

വിജയ്ക്കാണോ അജിത്തിനാണോ ഏറ്റവും കൂടുതൽ ആരാധകരുള്ളത് എന്ന ചോദ്യം തമിഴകത്ത് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. തമിഴകത്തെ ഫാൻ ഫൈറ്റുകളിൽ മിക്കപ്പോഴും അജിത്തും വിജയിയും ഇടം നേടാറുമുണ്ട്. എന്നാൽ താര ആരാധനയെ തീരെ പ്രോത്സാഹിപ്പിക്കാറില്ല അജിത്. മുൻപ് ആരാധകർ വിളിച്ചിരുന്ന 'തല' എന്ന അഭിസംബോധന അവസാനിപ്പിക്കാൻ അജിത് ആവശ്യപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ നടൻ പങ്കുവെച്ച പുതിയ പ്രസ്താവനയും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്റെ ആരാധകർ പങ്കുവെച്ച 'കടവുളേ അജിത്തേ' എന്ന അഭിസംബോധന സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പൊതു ഇടങ്ങളിലും മതപരമായ ചടങ്ങുകളിൽ പോലും ആരാധകർ ഈ വാക്കുകൾ വിളിച്ചിരുന്നു. ഈ അഭിസംബോധന അവസാനിപ്പിക്കണമെന്നാണ് അജിത് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത്തരം വിളികള്‍ അസ്വസ്ഥയുണ്ടാക്കുന്നതും, അലോസരപ്പെടുത്തുന്നതുമാണെന്നാണ് താരം പറയുന്നത്.
'കടവുളേ...അജിത്തേ' എന്ന വിളി അടുത്തിടെയാണ് വൈറലായി മാറിയത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. ഇതോടെയാണ് ചൊവ്വാഴ്ച അജിത് തന്റെ പിആർ ആയ സുരേഷ് ചന്ദ്ര മുഖേന തമിഴിലും ഇംഗ്ലീഷിലും പ്രസ്താവന പുറത്തിറക്കിയത്.
"കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ....', 'അജിത്തേ' എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേർക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
പൊതുസ്ഥലങ്ങളിൽ ഈ മുദ്രാവാക്യം വിളിക്കുന്ന എല്ലാവരോടും ഇത് ഉടൻ നിർത്താനും. അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കാനും ശ്രമിക്കണം. എല്ലാവരോടും എന്‍റെ ആത്മാർഥമായ അഭ്യർഥന, കഠിനാധ്വാനം ചെയ്യുക, ആരെയും വേദനിപ്പിക്കാതെ, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക, നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കുക എന്നാണ്"- അജിത് പ്രസ്താവനയിൽ പറയുന്നു. അതേസമയം വിടാമുയിർച്ചിയാണ് അജിത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates