കഥാപാത്രങ്ങളിലൂടെ മായാജാലം തീർക്കുന്ന പ്രിയങ്ക; അഞ്ച് മികച്ച സിനിമകൾ

സ്വപ്നങ്ങളെ ചെയ്സ് ചെയ്തു കൊണ്ടാണ് താൻ പ്രശ്നങ്ങളെ അതിജീവിച്ചതെന്ന് പലപ്പോഴായി പ്രിയങ്ക ആരാധകരോട് തുറന്ന് പറഞ്ഞു.
Priyanka Chopra
പ്രിയങ്ക ചോപ്രഇൻസ്റ്റ​ഗ്രാം

ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസിൽ ലോകസുന്ദരി പട്ടം നേടിയതിൽ നിന്ന് തുടങ്ങുന്നു സമാനതകളിലാത്ത പ്രിയങ്കയുടെ ജീവിതം. താൻ കടന്നുവന്ന വഴികളേക്കുറിച്ച് അഭിമുഖങ്ങളിലൂടെ പ്രിയങ്ക തുറന്നു പറയാറുമുണ്ട് താരം. 2002 ൽ വിജയ് നായകനായെത്തിയ തമിഴൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീടിങ്ങോട്ട് പ്രിയങ്കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കോളിവുഡും ബോളിവുഡും കീഴടക്കി ഹോളിവുഡിൽ വരെ തന്റെ ചുവടുറപ്പിച്ചു താരം. കരിയറിൽ ഉയരങ്ങളുടെ പടവുകൾ താണ്ടുമ്പോഴും ​ഗോസിപ്പ് കോളങ്ങളിലടക്കം പ്രിയങ്കയുടെ പേര് പലതവണ നിറഞ്ഞു നിന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ് സ്വപ്നങ്ങളെ ചെയ്സ് ചെയ്തു കൊണ്ടാണ് താൻ പ്രശ്നങ്ങളെ അതിജീവിച്ചതെന്ന് പലപ്പോഴായി പ്രിയങ്ക ആരാധകരോട് തുറന്ന് പറഞ്ഞു. ഇന്നിപ്പോൾ താരം തന്റെ 42-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഏറ്റവും മികച്ച ചില കഥാപാത്രങ്ങളിലൂടെ കടന്നു പോകാം...

1. അന്ദാസ്

Andaaz
അന്ദാസ്

രാജ് കൻവാർ സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാർ, ലാറ ദത്ത എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്കയെത്തിയത്. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. 2003 ൽ പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു അന്ദാസ്. മിസ് യൂണിവേഴ്സ് ലാറ ദത്തയും മിസ് വേൾഡ് പ്രിയങ്ക ചോപ്രയും അഭിനയിക്കുന്നുവെന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്.

2. ഫാഷൻ

Fashion
ഫാഷൻ

മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയങ്ക, കങ്കണ, മു​ഗ്ദ ഗോഡ്‌സെ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ​സൂപ്പർ മോഡൽ ആകാൻ സ്വപ്നം കാണുന്ന ഒരു സാധാരണ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിലെ ചില സീനുകളിൽ പ്രേക്ഷകരുടെ കണ്ണുകൾ ഈറനണിയും. മേഘ്ന മതുർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയങ്കയെത്തിയത്. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും കൈയ്യടി നേടി.

3. മേരി കോം

Mary Kom
മേരി കോം

ഒമങ് കുമാർ സംവിധാനവും സഞ്ജയ് ലീല ബൻസാലി നിർമ്മാണവും നിർവഹിച്ച ചിത്രം ഒരു ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമയായാണ് പുറത്തിറങ്ങിയത്. പ്രേക്ഷക ഹൃദയത്തെ സ്പർശിക്കുന്ന നിരവധി മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. പ്രിയങ്ക ചോപ്രയ്ക്ക് പകരം മേരി കോം എന്ന കഥാപാത്രത്തിന് മറ്റൊരു നടിയേയും ചിന്തിക്കാനാകില്ല. അത്ര ​ഗംഭീരമായാണ് മേരി കോം ആയി പ്രിയങ്ക സ്ക്രീനിലെത്തിയത്.

4. ബർഫി

Barfi
ബർഫി

അനുരാഗ് ബസു സംവിധാനം ചെയ്ത ബർഫി ഓസ്‌കർ അവാർഡിനായി ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശം ലഭിച്ച ചിത്രം കൂടിയായിരുന്നു. ബധിരനും മൂകനുമായ യുവാവും ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ഇല്ല്യാന ഡിക്രൂസ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

5. ബാജിറാവു മസ്താനി

Bajirao Mastani
ബാജിറാവു മസ്താനി

രൺവീർ സിങ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കാശിഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയങ്കയെത്തിയത്. ഈ റോളിലേക്ക് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആദ്യം പരി​ഗണിച്ചിരുന്നത് നടി റാണി മുഖർജിയെ ആയിരുന്നു. പിന്നീട് ചിത്രത്തിലെ താരങ്ങളെല്ലാം മാറി മറിഞ്ഞപ്പോഴാണ് പ്രിയങ്ക ചോപ്ര ചിത്രത്തിലേക്കെത്തുന്നത്. ഏറെ ആഴവും അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രം കൂടിയായിരുന്നു കാശി. പ്രിയങ്കയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com