'പതിവ് അച്ഛനമ്മ സങ്കല്പത്തിൽ നിന്ന് മാറണമെന്ന് നിർബന്ധമുണ്ടായിരുന്നു, ഇതൊരു മനുഷ്യപക്ഷ സിനിമയാണ്'; ഋത്വിക് ബൈജു അഭിമുഖം

ഒരു ലോ ബഡ്ജറ്റ് സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി ഈ സിനിമ എടുത്തപ്പോൾ ഉണ്ടായിരുന്നു.
Ritwik Baiju, Kochu Lokavum Kunju Manushyarum
Ritwik Baiju, Kochu Lokavum Kunju ManushyarumSpecial arrangement
Updated on: 

കുടുംബത്തിനുള്ളിലെ കൊച്ചു കൊച്ചു സംഘർഷങ്ങളും, അവയിലൂടെ കടന്നുപോകുന്ന ഒരമ്മയുടെയും രണ്ടു കുട്ടികളുടെയും അനുഭവങ്ങൾ പറയുകയാണ് ‘കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും’ എന്ന സിനിമയിലൂടെ ഋത്വിക് ബൈജു. ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും നിർമിച്ചിരിക്കുന്നതും ഋത്വിക് തന്നെയാണ്. തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങളുമായി ഋത്വിക് ബൈജു സമകാലിക മലയാളത്തിനൊപ്പം.

Q

ഈ കഥയിലേക്ക് എത്താനുള്ള പ്രചോദനം എന്തായിരുന്നു ?

A

ഒരു കുടുംബത്തിനുള്ളിലെ കൊച്ചു കൊച്ചു സംഘർഷങ്ങളും, അതിലൂടെ കടന്നുപോകുന്ന ഒരമ്മയുടേയും രണ്ടു കുട്ടികളുടേയും അനുഭവങ്ങളുമാണ് ‘കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും’ അവതരിപ്പിക്കുന്നത്. സഹോദരിയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന്, അസുഖബാധിതയായ അവരുടെ മകൾ അഞ്ചു വയസ്സുകാരി അമ്മു, കേന്ദ്ര കഥാപാത്രങ്ങളായ കവിതയുടേയും അപ്പുവിന്റേയും വീട്ടിലേക്ക് എത്തുന്നതോടെ ആ വീട്ടിലുണ്ടാകുന്ന ചെറുതും വലുതുമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

അമ്മുവിന്റെ അമ്മയുടെ സ്ഥാനമേറ്റെടുക്കുന്ന അപ്പുവിന്റെ അമ്മ, കവിത നേരിടുന്ന ആത്മസംഘർഷങ്ങളും വെല്ലുവിളികളുമാണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നത്. ഇത് എന്റെ ജീവിതവഴിയിലെ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് എഴുതിയതാണ്. എന്റെയും എന്റെ അമ്മയുടേയും അമ്മയുടെ കൂട്ടുകാരുടേയും അനുഭവങ്ങൾ നിരീക്ഷിച്ചതിൽ നിന്നാണ് ഇങ്ങനെയൊരു കഥയിലേക്ക് എത്തിച്ചേർന്നത്.

Kochu Lokavum Kunju Manushyarum
Kochu Lokavum Kunju Manushyarum
Q

സിനിമയിലേക്കുള്ള വരവ് ?

A

മൾട്ടിമീഡിയയിൽ ബിരുദവും, വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷം 'ഋതു', 'പട്ടം പോലെ', 'ആക്ഷൻ ഹീറോ ബിജു', 'നോൺസെൻസ്', 'എ സൺഡേ' തുടങ്ങിയ നിരവധി മലയാള ചലച്ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും നിർമ്മാണത്തിലും സർക്കാർ തലത്തിലുള്ള പല പ്രൊജക്റ്റുകളിലും പങ്കാളിയായിട്ടുണ്ട്. 'ലിവിംഗ് ഡ്രീംസ്' (ജീവനുള്ള സ്വപ്നങ്ങൾ) എന്ന ഡോക്യുമെന്ററിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Q

ഇതൊരു സ്ത്രീപക്ഷ സിനിമയായി കാണുന്നതിൽ തെറ്റുണ്ടോ ?

