിന്നും അനുജൻ ഷാലു നാട്ടിൽ വന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം...
അവനോടും, എന്റ്റെ ഉമ്മയുടെ സഹോദരൻ അഡ്വ ഷാഫിയോടും, കസിൻ
നിയാസിനോടും,അടുത്ത സുഹൃത്തുക്കളായ, മൂവാറ്റുപുഴയിലെ മനോജ്, എബി മാമ്മൻ, ഗംഗ വിനോദ്
അരുൺ എസ്, നിമ്മി ആർ ദാസ് അങ്ങനെ കുറച്ച് പേരോട് മാത്രമേ വിവരമറിയിച്ചുളളൂ...
കോവിഡ് രോഗം ബാധിച്ചത്, ഒരു വ്യാപക പ്രചരണമായി മാറാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല...
കോവിഡ് ബാധിച്ച അഞ്ചാം നാൾ മുതൽ എന്റ്റെ ആരോഗ്യം വഷളായി തുടങ്ങി
വൈറസ്സ് എന്റെ ശരീരത്തിൽ അതിന്റെ സംഹാര താണ്ഡവം ആടി തുടങ്ങി...
അത് മനസ്സിലായത്, ചുമച്ചപ്പോൾ കണ്ട രക്ത കറകളിലാണ്...
ഉടൻ തന്നെ ഞാൻ ഡോ ഷഹർഷായെ വിളിച്ചു... അദ്ദേഹം ആമ്പുലൻസ് തയ്യാറാക്കി...
ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ വിവരം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ചു..എന്ത് 
സഹായത്തിനും കൂടെയുണ്ട് എന്ന കരുതൽ നിറഞ്ഞ ഉറപ്പും നൽകി...
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ, സെക്രട്ടറി പ്രഭാവർമ്മ സാർ നിർദ്ദേശിച്ചു..
പ്രഭാവർമ്മ സാർ, അങ്ങയോടുളള നന്ദി ഞാൻ എങ്ങനെ പ്രകടിപ്പിക്കും..
സ്വകാര്യ ആശുപത്രിയിൽ പോകാനിരുന്ന എന്നെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതി
എന്നുളളത് വർമ്മ സാറിന്റെ തീരുമാനമായിരുന്നൂ...
ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകമ്പിളളി സുരേന്ദ്രൻ വിവരം അറിഞ്ഞ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഷർമ്മിദിനെ ബന്ധപ്പെട്ടു...എനിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും നിർദ്ദേശിച്ചു...
ഡോ ഷർമ്മിദ് എന്റെ ബന്ധുവാണ്...അദ്ദേഹം എന്നെ അഡ്മിറ്റ് ചെയ്യാനുളള എല്ലാ
നടപടികളും ചെയ്തു... പുനലൂരിൽ നിന്നും, ഉണ്ണി എന്ന സഹോദരൻ,എന്നെയും കൊണ്ട് ആമ്പുലൻസുമായി തിരുവനന്തപുരത്തേക്ക്....
ജീവിതത്തിലാദ്യത്തെ ആമ്പുലൻസ് യാത്ര...
മെഡിക്കൽ കോളജിൽ അഡ്മിറ്റായ ശേഷവും, പനിയും, ക്ഷീണവും വിട്ടു മാറിയില്ല...
പതിനാറാം തിയതി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, ഒരുപാട് സന്തോഷം തോന്നി...
കേരളം ചുവപ്പണിഞ്ഞതിന്റെ സന്തോഷം.... പുനലൂർ നിലനിർത്തിയതിന്റെ സന്തോഷം....
പതിനാറിന് രാത്രിയിൽ എനിക്ക് ശ്വാസം മുട്ട് തുടങ്ങി... അന്ന് രാത്രി ഓക്സിജന്റെ സഹായത്തോടെയാണ് ഞാൻ 
ഉറങ്ങിയത്...
പിറ്റേന്ന് രാവിലെ സ്ക്കാനിംഗിന് വിധേയനായി.. ശ്വാസകോശത്തെ പതുക്കെ വൈറസ് ബാധിച്ചിരിക്കുന്നു...
ഓക്സിജൻ ലെവൽ താഴുന്നു.... ഉടൻ തന്നെ, തീവ്ര പരിചരണ വിഭാഗത്തിലേക്ക് ( I C U) എന്നെ മാറ്റാൻ തീരുമാനിച്ചു..
ഉമ്മയും വാപ്പയും അറിയണ്ട എന്നാണ് ഞാൻ ആഗ്രഹിച്ചത് അവർ വിഷമിക്കുമല്ലോ, ഓർമ്മകളുടെ താളം തെറ്റി,മറവിരോഗാവസ്ഥയിൽ കഴിയുന്ന വാപ്പ അറിയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു...
പക്ഷെ എന്റെ ഉമ്മ ഇതിനോടകം അറിഞ്ഞിരുന്നു.
ഉമ്മയോടും,എന്റെ ഭാര്യ ഫസീനയോടും ഒരുപാട് നേരം സംസാരിച്ചു...ഉമ്മ നൽകിയ ധൈര്യം ചെറുതല്ലായിരുന്നു...
ഐ സു വിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവായെന്ന ആശ്വാസകരമായ വാർത്ത കേൾക്കാൻ പറ്റിയത്, ചെറുതല്ലാത്ത സന്തോഷം നൽകിയെങ്കിലും.. എന്റെ ശരീരത്തിൽ നല്ല പ്രഹരം ഏൽപ്പിച്ചിട്ട് തന്നെയാണ് വൈറസ്സ് പോയത്....
ജീവിതത്തിൽ ഇന്നു വരെ ആശുപത്രി കിടക്കയിൽ കിടന്നിട്ടില്ലാത്ത ഞാൻ അങ്ങനെ ഐ സി യു വിലേക്ക്....
തിരുവനന്തപുരം മെഡിക്കൽ കോളജിലെ, ultra modern covid speciality I C U.. അവിടെയാണ് എന്നെ പ്രവേശിപ്പിച്ചത്....
മൂന്ന് ദിവസം വെന്റ്റിലേറ്ററിൽ..... പുറം ലോക വാർത്തകളും കാഴ്ച്ചകളും എനിക്കന്ന്യം....
ഞാൻ എനിക്ക് പരിചിതമല്ലാത്ത വേറൊരു ലോകം കണ്ടു....
ഒരു വല്ലാത്ത മരവിപ്പ്.... എന്റെ ഉറ്റവരേയും,ഉടയവരേയും ഓർത്ത്....ആ കിടക്കയിൽ ഞാൻ....
ദേഹം മുഴുവൻ ഉപകരണങ്ങൾ...
ഡോ അനിൽ സത്യ ദാസിന്റെയും,ഡോ അരവിന്ദന്റെയും നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘം രോഗികളെ ശുശ്രൂഷിക്കാൻ സജ്ജരായിരുന്നു...
ഒന്ന് ഞാൻ പറയാം,തിരുവനന്തപുരം മെഡിക്കൽ കോളജ് പോലെ ഇത്രയും,സജ്ജീകരണങ്ങളും വിദഗ്ധരും, മറ്റെവിടേയുമില്ല...
നിസ്വാർത്ഥ സേവനത്തിന്റെ മകുടോദാഹരണമാണ് അവിടം... എല്ലാ രോഗികളും അവിടെ സമന്മാരാണ്....
എല്ലാവരേയും,ഒരേ കരുതലിൽ ...വലുപ്പ ചെറുപ്പമില്ല.... വെന്റിലേറ്ററിലെ ആദ്യ ദിനങ്ങളിൽ, എന്റെ ശരീരത്ത്
സൂചികളുടെ പറുദീസയായിരുന്നു.... എന്നും രക്ത സാമ്പിളുകൾ എടുത്തുകൊണ്ടേയിരുന്നു...
മരുന്നും മറ്റും ട്രിപ്പിലൂടെ ഒഴുകി.... എന്റെ മുന്നിൽ കിടന്നിരുന്ന ഒരമ്മച്ചിയുടെ മരണം ഞാൻ കണ്ടു....
പിന്നെയും രണ്ട് മൂന്ന് മരണങ്ങൾ... മനസ്സ് വല്ലാണ്ട് അസ്വസ്തമായി....
അന്ന് മലയാളത്തിന്റ്റെ പ്രിയ സുഗതകുമാരി ടീച്ചറെ ഞാൻ കണ്ടു....എന്റെ മൂന്ന് ബെഡ്ഡ്
അകലെ.... ടീച്ചർ അവശയായിരുന്നു....
രണ്ട് നാൾ കഴിഞ്ഞ് ടീച്ചറുടെ ചേതനയറ്റ ശരീരം എന്റെ മുന്നിലൂടെ കടന്ന് പോകുന്നത്
തീരാത്ത വേദനയായി....
ഞാനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ടീച്ചർക്ക്...
പുനലൂർ തൂക്ക്പാല സമരത്തിൽ എന്റെ ക്ഷണം സ്വീകരിച്ച് ടീച്ചർ അന്നെത്തിയിരുന്നു... ടീച്ചർക്ക് യാത്രാ മോഴി....
ഡോ അനിൽ സത്യദാസിന്റെ നേതൃത്വത്തിൽ എന്റെ ആരോഗ്യ സ്ഥിതി മോണിറ്റർ ചെയ്തു കൊണ്ടേയിരുന്നു...
ദൈവത്തിന്റെ കരസ്പർശം ചിലർക്ക് അവകാശപ്പെട്ടതാണ്...
അതിൽ ചിലരാണ്, ഡോ ഷർമ്മിദും, ഡോ അനിൽ സത്യദാസും, ഡോ അരവിന്ദും,പിന്നെ എന്റെ കൊച്ചാപ്പ ഡോ നസീറുദ്ദിനുമൊക്കെ...
ഐ സു വിലെ അനുഭവം, ഒരെഴുത്തിൽ തീരില്ല.... അപ്രിയ സത്യങ്ങൾ എന്തിനെഴുതണം...
സ്വന്തം ജീവൻ പോലും വകവെക്കാതെ പ്രവർത്തിക്കുന്ന ഒരു വിഭാഗമുണ്ട്... നമ്മുടെ നഴ്സ് സഹോദരിമാരും,ആരോഗ്യ പ്രവർത്തകരും.... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി ആത്മാർത്ഥമായി ശ്രുശൂഷിക്കുന്ന അവർ ...
അവരെ നമ്മൾ മലാഖമാർ എന്ന് തന്നെ വിളിക്കണം.... അതെ അവർ ഭൂമിയിലെ മാലാഖമാർ തന്നെ....
നാലാം നാൾ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഓക്സിജൻ മാസ്ക്കിലേക്ക് എന്നെ മാറ്റി...
അനുജൻ ഷാലു, P P E കിറ്റും ധരിച്ച് എന്നെ കാണാൻ അകത്ത് വന്നു.... അവന്റെ മുഖം കണ്ടപ്പോൾ
എനിക്കുണ്ടായ സന്തോഷം അനുർവചനീയമാണ്....
ഞാൻ അഡ്മിറ്റായ അന്ന് മുതൽ അവൻ പുറത്തുണ്ട്... എന്റെ രക്തം,എന്റെ കരളിന്റെ കരളാണവൻ...
ഷാലുവിനെ പോലെ ഒരനുജനും,എന്റെ പൊന്നു പെങ്ങളായ ഷൈനയുമാണ് എന്റെ ശക്തി എന്റെ പുണ്യം....
ഷാലുവിനൊപ്പം പുറത്ത്,എന്റെ ഹൃദയത്തിന്റെ ഭാഗമായ,എന്റെ ഉമ്മയുടെ സഹോദരൻ അഡ്വ ഷാഫി എന്തിനും ഏതിനും, എന്നുമെനിക്ക് താങ്ങും തണലുമാണദ്ദേഹം...
ഞങ്ങൾ തമ്മിൽ അധികം പ്രായ വ്യത്യാസമില്ലാത്തത് കൊണ്ട് തന്നെ,എല്ലാം തുറന്ന് പറയാൻ എനിക്കെന്നും അദ്ദേഹമുണ്ട്...ഞാൻ വക്കീലെ എന്നാണ് വിളിക്കാറ്...എന്റെ ഭാര്യ ഫസീനക്കും,ഉമ്മാക്കും, ധൈര്യം നൽകിയതും വക്കീലാണ്....എന്റെ നന്മ എന്റെ ഉയർച്ച അത് മാത്രമാണ് അഡ്വ ഷാഫിയുടെ 
സന്തോഷം....
പിന്നെ മറ്റൊരാൾ എന്റെ കസിൻ..എന്റെ കളിക്കൂട്ടുകാരൻ, എന്റെ ചങ്ക് നിയാസ്....
ഇവരെല്ലാലരും,രാവും പകലും എന്റെ പുറത്തേക്കുളള വരവിന് വേണ്ടിയുളള കാത്തിരുപ്പിലായിരുന്നു....
പരിശുദ്ധ മക്കയിലെ,കഅബയുടെ മുന്നിൽ നിന്ന് എന്നും എനിക്ക് വേണ്ടി പ്രാർത്ഥനകളിൽ മുഴുകി എന്റെ പ്രിയപ്പെട്ട
കസിൻ ഫൈസൽ മൻസാർ...അവൻ അവിടെ എഞ്ചിനീയറാണ്...
അദ്ഭുതകരമായ മാറ്റം, അങ്ങനെയാണ് ഡോക്ടർ വിശേഷിപ്പിച്ചത്...
നിമോണിയ വളരെ ചെറിയ തോതിലാണ് ബാധിച്ചത്...അത് തുടക്കത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കി....
ഞാനൊരു കമ്മ്യൂണിസ്റ്റാണ്... അത് പോലെ ഒരു വിശ്വാസിയും.... എന്റെ ഉമ്മയുടെ പ്രാർത്ഥനകൾക്ക് നാഥൻ ഉത്തരം നൽകി....
സർവ്വശക്തന്റെ അപാരമായ കരുതലും,അനുഗ്രഹവും എനിക്ക് ലഭിച്ചു....
നിസ്ക്കാര പായയിലിരുന്ന് എന്റെ, ഉമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ, ഐ സി യു വിലെ മരവിപ്പ് വീണ അന്തരീക്ഷത്തിൽ,ഒരമ്മയുടെ കരുതലും വാത്സല്ല്യവും ഞാനനുഭവിച്ചറിഞ്ഞു...
ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രവർത്തകയായ ലതി ചേച്ചിയിലൂടെ....
സമയത്തിന് എനിക്കാഹാരം നൽകാനും,എന്നെ,ശുശ്രൂഷിക്കാനും എന്റെ ഉമ്മയുടെ 
സ്ഥാനത്ത് ലതി ചേച്ചിയുണ്ടായിരുന്നു... ഞാനെങ്ങനെ മറക്കും..ചേച്ചിയെ.?
എന്ത് ജാതി എന്ത് മതം... മാനവികതയാണ് ഏറ്റവും വലുത്...
എന്റെ നാട്ടിലെ,പുനലൂരിൽ നിന്നും,ഒരു സഹോദരി, സിസ്റ്റർ സ്മിത...എനിക്കൊരുപാട് ആശ്വാസമായിരുന്നു ആ സഹോദരി... സ : ശശിധരന്റ്റെ മകൾ... എവിടെ നിന്നൊക്കെയാണ് എനിക്ക് സഹായം ലഭിച്ചതെന്നറിയില്ല...
‌‌എല്ലാവരും ഞാൻ ആദ്യമായി കണ്ടവർ....
മേൽ നേഴ്സുമാരായ, അനീഷ്, മിഥുൻ കൃഷ്ണ, അമൽ.... ഒ പി യിലെ സെക്ക്യൂരിറ്റി പ്രിയ സഹോദരൻ, അരുൺ വെർമ്മ...അങ്ങനെ പകരം വെക്കാനില്ലാത്ത എത്രയോ പേർ...
എട്ടാം നാൾ, ഓക്സിജൻ സഹായമില്ലാതെ ഞാൻ ശ്വസിക്കാൻ തുടങ്ങി... രക്തത്തിലെ infection പൂർണ്ണമായി മാറി....
ജീവിതത്തിലേക്ക്, പതുക്കെ ഞാൻ തിരിച്ചുവരുന്നു എന്നുളളത്, അനുഭവിച്ചറിഞ്ഞു....
ഐ സി യു വിൽ നിന്ന് മാറ്റാൻ ഡോക്ടർ തീരുമാനിച്ചു... പേ വാർഡിലേക്ക് മാറ്റണമെങ്കിൽ ബൈ സ്റ്റാൻഡർ വേണം...കോവിഡ് ഒ പി യാണ്...ആരും ധൈര്യം കാണിക്കില്ല...
പക്ഷെ, വർഷങ്ങളായി ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന റഹീം ഒരു മടിയും കൂടാതെ എന്റെ ബൈ സ്റ്റാൻഡർ ആകാൻ എത്തി...
പേ വാർഡിലേക്ക് മാറിയ ദിവസം, ഞാൻ സൂര്യപ്രകാശം കൺകുളിർക്കെ കണ്ടു....
വീണ്ടും അഞ്ച് ദിവസം കൂടി ഒ പി യിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചു... ശബ്ദ നിയന്ത്രണവും ഏർപ്പെടുത്തി... റൂമിൽ വന്ന ദിവസം,ഏറ്റവും ദുഖകരമായ വാർത്ത ഞാൻ, അറിഞ്ഞു....
