78ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അകാലത്തിൽ അന്തരിച്ച ചാഡ്‍വിക് ബോസ്മാനാണ് മികച്ച നടൻ. ഡ്രാമ വിഭാഗത്തിൽ ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഡ്രാമാ വിഭാഗത്തിലെ മികച്ച നടിയായി ആൻഡ്ര ഡേ തെരഞ്ഞെടുക്കപ്പെട്ടു. ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം നേടിയത്. നോമാഡ് ലാൻഡ് ആണ് മികച്ച ചിത്രം.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നോമാഡ് ലാൻഡ് സംവിധാനം ചെയ്ത ക്ലോ ഷാവോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം. അതേ വിഭാഗത്തിലെ മികച്ച നടനായി സച്ചാ ബാരൺ കൊഹമനേയും (ബൊരാത് സബ്സീക്വന്റ് മൂവീഫിലിം), നടിയായി റോസമണ്ട് പൈക്കിനേയും (ഐ കെയർ എ ലോട്ട്) തെരഞ്ഞെടുത്തു.
മികച്ച വിദേശഭാഷ സിനിമയ്ക്കുള്ള പുരസ്കാരം മിനാരി നേടി. ഡിസ്നി നിർമിച്ച സോൾ ആണ് മികച്ച ആനിമേഷൻ ചിത്രം. ടെലിവിഷൻ പരമ്പരയ്ക്കുള്ള പുരസ്കാരങ്ങളിൽ ദി ക്രൗൺ ആണ് നിറഞ്ഞു നിന്നത്. നാലു പുരസ്കാരങ്ങളാണ് ഈ സീരിസ് സ്വന്തമാക്കിയത്. ദി ക്രൗണിലെ അഭിനയത്തിന് മികച്ച നടനായി ജോഷ് ഒ കോണറും നടിയായി എമ്മാ കോറിനും സഹനടിയായി ഗിലിയൻ ആൻഡേഴ്സണും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ പരമ്പരയും ദി ക്രൗൺ ആണ്. അതുകൂടാതെ മലയാളികൾ ഉൾപ്പടെ ചർച്ച ചെയ്ത ദി ക്യൂന്‍സ് ഗാംബിറ്റും ഗോൾഡൻ ഗ്ലോബിൽ മികവു പുലർത്തി. മികച്ച ലിമിറ്റഡ് സീരീസായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ സീരീസിലെ അഭിനയത്തിന്
അന്‍യാ ടെയ്‌ലര്‍ ഡോയ് ഈ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates