
നിരവധി സിനിമകളിൽ ഒന്നിച്ചെത്തി മലയാളികളെ ചിരിപ്പിച്ച താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, വെട്ടം, അയൽവാസി ഒരു ദരിദ്രവാസി, പഞ്ചവടിപാലം, ഗജകേസരി യോഗം ഇങ്ങനെ നീളുന്നു. കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരുവരും ചേർന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങൾ തിയറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.
ആകാശ ഗംഗയിലെ ഭയപ്പെടുത്തലുകളിൽ നിന്ന് പ്രേക്ഷകർക്ക് അൽപം ആശ്വാസം നൽകിയത് മുത്തശ്ശിയായി സുകുമാരിയും മകനായി ഇന്നസെന്റും എത്തിയ ചില സീനുകളായിരുന്നു. തലയണമന്ത്രത്തിലും കരാട്ടെ മാസ്റ്ററായി ഇന്നസെന്റും സുലോചനാ തങ്കപ്പനായി സുകുമാരിയും കസറി.
നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്തിലെ കുര്യാക്കോസും സ്‌കൂൾ പിൻസിപ്പലുമായുള്ള രംഗങ്ങൾ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഒടുവിൽ മലയാളത്തിന്റെ പ്രിയ നടി സുകുമാരി വിടവാങ്ങിയ അതേ മാർച്ച് 26ന് കൃത്യം പത്ത് വർഷത്തിനിപ്പുറം ഇന്നസെന്റും യാത്രയായി. ഇന്നസെന്റും സുകുമാരിയും ചേർന്നെത്തിയ ചില ചിത്രങ്ങളിലൂടെ.
1984 ൽ കെജി ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പഞ്ചവടിപ്പാലം. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ഭരത് ഗോപി, നെടുമുടി വേണു, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ സുകുമാരിയുടെ റാഹേൽ എന്ന കഥാപാത്രവും ഇന്നസെന്റിന്റെ ബരാബാസും വലിയ പ്രേക്ഷക പ്രശംസ നേടി.
പ്രിയദർശൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ചിത്രമാണ് അയൽവാസി ഒരു ദരിദ്രവാസി. പ്രേം നസീർ, മുകേഷ്, സുകുമാരി, ശങ്കർ, ലിസി, മേനക, ഇന്നസെന്റ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. സുരേഷ്കുമാർ, സനൽകുമാർ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്. സുഭദ്ര കുഞ്ഞമ്മയായി സുകുമാരിയും കുട്ടൻപിള്ളയായി ഇന്നസെന്റും ചിത്രത്തിൽ കസറി.
സുലോചന തങ്കപ്പനായി സുകുമാരി തകർത്തഭിനയിച്ച ചിത്രമാണ് തലയണമന്ത്രം. ടി ജി ഡാനിയേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഇന്നസെന്റ് എത്തിയത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ശ്രീനിവാസൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മുരളി നാഗവള്ളിയുടേതാണ് കഥ. ചിത്രത്തിലെ സുകുമാരിയുടെയും ഇന്നസെന്റിന്റെയും കഥാപാത്രം പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ല.
പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച് 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ. മോഹൻലാൽ, സുകന്യ, പൂജ ബത്ര, ശ്രീനിവാസൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നസെന്റ് അവതരിപ്പിച്ച ഇരവി പിള്ളയെയും അപ്പച്ചിയായെത്തിയ സുകുമാരിയെയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates