'സത്യന്‍ മുതല്‍ ഫഹദ് വരെ'; സിനിമ മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ അന്തരിച്ചു

നടന്‍ സത്യന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായി തന്റെ പതിനാറാം വയസ്സിലാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന്‍ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്.
Film Makeup Artist Pandian Passes Away
മേക്കപ്പ്മാന്‍ പാണ്ഡ്യന്‍
Author:
Updated on: 
1 min read

ചെന്നൈ: പ്രശസ്ത സിനിമ മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം.

നടന്‍ സത്യന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായി തന്റെ പതിനാറാം വയസ്സിലാണ് തമിഴ്നാട് സ്വദേശിയായ പാണ്ഡ്യന്‍ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ ജെ വില്യംസിന്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം അതിനിടെ തമിഴില്‍ അസ്സിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 1972ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തില്‍ എം ഒ ദേവസ്യയുടെ സഹായിയായാണ് അദ്ദേഹം മേക്കപ്പ് അസിസ്റ്റന്റ് ആവുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മലയാളം, തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരുപാട് ചിത്രങ്ങളില്‍ ചമയം സഹായിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

1978-ല്‍ ജെ വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത 'മദാലസ'യിലാണ് ആദ്യമായി പാണ്ഡ്യന്‍ സ്വതന്ത്ര മേക്കപ്പ്മാനായത്. തുടര്‍ന്നുള്ള കാലം മിക്ക പ്രമുഖ സൗത്ത് ഇന്ത്യന്‍ താരങ്ങളുടെയും മുഖം മിനുക്കാന്‍ അദ്ദേഹത്തിനു കഴിയുകയുണ്ടായി. അഞ്ഞൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. കമല്‍, സത്യന്‍ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ചമയക്കാരനായി പാണ്ഡ്യന്‍ മാറി.

2001ല്‍ കമല്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിക്കുകയുണ്ടായി. മലയാളത്തിനുപുറമെ തെലുങ്ക് താരങ്ങളായ എന്‍.ടി.ആര്‍, എസ്.വി.ആര്‍, കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും തമിഴില്‍ രജനികാന്ത്, കമലഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തത ഹൃദയപൂര്‍വം ആയിരുന്നു അവസാന ചിത്രം.

Summary

Film Makeup Artist Pandian Passes Away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER