ആരും പുറത്തു പോകരുത്, ഒരേസമയം അഞ്ച് പേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കരുത്; കർശന നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ഇന്നുമുതൽ 

ഇൻഡോർ ഷൂട്ടിങ്ങുകൾക്ക് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോവിഡ് പശ്ചാതലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനത്ത് ഇന്നുമുതൽ സിനിമ ചിത്രീകരണത്തിന് അനുമതി. നിർമ്മാതാവും സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും അടക്കം എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിർദേശം.ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 പേരിനുള്ളിൽ നിജപ്പെടുത്തണം.  നടീ നടന്മാരുടെ സഹായികൾ ഉൾപ്പടെയുള്ള എണ്ണമാണ് ഇത്. ഇൻഡോർ ഷൂട്ടിങ്ങുകൾക്ക് മാത്രമാണ് നിലവിൽ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. 

പങ്കെടുക്കുന്നവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 48 മണിക്കൂർ മുൻപു നടത്തിയ ആർടിപിസിആർ ടെസ്റ്റിന്റെ ഫലം, ലൊക്കേഷൻ വിശദാംശങ്ങൾ തുടങ്ങിയവ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും നൽകണം. ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തു നിന്നും ആരും പുറത്തു പോകാൻ അനുവദിക്കില്ല. എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. സന്ദർശകരെ പരമാവധി ഒഴിവാക്കണം.

കൂട്ടംകൂടി നിൽക്കാതിരിക്കുക. അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് നിൽക്കരുത്. പരസ്പരം ഒന്നര മീറ്ററെങ്കിലും അകലം പാലിക്കുക. എല്ലാവരും ശാന്തമായി അച്ചടക്കം പാലിച്ച് ജോലി ചെയ്യണം. ലൊക്കേഷനിൽ അതാത് സമയം ആവശ്യമുള്ള വിഭാഗം ഒഴിച്ച് മറ്റുള്ളവർ നിശ്ചിത ദൂരത്ത് മാറിനിൽക്കണം. സെറ്റിലുള്ളവർ തമ്മിലുള്ള ആശയ വിനിമയത്തിന് വോക്കി ടോക്കിയും മൊബൈൽ ഫോണും പരമാവധി ഉപയോഗിക്കുക. കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉൾപ്പടെ ഉള്ള എല്ലാ മേഖലയ്ക്കും സൂചിപ്പിച്ച മാർഗ്ഗരേഖ ബാധകമായിരിക്കും.

പ്രൊഡക്ഷൻ അസിസ്റ്റന്റ്‌സ്, മേയ്ക്കപ്പ് ഡിപ്പാർട്ട്‌മെന്റ്, കോസ്റ്റ്യൂം ഡിപ്പാർട്ട്‌മെന്റ് എന്നിവർ ജോലി സമയത്ത് കയ്യുറകൾ നിർബന്ധമായും ഉപയോഗിക്കണം. എല്ലാവരും മാസ്‌ക് മുഴുവൻ സമയവും ഉപയോഗിക്കണം. മാസ്‌കിന്റെ നിർദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോൾ പുതിയ മാസ്‌കുകൾ വിതരണം ചെയ്യണം. 80 ശതമാനം ആൽക്കഹോൾ കണ്ടന്റുള്ള അംഗീകൃത ഹാൻഡ് സാനിറ്റൈസറുകളുടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന 100 എം.എൽ. ബോട്ടിൽ ഓരോ അംഗത്തിനും പ്രത്യേകം നൽകുക. തീരുന്നതനുസരിച്ച് നൽകാനുള്ള ശേഖരം ഉറപ്പുവരുത്തുക. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ (കേരള), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക), അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) എന്നിവർ സംയുക്തമായാണ് മാർഗരേഖ പുറപ്പെടുവിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com