A

ഈ സിനിമയെ ഒരു സ്ത്രീപക്ഷ സിനിമയായി കാണുന്നതിൽ തെറ്റില്ലെങ്കിലും ഒരു മനുഷ്യപക്ഷ സിനിമയായി കാണുവാനാണ് എനിക്ക് താല്പര്യം. എന്റെ ജീവിതത്തിൽ ഞാൻ കണ്ട കാഴ്ചകളും അനുഭവങ്ങളും ഈ സിനിമയെടുക്കുവാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്ന കുടുംബത്തിലെ മൂത്ത പെൺകുട്ടികൾ, അവ ചുമലിലേറ്റുകയും അതിന്റെ ഭാരങ്ങളും സംഘർഷങ്ങളും ആരോടും പങ്കുവെക്കുവാൻ പോലും തയ്യാറാകാതെ അനുഭവിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള പെൺജന്മങ്ങളുടെ കഥ കൂടിയാണിത്.

Kochu Lokavum Kunju Manushyarum
Kochu Lokavum Kunju Manushyarum
Q

സിനിമയിൽ നായികയുടെ കൂട്ടുകാരി 'നീ ഓക്കെ അല്ലേ' എന്ന് ചോദിക്കുന്നുണ്ട്. ഇത്തരമൊരു ചോദ്യവും ചിന്തയും എങ്ങനെയാണ് വന്നത് ?

A

കുട്ടിക്കാലത്ത് എന്റെ അമ്മയുടെ ഒപ്പം നടന്നപ്പോൾ അമ്മയും കൂട്ടുകാരും പരസ്പരം മനസ്സിലാക്കുന്നതും മറ്റും കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ചോദ്യം അവർ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. എന്റെ മനസ്സിൽ മായാതെ കിടന്ന ആ ചോദ്യമാണ് കഥയിലേക്ക് വന്നത്. അതുപോലെ തന്റെ മനസ്സു തുറക്കാൻ പറ്റുന്ന ഒരു കൂട്ടുകാരിയുടെ അടുത്ത് കഥാ നായിക എത്തുന്നതും നായികയുടെ മുഖം കാണുമ്പോൾ തന്നെ അവളുടെ മനസ്സ് മനസ്സിലാക്കുന്ന കൂട്ടുകാരിയെ ആ ചോദ്യത്തിലൂടെ അവതരിപ്പിക്കുവാനാണ് ഞാൻ ശ്രമിച്ചത്.

Q

നായികയ്ക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ വ്യക്തമായി പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ആൻ സലിമിൽ കവിത എന്ന അമ്മയെ കണ്ടത് എങ്ങനെയാണ് ?

A

ഇതിന്റെ തിരക്കഥ എഴുതുമ്പോൾ തന്നെ നായികയുടെ വികാര വിക്ഷോഭങ്ങൾ വളരെ സ്വാഭാവികമായി പ്രേക്ഷകരിലേക്ക് എത്തിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അനിയത്തി മരിച്ചപ്പോൾ തന്റെ ജീവിതത്തിലുണ്ടായ ട്രോമ പിന്നീട് തന്റെ മകന്റെ ജീവിതത്തിലും ഉണ്ടാകാതെയിരിക്കുവാൻ തന്റെ മനസംഘർഷത്തിനിടയ്ക്കും അവനെ ചേർത്തുപിടിക്കുന്ന ഒരമ്മയുടെ കഥയും ഇതിൽ കാണുവാൻ കഴിയും.

സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ശ്രദ്ധിച്ചാൽ നായികാ കഥാപാത്രത്തിന്റെ ഇങ്ങനെയുള്ള മാറ്റത്തിന്റെ ഒരു രേഖാചിത്രവും പ്രേക്ഷകനു ദർശിക്കാനാകും. നമ്മുടെ ചുറ്റുപാടുമുള്ള ഒരു സ്ത്രീയുടെ മുഖഭാവമുള്ള ഒരു സ്ത്രീ കഥാപാത്രം വേണമെന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു.

ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള ആൻ സലിമിന്റെ അഭിനയം കണ്ടിരുന്നതുകൊണ്ട് തിരക്കഥ എഴുതുമ്പോൾ നായികയായി മനസ്സിൽ കണ്ടിരുന്നത് അവരെ തന്നെ ആയിരുന്നു. എന്റെ തീരുമാനം ശരി വെയ്ക്കുന്നതാണ് സിനിമയുടെ പ്രദർശനത്തിനുശേഷം ലഭിക്കുന്ന അഭിപ്രായങ്ങളും.

Kochu Lokavum Kunju Manushyarum
Kochu Lokavum Kunju Manushyarum
Q

ഈ സിനിമയിൽ രക്ഷാകർതൃത്വത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ടല്ലോ ?

