Year Ender 2025|ഇത്രയും കുറഞ്ഞ ബജറ്റിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? 2025 ൽ പണം വാരിയ മലയാള സിനിമകൾ

മലയാള സിനിമകളുടെ ബജറ്റിനെക്കുറിച്ചും തെന്നിന്ത്യൻ സിനിമാ ലോകവും ബോളിവുഡും ചർച്ചയാക്കി.
Malayalam Cinema
Malayalam Cinemaസമകാലിക മലയാളം

മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരമായ വർഷമായിരുന്നു 2025. ലോകയും തുടരുമും കളങ്കാവലുമൊക്കെ മലയാള സിനിമയെ വാനോളം ഉയർത്തി. വ്യത്യസ്തമാർന്ന പ്രമേയങ്ങളിലൂടെയും ബോക്സ് ഓഫീസ് കളക്ഷനിലൂടെയും മലയാള സിനിമ ഈ വർഷം വിസ്മയം തീർത്തു. ത്രില്ലറുകളും ഫീൽ ​ഗുഡും ഹൊററുമൊക്കെയായി മലയാളികൾ ഈ വർഷം അങ്ങനെ ആഘോഷമാക്കി.

ഒരു സൈഡിൽ നായകൻമാർ കയ്യടി വാരി കൂട്ടിയപ്പോൾ മറുവശത്ത് നടിമാരും കിടിലൻ പെർഫോമൻസുകളിലൂടെ അക്ഷരാർഥത്തിൽ ‍ഞെട്ടിച്ചു. ലോക, വിക്ടോറിയ, ഫെമിനിച്ചി ഫാത്തിമ, തടവ്, തിയേറ്റർ: എ മിത്ത് ഓഫ് റിയാലിറ്റി പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി മലയാളത്തിന്റെ നടിമാർ ബോക്സ്ഓഫീസിൽ ശക്തമായ സാന്നിധ്യമായി.

അതോടൊപ്പം മലയാള സിനിമകളുടെ ബജറ്റിനെക്കുറിച്ചും തെന്നിന്ത്യൻ സിനിമാ ലോകവും ബോളിവുഡും ചർച്ചയാക്കി. ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെയാണ് ഇത്രയും ​ഗംഭീരമായി സിനിമ ചെയ്യാൻ സാധിക്കുക എന്നാണ് മോളിവുഡിനോട് മറ്റു ഭാഷകൾ ചോദിച്ചത്.

'ദിസ് ഈസ് സിനിമ, ദിസ് ഈസ് മോളിവുഡ്...' എന്ന് എല്ലാത്തരം സിനിമാ പ്രേക്ഷകരും ഒരുപോലെ പറഞ്ഞതും ഈ വർഷമായിരുന്നു. അടുത്ത വർഷവും മികച്ച സിനിമകളുമായി മോളിവുഡ് മറ്റൊരു വിസ്മയം തന്നെ തീർക്കുമെന്ന് കാര്യം ഉറപ്പാണ്. 2025 ൽ പണം വാരിയ മലയാള സിനിമകളിലൂടെ.

1. ലോക: ചാപ്റ്റർ 1 ചന്ദ്ര

Lokah Chapter 1 Chandra
Lokah Chapter 1 Chandraഫെയ്സ്ബുക്ക്

ലോക ആണ് ഈ വർഷം മലയാളത്തിൽ അഭിമാനകരമായ നേട്ടം സമ്മാനിച്ച ചിത്രം. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിലേക്ക് പറന്നിറങ്ങിയ മറ്റൊരു സൂപ്പർ ഹീറോ ചിത്രം. കല്യാണി പ്രിയദർശൻ ചന്ദ്ര ആയി എത്തിയ 'ലോക ചാപ്റ്റർ വൺ' മലയാളിക്കും സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്സ് സമ്മാനിച്ചു. ചാത്തനും ഒടിയനും നീലിയും കത്താനാരും ഉള്ള ഒരു സൂപ്പർ ഹീറോ യൂണിവേഴ്സ്. 300 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറി. സിനിമയുടെ സാങ്കേതിക തികവ് കണ്ട് ബോളിവുഡ് വരെ അമ്പരന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 303.2 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്.

2. എംപുരാൻ

Empuraan
Empuraanഫെയ്സ്ബുക്ക്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാനും ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായെത്തിയ എംപുരാൻ ആശിർവാദ് സിനിമാസ് ആണ് നിർമിച്ചത്. റിലീസിന് പിന്നാലെ മാസങ്ങളോളം വിവാ​ദങ്ങളും സിനിമയെ പിന്തുടർന്നു. എന്നാൽ വിമർശനങ്ങളും വിവാദവുമൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് വാസ്തവം. 268 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.

3. തുടരും

Thudarum
Thudarumഫെയ്സ്ബുക്ക്

ഈ വർഷത്തെ മോഹൻലാലിന്റെ രണ്ടാമത്തെ ഹിറ്റാണ് തുടരും. മോഹൻലാൽ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയ സിനിമയായിരുന്നു ഈ തരുൺ മൂർത്തി ചിത്രം. ഒരു സാധാരണ ടാക്സി ഡ്രൈവറായി മുണ്ടുടുത്ത് കളിച്ച് ചിരിച്ച് മോഹൻലാൽ എത്തിയപ്പോൾ ആരാധകരും അറിഞ്ഞ് കയ്യടിച്ചു. ഏറെക്കാലമായി ആരാധകർ കാണാൻ കൊതിച്ച മോഹൻലാലിനെ സമ്മാനിച്ചു എന്നത് തന്നെയാണ് തുടരും എന്ന സിനിമയുടെ പ്രത്യേകത. എം രഞ്ജിത് നിർമ്മിച്ച ചിത്രം തിയറ്ററിൽ നിന്ന് 235 കോടി രൂപയാണ് കളക്ട് ചെയ്തത്.