അനിൽ നെടുമങ്ങാട് ഇനിയില്ല എന്ന സത്യം.... താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വേർപ്പാട്....
എത്ര നേരം ഞാൻ കരഞ്ഞു എന്നെനിക്കറിയില്ല ...എന്റെ സഹോദര തുല്ല്യൻ...
അവൻ നല്ല നടനായിരുന്നു... ജീവിതത്തിൽ അഭിനയിക്കാനറിയാത്ത നല്ല നടൻ....
ആഴ്ച്ചയിലൊരിക്കൽ, നിഷാദിക്ക എന്ന വിളി ഇനിയില്ല....എന്തിനാടാ അനിലേ നീ ഇത്രയും വേഗം....
ജീവിതം അങ്ങനെയാണ്.... ഇന്നെന്റെ വീട്ടിലെ ഉമ്മറത്ത് ഇരുന്ന് ഈ  കുറിപ്പെഴുതുമ്പോൾ....
ഒരുപാട് സുമനസ്സുകളെ ഓർക്കാതിരിക്കാൻ കഴിയില്ല...
എന്റെ പാർട്ടീ സെക്രട്ടറി സ: കാനം രാജേന്ദ്രൻ, സ: മുല്ലക്കര രത്നാകരൻ, സി പി എം നേതാക്കളായ സ S ജയമോഹൻ,ഏരിയാ സെക്രട്ടറി,S ബിജു,സി പി ഐ നേതാക്കളായ, രാധാകൃഷ്ണൻ ,  വി പി ഉണ്ണികൃഷ്ണൻ,I മൻസൂർ,കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്റ്,അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷാജി സാർ,എസ് എം ഖലീൽ,കോൺഗ്രസ്സ് എസ്സ് സംസ്ഥാന സെക്രട്ടറി ധർമ്മരാജൻ സാർ,പുനലൂരിലെ വ്യവസായിയായ,കുമാർ പാലസിലെ സതീഷണ്ണൻ,വിജയകൃഷ്ണ ജുവല്ലേഴ്സിലെ വിജയ അണ്ണൻ....അങ്ങനെ ഒരുപാട് പേർ....
കുഞ്ഞ് നാൾ മുതൽ എന്നെ വാത്സല്ല്യത്തോടെ സ്നേഹിക്കുന്ന, ഡോക്ടർ ഷർമ്മിദിന്റ്റെ ഭാര്യാ മാതാവ് മുംതാസിത്ത...ഇവരുടെയൊക്കെ പ്രാർത്ഥനകൾ ഒരുപാട് അനുഗൃഹം എനിക്ക് നൽകി...
സുഹൃത്തുക്കൾ പവിഴ മുത്തുകളാണ്.... വിപുലമായ സൗഹൃദവലയം എനിക്കുണ്ട്....
എന്റ്റെ സുഹൃത്തുക്കളായ,മാധ്യമ പ്രവർത്തകൻ,നാരായണ മൂർത്തി,ഡൊ അമല ആനീ ജോൺ,N ലാൽ കുമാർ,കൈരളിയിലെ ജീവൻ കുമാർ, ഡോ മനോജ് വെളളനാട് അവരുടെയൊക്കെ സമയോചിതമായ ഇടപെടലുകൾ മറക്കാൻ കഴിയില്ല...
കൂടെ പഠിച്ച എബി മാമ്മനും,ഭാര്യ സിലുവും,രാജേഷ് കെ യു,,ഷ്യാം എബ്രഹാം ,എന്റ്റെ സഹോദരി ഗംഗയും,സഹോദരൻ വിനോദും,സ്ക്കൂൾ / കോളജ് സൗഹൃദങ്ങളും എല്ലാം എനിക്ക് വേണ്ടി പ്രാർത്ഥിച്ചതും നന്ദിയോടെ സ്മരിക്കട്ടെ...
ശബ്ദ നിയന്ത്രണത്തിലാണ്... ഒരുമാസം പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നു ഡോക്ടർമാർ...
പൊതു പരിപാടികളില്ല... സമൂഹ മാധ്യമങ്ങളിലൂടെ നമ്മുക്ക് സംവേദിക്കാം...
എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കുന്നു....
N B 
കോവിഡ് നിസ്സാരമല്ല...ജാഗൃത വേണം...
മാസ്ക്ക് ധരിക്കണം...സാമൂഹിക അകലം പാലിക്കണം....

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com