

ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. നീരജ് ഗെയ്‌വാൻ സംവിധാനം ചെയ്ത ചിത്രം 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ധർമ്മ പ്രൊഡക്ഷൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാമൂഹിക യാഥാർഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും വരച്ചുകാട്ടുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ദ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച 'ടേക്കിങ് അമൃത് ഹോം' എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെയാണ് ഇഷാൻ ഖട്ടറും വിശാൽ ജെത്വ അവതരിപ്പിച്ചത്.
പൊലീസ് ഫോഴ്സിൽ പ്രവേശിക്കുന്നത് സ്വപ്നം കാണുന്ന രണ്ടു പേർ. സാമൂഹിക മതിലുകൾ മറികടന്ന് ജീവിതം സ്വന്തമാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾ. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതിയായി ജാൻവി കപൂർ എത്തുന്നു. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ കഥയാണ് ‘ഹോംബൗണ്ട്’.
കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. പിന്നാലെ ടൊറന്റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടി. അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ സെക്കൻഡ് റണ്ണറപ്പും ആയിരുന്നു ഹോംബൗണ്ട്.
അതേസമയം സിനിമയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. 2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ 'മാസാൻ' എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹോംബൗണ്ട്'.
24 ചിത്രങ്ങളോട് മത്സരിച്ചാണ് 'ഹോംബൗണ്ടി'നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. ദ് ബംഗാള്‍ ഫയല്‍സ്, പുഷ്പ 2, കേസരി ചാപ്റ്റര്‍ 2, കണ്ണപ്പ, കുബേര, ഫുലെ തുടങ്ങി ബോക്സ് ഓഫീസിൽ വാൻ വിജയങ്ങൾ നേടിയ ചിത്രങ്ങളടക്കം സെലക്ഷന്‍ കമ്മിറ്റിയുടെ മുൻപിൽ എത്തിയിരുന്നു. മലയാളിയായ രാജീവ് അഞ്ചല്‍ ഉള്‍പ്പെടെ 14 പേരായിരുന്നു സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബർ 26 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
