'പുതിയ പ്രിൻ്റിലും എൻ്റെ പേരില്ല, പക്ഷേ ശബ്ദമുണ്ട്'; മണിച്ചിത്രത്താഴ് ടൈറ്റിൽ കാർഡിനെക്കുറിച്ച് ജി വേണു​ഗോപാൽ

പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എൻ്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു.
Manichitrathazhu
മണിച്ചിത്രത്താഴ്ഫെയ്സ്ബുക്ക്
Updated on
2 min read

മുപ്പത്തിയൊന്ന് വർഷത്തിന് ശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിലെത്തിയപ്പോൾ ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. റീ റിലീസിലും മണിച്ചിത്രത്താഴിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീ‍‍ഡിയയിൽ നടന്നു കൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്‍റെ ടൈറ്റില്‍ ക്രെഡിറ്റ്സിലെ ഒരു പിഴവ് റീമാസ്റ്റേര്‍ഡ് പതിപ്പിലും ആവര്‍ത്തിച്ചത് സംബന്ധിച്ച ഒരു ചര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചത്. ചിത്രത്തിലെ ടൈറ്റില്‍ സോങ് ആയ അക്കുത്തിക്കുത്താനക്കൊമ്പിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജി വേണുഗോപാലും കെ എസ് ചിത്രയും സുജാതയും ചേര്‍ന്നാണ്.

എന്നാല്‍ ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ വേണുഗോപാലിന്‍റെ പേരില്ലായിരുന്നു. റീ റിലീസിലും ഈ തെറ്റ് തിരുത്താതിരുന്നതിലുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വേണുഗോപാല്‍ ഇപ്പോൾ. തല്ക്കാലം തനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല എന്നാണ് വേണു​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ്

അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിൻ്റെ പുതിയ ഡിജിറ്റൽ പ്രിൻ്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എൻ്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിൻ്റിലും എൻ്റെ പേരില്ല. അതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബ്ബന്ധിക്കുന്നു.

തല്ക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല. "ഓർമ്മച്ചെരാതുകൾ " എന്ന എൻ്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്ക്കുന്നു. എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. "അക്കുത്തിക്കുത്താനക്കൊമ്പിൽ" എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്.

പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ Dr. Sunny യുടെ രംഗപ്രവേശം ഇൻ്റർവെൽ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. Sunny ഇൻ്റർവെല്ലിന് മുൻപ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈറ്റിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എൻ്റെ പേര് വിട്ടു പോകുന്നു. ഇപ്പോഴും വിട്ടു പോയി. അത്രേയുള്ളൂ.

മണിച്ചിത്രത്താഴിൻ്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമ്മകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള് ലീവ് സാംക്ഷൻ ചെയ്യേണ്ടത്. കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. "ഞാനൊരു ആയുർവ്വേദ ചികിത്സയ്ക്ക് പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്ന് രക്ഷപ്പെടണമെടാ". വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ ''അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ്"

ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മന:പാഠം. കുന്തളവരാളി രാഗത്തിലെ "ഭോഗീന്ദ്രശായിനം പുരുകുശലദായിനം" എങ്ങനെ "ഒരു മുറൈ വന്ത് പാർത്തായ" യിൽ സന്നിവേശിപ്പിച്ചു എന്നും, "വഞ്ചിഭൂമീപതേ ചിര" മിൽ നിന്ന് " അംഗനമാർ മൗലീമണി " ഉണ്ടായതും രാധാകൃഷ്ണൻ ചേട്ടൻ രസകരമായി പാടിപ്പറയുന്ന ഓർമ്മകൾ.

ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടിൽ വിളക്കിചേർക്കുന്ന സംഗീത മാജിക്ക്, ഇതൊക്കെ കേൾക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ട് പോകുന്നു. ചേട്ടൻ്റെ വീട്ടിൽ ഹാർമോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. "ആരാ രാധാകൃഷ്ണാ ഇത്, ശുദ്ധമായി പാടീട്ടുണ്ടല്ലോ " എന്ന ദാസേട്ടൻ്റെ വിലപ്പെട്ട കമൻ്റിന് രാധാകൃഷ്ണൻ ചേട്ടൻ എനിക്ക് വാങ്ങിത്തന്നത് ഒരു പാർക്ക് അവന്യു striped shirt!

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Manichitrathazhu
മഞ്ജുവിനും ഭാവനയ്ക്കുമൊപ്പം മീരയും; ആർക്കാകും ജയം?

മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റിക്കാർഡ് ചെയ്യുന്ന ഗാനവും "അക്കുത്തിക്കുത്ത് " ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ. എന്തായാലും വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ പ്രിൻ്റിൽ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എൻ്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എൻ്റെ ഓർമ്മകൾക്ക് പകരം വയ്ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല. ആരോടും പരിഭവമില്ലാതെ..... വിജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com