റാഹേൽ മകൻ കോര സിനിമ പോസ്റ്റ്
റാഹേൽ മകൻ കോര സിനിമ പോസ്റ്റ്

ഏഴു യൂട്യൂബര്‍മാര്‍ പ്രതികള്‍; സാമൂഹ്യ മാധ്യമങ്ങളും പ്രതിപ്പട്ടികയില്‍, സിനിമാ റിവ്യൂവില്‍ ആദ്യ കേസ്‌

കേസിൽ യുട്യൂബും ഫെയ്സ്ബുക്കും പ്രതിപ്പട്ടികയിൽ
Published on

കൊച്ചി: സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്‌ത് കൊച്ചി സിറ്റി പൊലീസ്. 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ തന്റെ സിനിമ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നെന്ന് കാട്ടി എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്.

ആകെ ഒൻപതു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌നേക്ക് പ്ലാന്റ് സിനിമാ പ്രമോഷന്‍ കമ്പനി ഉടമ ഹെയ്ന്‍സ്, അനൂപ് അനു ഫെയ്‌സ്ബുക്ക് അക്കൗണ്ട്, അരുണ്‍ തരംഗ, എന്‍വി ഫോക്കസ്, ട്രെന്‍ഡ് സെക്ടര്‍ 24x7, അശ്വന്ത് കോക്, ട്രാവലിങ് സോള്‍മേറ്റ്‌സ്, എന്നീ യൂട്യൂബര്‍മാര്‍ ഏഴ് വരെ പ്രതികളും യുട്യൂബും ഫെയ്‌സ്ബുക്കും എട്ടും ഒന്‍പതും പ്രതികളുമാണ്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്‌ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്.

റിലീസ് ചെയ്ത ഉടൻ തന്നെ പുതിയ സിനിമകളെക്കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ‘ആരോമലിൻറെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിൻറെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ വിശദീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.

റിവ്യൂ നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നതായി സിനിമാക്കാരുടെ പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡിജിപിയെ ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com