A

മാതൃത്വവും കുടുംബബന്ധങ്ങളും കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങളും സ്നേഹവും സംഘർഷങ്ങളും പ്രമേയമാക്കുന്ന സിനിമയാണ് ഇതെങ്കിലും ചെറുപ്പക്കാരായ അച്ഛനമ്മമാർക്ക് രക്ഷാകർതൃത്വത്തെപ്പറ്റി മനസ്സിലാക്കുന്നതിനും ഈ സിനിമ ഉപകരിക്കണം എന്നൊരു ചിന്ത ഈ സിനിമ എടുക്കുമ്പോൾ ഉണ്ടായിരുന്നു. മുപ്പതുവയസ്സുള്ള ഞാൻ ഉൾപ്പെടുന്ന തലമുറ പാരന്റിങ്ങിനെപ്പറ്റി അധികം അറിവില്ലാത്തവരാണ്. അവർക്ക് ഉപകാരപ്രദമാകണം എന്നും കരുതിയിരുന്നു.

Q

കഥാപാത്രങ്ങൾക്കനുസൃതമായ കാസ്റ്റിങ് ആണ് എല്ലാം. ശ്യാമപ്രസാദ് സിനിമയുടെ ഭാ​ഗമായത് എങ്ങനെയാണ് ?

A

അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ച പ്രധാന കാര്യം മറ്റൊന്നുമല്ല, സിനിമകളിലെ സ്ഥിരം ക്ലീഷേയായ അമ്മ-അച്ഛൻ-അപ്പൂപ്പൻ-അമ്മൂമ്മ കഥാപാത്രങ്ങളിൽ നിന്ന് ഒരു വ്യത്യസ്തത വേണം എന്നു നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മുപ്പതുകളിലെത്തിയ അച്ഛനും അമ്മയും, അറുപതുകളിലെത്തിയ അപ്പൂപ്പനമ്മൂമ്മമാരും കഥാപാത്രങ്ങളാകുന്നത്. ആൻ സലിം, അനൂപ് മോഹൻദാസ് എന്നിവർ അമ്മയും അച്ഛനും ആയപ്പോൾ എസ് കെ മിനി, പ്രദീപ് കുമാർ, ശ്യാമപ്രസാദ്, എന്നിവർ അമ്മൂമ്മയും അപ്പൂപ്പന്മാരും ആയതും അങ്ങനെയൊരു കാഴ്ച്ചപ്പാടിന്റെ ഭാഗമായിട്ടാണ്.

ശ്യാമപ്രസാദ് അച്ഛന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ ‘ഋതു’ എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടാണ് ഞാൻ എന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തെ അഭിനയിപ്പിച്ച് ഒരു സിനിമ സംവിധാനം ചെയ്യുവാൻ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ ഒരു ഭാഗ്യമായി ഞാൻ കാണുന്നു. സിനിമയിലെ സ്ഥിരം മുത്തശ്ശൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹാരിപോട്ടർ കഥകളൊക്കെ പറഞ്ഞുകൊടുക്കുന്ന മലയാളം സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ഒരു അപ്പൂപ്പൻ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെയാണ് അദ്ദേഹത്തെ കഥാപാത്രമാക്കുവാൻ തീരുമാനിച്ചത്. അപ്പുവിന്റെ അച്ഛനായി എത്തുന്ന അനൂപ് മോഹൻദാസും അമ്മുവിന്റെ അപ്പൂപ്പനും അമ്മൂമ്മയുമായി എത്തുന്ന പ്രദീപ് കുമാർ, എസ് കെ മിനി, എന്നിവരും തിരക്കഥ എഴുതുമ്പോൾ തന്നെ കഥാപാത്രങ്ങളായി മനസ്സിൽ ഉണ്ടായിരുന്നു.

Q

സിനിമയിലെ കുട്ടികളെക്കുറിച്ച് ?

A

നടി ശരണ്യ മോഹന്റെ മകൻ അനന്തപത്മനാഭൻ ആണ് അപ്പുവായെത്തിയത്. അമ്മുവായി വേദിക വിജേഷും എത്തുന്നു. അപ്പുവിന്റെ വേഷം ചെയ്യുവാൻ പ്രത്യേകതയുള്ള ഒരു കുട്ടി വേണമെന്നുണ്ടായിരുന്നു. വളരെ യാദൃച്ഛികമായിട്ടാണ് അനന്തപത്മനാഭനിലേക്ക് എത്തുന്നത്. അമ്മുവായി അഭിനയിച്ച വേദിക വിജേഷിനെ ഓഡിഷൻ ചെയ്താണ് എടുത്തത്.

ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്ന പുതുമുഖതാരങ്ങൾ ആയിട്ടും അവരുടെ അഭിനയം കണ്ടാൽ ഒരിക്കലും അത് തോന്നുകയില്ലെന്നു മാത്രമല്ല വളരെ സ്വാഭാവികമായ അഭിനയമാണ് അവർ കാഴ്ച്ചവെച്ചിരിക്കുന്നത്. അത്ര ഭംഗിയായി ഈ ബാലതാരങ്ങൾ അഭിനയിച്ചിരിക്കുന്നു. കുട്ടികളായതുകൊണ്ടു തന്നെ രണ്ടാളും കഥാപാത്രങ്ങളെ ഉൾക്കൊണ്ടു കൊണ്ട് തന്നെയാണോ അഭിനയിക്കുന്നത് എന്ന് അപ്പോൾ നിശ്ചയമുണ്ടായിരുന്നില്ല.

അവരെ സൂക്ഷ്മമായി കൈകാര്യം ചെയ്യുവാൻ ക്രൂ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ ഭാവങ്ങൾ സിനിമയുടെ അന്ത:സത്തയായിരുന്നതു കൊണ്ട് അവ വളരെ ഗൗരവപരമായി പകർത്തുവാൻ ശ്രമിച്ചിരുന്നു. കുട്ടികളും നന്നായി സഹകരിച്ചിരുന്നു. ഇപ്പോൾ സിനിമ കാണുമ്പോൾ കുട്ടികൾ കഥാപാത്രങ്ങളെ മനസ്സിലാക്കി അഭിനയിച്ചതു പോലെയാണ് അനുഭവപ്പെടുന്നത്. സംവിധായകൻ എന്ന നിലയിൽ അത് വളരെ സന്തോഷം തരുന്നുണ്ട്.

Q

സിനിമ ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളികൾ ?

A

ഒരു ലോ ബഡ്ജറ്റ് സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി ഈ സിനിമ എടുത്തപ്പോൾ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അതിനെ അതിജീവിക്കുകയും വളരെ ആസ്വദിച്ച് ഈ സിനിമ ചെയ്യുകയും ചെയ്തു. അതിനു കാരണം എന്റെ ക്രൂ തന്നെയാണ്. അവരുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. ഷൂട്ടിംഗ് അനുഭവം വളരെ കൗതുകം നിറഞ്ഞതായിരുന്നു.

അഭിനയത്തിൽ മുൻ പരിചയമില്ലാത്ത രണ്ടു കൊച്ചു കുട്ടികളെ അഭിനയിപ്പിക്കുമ്പോൾ ധാരാളം ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അവരുടെ വളരെ ചെറിയ ഭാവങ്ങൾ പോലും ഒപ്പിയെടുക്കേണ്ടതുണ്ടായിരുന്നു. അല്പം ശ്രമകരമായിരുന്നുവെങ്കിലും അതിനായി മുഴുവൻ ക്രൂവും ഒപ്പം നിന്നു. Kochu Lokavum Kunju Manushyarum

Kochu Lokavum Kunju Manushyarum
Kochu Lokavum Kunju Manushyarum
Q

പ്രൊഡക്ഷൻ എക്സ്പീരിയൻസ് ?

A

ക്രൂവിലുള്ള എല്ലാവരും എന്റെ സുഹൃത്തുക്കളും പരിചയക്കാരുമാണ്. അപ്പു എൻ ഭട്ടതിരിയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്. ധാരാളം വർക്കുകൾ ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. സംവിധാന സഹായിയായ ഗോപിക ഗോപൻ എന്റെ ജീവിത പങ്കാളിയാണ്. മറ്റുള്ളവരും സുഹൃത്തുക്കളോ പരിചയക്കാരോ ആണ്.

സഹസംവിധാനം വിനായക് ശ്രീനിവാസനും സംവിധാന സഹായികൾ ഷാൻ എസ്.എം. കടയ്ക്കാവൂർ, ഹരീഷ് പാലക്കൽ, ഗോപിക ഗോപൻ ആർ. എന്നിവരുമാണ്. രാധിക പദ്മകുമാർ ഛായാഗ്രഹണവും സിദ്ധാർത്ഥ പ്രദീപ് സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

സൗണ്ട് ഡിസൈനും മിക്സിങ്ങ് സന്ദീപ് കുറിശ്ശേരിയും പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് ദാസും ലൈൻ പ്രൊഡ്യൂസർ ജയേഷ് എൽ. ആറും ആണ്. എല്ലാവരുമായി നേരത്തേ തന്നെ ചർച്ചകൾ നടത്തുകയും കഥ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ഒന്നിച്ചു വർക്കു ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. വളരെ രസകരമായിട്ടാണ് ഞങ്ങൾ ഈ സിനിമ ഷൂട്ട് ചെയ്തത്.

