
ഒരു നായകന്‍ പവര്‍ഫുള്‍ ആകണമെങ്കില്‍ അതിനൊത്ത ഒരു വില്ലന്‍ കൂടി വേണം. പ്രേക്ഷകരിൽ ദേഷ്യവും വെറുപ്പും തോന്നിപ്പിക്കുന്ന ഒരുപാട് വില്ലൻമാരുണ്ടായിട്ടുണ്ട്. നായകനുള്ളതു പോലെ പ്രണയ രംഗങ്ങളോ റൊമാന്റിക് പാട്ടുകളോ ഒന്നും വില്ലന് ഉണ്ടാകാറില്ല. ഈ അടുത്തകാലത്താണ് സിനിമയിലെ വില്ലൻമാരെ ആരാധിക്കുന്ന പ്രവണത കൂടി വരുന്നത്.
എത്ര വലിയ കൊടൂര വില്ലനാണെങ്കിലും, ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ ഒരു താരപരിവേഷവും വില്ലൻമാർക്കിപ്പോൾ ലഭിക്കാറുണ്ട്. വില്ലനായെത്തി നായകൻമാരായവരും നായകനായെത്തി വില്ലനായവരും നിരവധി പേരുണ്ട്. അത്തരത്തിൽ കോളിവുഡിലെ ചില താരങ്ങളെ പരിചയപ്പെട്ടാലോ.
മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നടനാണ് വിജയ് സേതുപതി. നായകനായി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകി കൊണ്ടിരുന്ന സമയത്താണ് കരിയറിൽ പല പരീക്ഷണങ്ങൾക്കും താരം മുതിരുന്നത്. ഉപ്പേനയിലെ വില്ലൻ വേഷവും വിജയ് സേതുപതിയുടെ ശ്രദ്ധേയമായിരുന്നു. തുടർന്ന് പേട്ട, മാസ്റ്റർ, വിക്രം, ജവാൻ, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിൽ വരെ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായി വിജയ് സേതുപതി തിളങ്ങി.
സിനിമയുടെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള കലാകാരനാണ് എസ് ജെ സൂര്യ. സഹനടനായും കാമിയോ റോളിലും നായകനായുമൊക്കെ കരിയറിൽ തിളങ്ങി നിന്നപ്പോഴായിരുന്നു വില്ലൻ കഥാപാത്രത്തിലേക്കും അദ്ദേഹം ചുവടു മാറ്റുന്നത്. പിന്നീടിങ്ങോട്ട് മാസ് വില്ലൻമാരെയാണ് പ്രേക്ഷകർ കണ്ടത്. മാനാട്, സ്പൈഡർ, സരിപോദ സനിവാരം, രായൻ തുടങ്ങിയ ചിത്രങ്ങളിൽ പകരം വയ്ക്കാനില്ലാത്ത വില്ലനായി എസ് ജെ സൂര്യയെത്തി. കടുംപിടുത്തം പിടിക്കുന്ന വില്ലനിൽ നിന്ന് ആളുകളെ ചിരിപ്പിക്കുന്ന വില്ലനാകാനും എസ് ജെ സൂര്യയ്ക്ക് കഴിഞ്ഞു.
ജിഗർതണ്ട എന്ന ചിത്രത്തിലെ ബോബി സിംഹയുടെ കഥാപാത്രത്തിന് പകരം മറ്റൊരു നടനെ ചിന്തിക്കാനേ ആകില്ല. 2014 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം. അസാൾട്ട് സേതു എന്ന കൊടുംകുറ്റവാളിയായാണ് ചിത്രത്തിൽ ബോബി സിംഹ പ്രേക്ഷകരെ ഞെട്ടിച്ചത്. കാർത്തിക് സുബ്രഹ്മണി (സിദ്ദാർഥ്) എന്ന യുവ സിനിമാ സംവിധായകന് അസാൾട്ട് സേതു എന്ന കൊടുംകുറ്റവാളിയെ ഒരു പ്രത്യേകസാഹചര്യത്തിൽ സിനിമയിലഭിനയിപ്പിക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നായകനായെത്തി പ്രേക്ഷക മനം കവർന്ന നടൻമാരിലൊരാളാണ് അർജുൻ സർജ. സമീപ കാലത്തായി വില്ലൻ, ക്യാരക്ടർ വേഷങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട് അർജുൻ. ലിയോ, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലെ അർജുന്റെ വേഷം പ്രേക്ഷകരേറ്റെടുത്തിരുന്നു. അജിത് നായകനായെത്തുന്ന പുതിയ ചിത്രം വിടാമുയർച്ചിയിലും അർജുൻ വില്ലനായെണെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ
കഥാപാത്രമേതായാലും മുൻപ് ചെയ്തവയുമായി യാതൊരു സാമ്യവും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ള നടനാണ് വിക്രം. അതിനൊരുദാഹരണമാണ് രാവണൻ എന്ന സിനിമയും. തമിഴിൽ രാവണനായും ഹിന്ദിയിൽ രാമനായും വിക്രം പകർന്നാടി. വിക്രമിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്ന രാവണനിലെ വീരയ്യ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