4. ഡീയസ് ഈറെ

Dies Irae
Dies Iraeഫെയ്സ്ബുക്ക്

മലയാള സിനിമയിലെ ക്ലീഷെ ഹൊറർ സിനിമകളെ പൊളിച്ചെഴുതിയ സംവിധായകനാണ് രാഹുൽ സദാശിവൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ ഒരുക്കിയ ഡീയസ് ഈറെയും ഈ വർഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട സിനിമ. കഥാപാത്രങ്ങളിലൂടെയും ഇടങ്ങളിലൂടെയുമാണ് ഈ സിനിമയിൽ രാഹുൽ കാണികളെ പേടിപ്പിക്കുന്നത്. നിശബ്ദതയെ ഭേദിച്ച് എത്തിയ സിനിമയിലെ ചെറിയ ശബ്ദങ്ങൾ പോലും കാണികളെ ഭയപ്പെടുത്തി. 82 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്.

5. കളങ്കാവൽ

Kalamkaval
Kalamkavalഫെയ്സ്ബുക്ക്

സിനിമകളുടെ തിരഞ്ഞെടുപ്പുകളിൽ മമ്മൂട്ടിയെപ്പോലെ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച നടൻമാർ വളരെ കുറവാണ്. പ്രത്യേകിച്ച് ഈ സമീപ കാലത്ത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കളങ്കാവലും അത്തരത്തിലൊന്നായിരുന്നു. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലര്‍ ആയാണ് മമ്മൂട്ടി എത്തിയത്. സ്റ്റാന്‍ലി ദാസ് എന്ന ഈ കഥാപാത്രം നായകനല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. പ്രതിനായകനാണ് ചിത്രത്തില്‍ മമ്മൂട്ടി. വിനായകനാണ് നായകന്‍. മമ്മൂട്ടി കമ്പനി സമീപകാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രൊമോഷന്‍ നടത്തിയ ചിത്രം കൂടിയാണ് ഇത്. 85.2 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.

6. ഹൃദയപൂർവം

Hridayapoorvam
Hridayapoorvamഫെയ്സ്ബുക്ക്

മോഹൻലാലിന്റെ ഈ വർഷത്തെ മൂന്നാമത്തെ ഹിറ്റായിരുന്നു ഹൃദയപൂർവ്വം. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഹൃദയപൂര്‍വ്വം. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. ചിത്രത്തിന്‍റെ ആഗോള തിയറ്റര്‍ കളക്ഷനും ബിസിനസും കൂടിച്ചേര്‍ന്ന തുകയാണിത്. മോഹൻലാലിനൊപ്പം സം​ഗീത് പ്രതാപും ചിത്രത്തിൽ കയ്യടി നേടി.

7. രേഖാചിത്രം

Rekhachithram
Rekhachithramഫെയ്സ്ബുക്ക്

'മരണം അതൊരു ഉറപ്പാണ്, എന്നാൽ അതിനേക്കാൾ വലിയ വേദനയാണ് കാത്തിരിപ്പ്...'- രേഖാ ചിത്രത്തിലെ ഈ ഡയലോ​ഗ് തന്നെയായിരുന്നു ആ ചിത്രത്തിന്റെ കാതലും. ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് രേഖ എന്നൊരു ജൂനിയർ ആർടിസ്റ്റിനെ കാണാതാകുന്നതും വർഷങ്ങൾക്ക് ശേഷം ആ കേസിൽ ഉണ്ടാകുന്ന ഒരു വഴിത്തിരിവുമാണ് സിനിമയുടെ ഇതിവൃത്തം. രേഖ എന്ന മമ്മൂട്ടിച്ചേട്ടന്റെ ആരാധികയുടെ കഥ ചുരുൾ നിവരുമ്പോൾ പലവട്ടം സിനിമ നമ്മളെ അത്ഭുതപ്പെടുത്തും. ആൾട്ടർനേറ്റീവ് ഹിസ്റ്ററിയെ ഇൻവസ്റ്റി​ഗേഷൻ ത്രില്ലറിലേക്ക് സംയോജിപ്പിച്ച സംവിധായകൻ 'കാതോട് കാതോരം' ലൊക്കേഷനെ തന്റെ കഥയുടെ പശ്ചാത്തലമാക്കി. ആസിഫ് അലി നായകനായ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. 57.30 കോടിയാണ് രേഖാ ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്.

8. സർവ്വം മായ

Sarvam Maya
Sarvam Mayaഫെയ്സ്ബുക്ക്

ഈ വർഷം ക്രിസ്മസ് റിലീസായെത്തിയ മലയാള ചിത്രമായിരുന്നു നിവിൻ പോളിയുടെ സർവ്വം മായ. നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ മടങ്ങി വരവ് കൂടിയായിരുന്നു സർവ്വം മായ. ഇപ്പോഴിതാ 50 കോടി എന്ന നാഴികകല്ലും പിന്നിട്ടിരിക്കുകയാണ് സർവ്വം മായ. റിലീസ് ചെയ്ത് അഞ്ചാമത്തെ ദിവസമാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത്. നിവിനൊപ്പം അജു വർ​ഗീസും റിയ ഷിബുവും സ്കോർ ചെയ്തു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ ഈ വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.

Summary

Cinema News: Highest- Grossing Malayalam Movies this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com