Q

സിനിമയുടെ ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത് നാരായണ ഭട്ടതിരി ആണ്. അദ്ദേഹത്തിലേക്ക് എത്തിയത് എങ്ങനെയാണ് ?

A

എന്റെ സുഹൃത്തും ഈ സിനിമയുടെ എഡിറ്ററുമായ അപ്പു എൻ ഭട്ടതിരിയുടെ അച്ഛനാണ് അദ്ദേഹം. എന്റെ പഴയ വർക്കുകളുടെ ടൈറ്റിലും അദ്ദേഹമായിരുന്നു ചെയ്തിരുന്നത്. പിന്നെ പഴയ ഒരു ക്ലാസിക് സിനിമയുടെ ശൈലിയിൽ പേരു വേണം എന്നൊരാഗ്രഹം കൂടി ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി സംസാരിച്ച് തീരുമാനിക്കുന്നത്.

Q

തിരുവനന്തപുരം ആണല്ലോ ലൊക്കേഷൻ. സിനിമ പൂർത്തിയാക്കുവാൻ എത്ര ദിവസം എടുത്തു ?

A

2025 ഒക്ടോബറിൽ തുടങ്ങിയ സിനിമ ഇരുപത്തഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ട് പൂർത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉൾപ്പെടെ സിനിമ മുഴുവനായി പൂർത്തീകരിക്കുവാൻ എകദേശം ഒരു വർഷത്തോളം എടുത്തു. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ് തിരുവനന്തപുരം. അതുകൊണ്ടുതന്നെ ഇവിടുത്തെ സ്ഥലങ്ങളും വഴികളുമൊക്കെ എനിക്കു പരിചിതമാണ്. കൂടാതെ, സിനിമയുടെ ബഡ്ജറ്റിനും അനുയോജ്യം തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നതായിരുന്നു.

Kochu Lokavum Kunju Manushyarum
Kochu Lokavum Kunju Manushyarum
Q

സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം എങ്ങനെയുണ്ട് ?

A

നിറഞ്ഞ സദസ്സിൽത്തന്നെ സിനിമ പ്രദർശിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ഒരു സിനിമയുടെ പിന്നിൽ വലിയ ഒരു പരിശ്രമം ഉണ്ടല്ലോ, ആളുകൾ എത്തി സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞപ്പോൾ മനസ്സു നിറഞ്ഞു. അത് വളരെ സന്തോഷം നൽകുന്നുണ്ട്. സിനിമയുടെ കഥയും ആഖ്യാനവും ഇഷ്ടപ്പെട്ടതായി പലരും പറഞ്ഞു.

ഈ സിനിമയുടെ ഒരോ സാങ്കേതിക തലവും മികവു പുലർത്തുന്നുവെന്ന അഭിപ്രായവും ഉയർന്നു വന്നിരുന്നു. അതിനു കാരണം ഈ സിനിമയുടെ മുഴുവൻ ക്രൂ ആണ്. ഈ സിനിമയുടെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ലഭിക്കുന്ന ഒരോ നല്ല അഭിപ്രായവും. സംവിധായകൻ എന്ന നിലയിൽ ഈ മേഖലയിൽ മുന്നോട്ടു പോകുവാൻ ഈ നല്ല വാക്കുകൾ പ്രചോദനമാണ് എന്നതിൽ സംശയമില്ല.

Q

ഭാവി പരിപാടികൾ ?

A

ഈ സിനിമ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും 'കൊച്ചു ലോകവും കുഞ്ഞു മനുഷ്യരും' എന്ന സിനിമ എല്ലാ വിഭാഗം ആളുകളെയും ഉദ്ദേശിച്ചുള്ള ഒരു കുടുംബചിത്രമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾ കാണണം എന്നതാണ് ആഗ്രഹം. കൂടാതെ, പുതിയ സിനിമയെപ്പറ്റിയുള്ള ആലോചനയിലാണ്, ഒപ്പം പുതിയ തിരക്കഥയുടെ എഴുത്തിന്റെ പ്രാരംഭ ഘട്ടത്തിലുമാണ്.

Summary

Filmmaker Ritwik Baiju on making his independent feature debut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com