മറ്റു സെലിബ്രിറ്റികളെല്ലാം പഴയ യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് ആശ്വാസം തേടുമ്പോൾ തന്റെ തുർക്കി ദിനങ്ങളുടെ മനോഹരമായ ചിത്രങ്ങൾകൊണ്ട് സോഷ്യൽ മീഡിയ ഫീഡ് നിറയ്ക്കുകയാണ് പരിണീതി ചോപ്ര. ലോക്ക്ഡൗൺ ദിനങ്ങളൊന്നും ബാധിക്കാതെ കറങ്ങിനടക്കുകയായാണ് താരം. അതിനു പിന്നാലെ ആരാധകർക്കും സംശയമായി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം യാത്ര വിലക്ക് നേരിടുന്നതിനിടയിൽ പരിണീതി എങ്ങനെ കടലു കടന്നു? ഇതായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോൾ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുൻപേ താൻ രാജ്യത്തിനു പുറത്താണ് എന്നാണ് താരം പറയുന്നത്. "ഇന്ത്യയിൽ നിന്നും മിക്കവർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞാൻ ഇത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, മാർച്ച് മുതൽ ഞാൻ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാൻ നിസ്സാരമായി കാണുന്നുമില്ല”- പരിണീതി കുറിച്ചു.
തുർക്കിയിൽ നിന്നുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ബിക്കിനിയിൽ കടപ്പുറത്ത് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ ചിത്രമെടുക്കുന്നതിന് മുൻപ് ഞാൻ പ്രാണായാമ ചെയ്യുകയായിരുന്നു, ഓകെ അതൊരു നുണയാണ്- എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രം. തനിക്ക് അസൂയ തോന്നുന്നുവെന്നാണ് പരിണീതി പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നടിയും പരിണീതിയുടെ സഹോദരിയുമായ പ്രിയങ്ക ചോപ്ര കുറിച്ചത്.
അടുത്തടുത്തായി മൂന്ന് ചിത്രങ്ങളാണ് പരിണിതിയുടേതായി പുറത്തുവന്നത്. ഏറ്റവും പുതിയ ചിത്രം ‘ സന്ദീപ് ഔർ പിങ്കി ഫറാർ’ നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടുകയാണ്. അർജുൻ കപൂറാണ് ചിത്രത്തിലെ നായകൻ. ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് പരിനീതിയുടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം. ദി ഗേൾ ഓൺ ദി ട്രെയിനും നെറ്റ്ഫ്ളിക്സിലൂടെ താരത്തിന്റേതായി പുറത്തുവന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates