

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയായ നടിയാണ് ഹണി റോസ്. കരിയറിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ താരം ഉദ്ഘാടനങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളിലും ഹണി റോസ് അകപ്പെടാറുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ ഉദ്ഘാടന റാണി എന്ന പേരും താരത്തിന് കിട്ടി.
ഇപ്പോഴിതാ തന്റെ ഉദ്ഘാടനങ്ങളെ പറ്റിയും നെഗറ്റീവ് കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് ഹണി. അമ്മ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹണി റോസിന്റെ പ്രതികരണം. ഒരു മാസം എത്ര ഉദ്ഘാടനം ചെയ്യും എന്ന അവതാരകൻ ബാബു രാജിന്റെ ചോദ്യത്തിനായിരുന്നു ഹണിയുടെ മറുപടി.
"ഒത്തിരി ഒന്നുമില്ല. വളരെ കുറവേ ഉള്ളൂ. കേരളത്തിലെ എല്ലാത്തരം ഷോപ്പുകളും ഉദ്ഘാടന പരിപാടിക്ക് അഭിനേതാക്കളെ വിളിക്കാറുണ്ട്. തമിഴിലും തെലുങ്കിലും ഒക്കെ കൂടുതലും ജ്വല്ലറിയും ടെക്സ്റ്റൈൽസും മാത്രമേ ഉണ്ടാകാറുള്ളൂ. പിന്നെ ചുരുക്കം ഹോട്ടലുകൾ. നമ്മളെ സമീപിക്കുന്നവരെ ഒന്നും നിരാശരാക്കാറില്ല. ഞാനൊരു മരുന്നു കട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മരുന്നുകളും ക്രീമുകളുമൊക്കെ ഉള്ള ഒരു ഷോപ്പ് ആയിരുന്നു.
പിന്നെ എനിക്കൊരു പെട്രോൾ പമ്പ് ഉദ്ഘാടനം വന്നിരുന്നു. എന്നെക്കൊണ്ട് പെട്രോൾ പമ്പ് ഒക്കെ ഉദ്ഘാടനം ചെയ്യിക്കുന്നത് എന്തിനാണെന്ന് അറിയില്ല. ഇതൊക്കെ ഭയങ്കര രസമുള്ള കാര്യങ്ങളല്ലേ. പെട്രോൾ പമ്പ് ഉദ്ഘാടനം പക്ഷേ പിന്നീട് നടന്നില്ല.’’ ഹണി റോസ് പറയുന്നു. നെഗറ്റീവ് കമന്റുകളെക്കുറിച്ചും ഹണി സംസാരിച്ചു.
"ഞാൻ കമന്റുകൾ നോക്കാറില്ല. നെഗറ്റീവ് കമന്റുകൾ കൊണ്ട് എനിക്കിതുവരെ ഒരു മോശവും സംഭവിച്ചിട്ടില്ല. സ്വസ്ഥമായിട്ടും സമാധാനമായിട്ടും മാത്രമേ പോയിട്ടുള്ളൂ. പറയുന്നവർ പറയട്ടെ. ഓരോ ആളുകളല്ലേ. അവരുടെ ചിന്തകളല്ലേ. അതിലൊന്നും നമ്മുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് എടുക്കാൻ തുടങ്ങിയാൽ ഒരു മനസമാധാനവും ഉണ്ടാവില്ല.
ഒരു കാര്യവും ചെയ്യാനും പറ്റില്ല. ജീവിതം ഇരുട്ടിലായി പോകും. അതിന്റെ ഒന്നും ആവശ്യമില്ല."- ഹണി റോസ് പറഞ്ഞു. റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates