

തന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകൻ ഗൗതം വാസുദേവ മേനോൻ. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ ധ്രുവനച്ചത്തിരം എന്ന സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ വിധിക്ക് നന്ദി പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലാണ് ഗൗതം മേനോൻ വെളിപ്പെടുത്തൽ നടത്തിയത്.
തനിക്ക് വേണ്ടി നിയമപ്പോരാട്ടം നടത്തിയ മുതിർന്ന അഭിഭാഷകൻ അബ്ദുൽ ഹമീദിനും കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിക്കും അദ്ദേഹം നന്ദി പറഞ്ഞു. എന്റെ കരിയർ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ എന്റെ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലയാളുകൾ ശ്രമിച്ചു.
മറ്റൊരു മനുഷ്യൻ, എന്റെ അഭിഭാഷകൻ, അബ്ദുൽ ഹമീദ് മുന്നിലൊരു വഴിയുണ്ടെന്ന് ആശ്വസിപ്പിക്കുകയും എന്നെ അതിലേക്ക് നയിക്കുകയും ചെയ്തു. മറ്റൊരു പ്രധാനപ്പെട്ടൊരാളായ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി എനിക്കായി വഴി തെളിയിക്കുകയും ഒടുവിൽ അതിന്റെ അറ്റത്ത് വെളിച്ചം കാട്ടുകയും ചെയ്തു.
വളരെ വിരളമായി മാത്രം സംഘടിതവും ചിട്ടവട്ടങ്ങളുമുള്ളതുമായ ഫണ്ടുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിൽ, റിലീസ് കാത്തിരിക്കുന്ന ഏതൊരു സിനിമയ്ക്കും ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ നിർദേശിച്ചുള്ള സുപ്രധാന ഉത്തരവ് സഹായകമാവും. ഇനിയങ്ങോട്ട് ഉയർച്ച മാത്രം".- ഗൗതം മേനോൻ പ്രസ്താവനയിലൂടെ പറഞ്ഞു.
ജൂൺ 15 ന് മുൻപ് സിനിമ റിലീസ് ചെയ്യണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളിൽപ്പെട്ട് വർഷങ്ങളായി ധ്രുവനച്ചത്തിരത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു.
തങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയ പണത്തിന്റെ കുടിശ്ശിക തീർക്കുന്നതു വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023 ൽ കെ പുണ്യമൂർത്തി, കെ പ്രേംകുമാർ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. 2017-ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കോവിഡ് മഹാമാരിയിൽ കുറച്ചുകാലം പ്രശ്‌നങ്ങൾ നേരിട്ടു.
2023-ൽ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാൽ, പണമിടപാടു വിഷയത്തിൽ 2023-ൽ പുണ്യമൂർത്തിയും പ്രേംകുമാറും കോടതിയിലെത്തി. പലവട്ടം റിലീസ് തീയതി പ്രഖ്യാപിച്ചുവെങ്കിലും പുറത്തിറക്കാനായില്ല. ഐശ്വര്യ രാജേഷ്, വിനായകൻ, ഋതുവർമ, പാർഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates