രാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരയോദ്ധാവ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാവുകയാണ്. അദിവി ശേഷ് നായകനായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സന്ദീപിന്റെയും അദിവി ശേഷിന്റേയും രൂപസാദൃശ്യം വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റർ. സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനു മുൻപ് അനുവാദം ചോദിക്കാനായി അദിവി ശേഷ് അദ്ദേഹത്തിന്റെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു. അനുവാദം തന്നുകൊണ്ട് അമ്മ ധനലക്ഷ്മി പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സ്പർശിക്കുന്നതായിരുന്നു എന്നാണ് അദിവി ശേഷ് പറയുന്നത്.
ടെലിവിഷനിൽ അദ്ദേഹത്തെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കണ്ടപ്പോൾ തന്റെ കുടുംബത്തിലുള്ള ഒരാളെപ്പോലെയാണ് തോന്നിയത്. അദ്ദേഹത്തിൻറെ കണ്ണുകളിലെ തീക്ഷണത, ചിരി മറച്ചുപിടിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ ചുണ്ടുകൾ അവയൊക്കെയാണ് തന്നെ ഏറെ ആകർഷിച്ചുവെന്നുമാണ് 'മേജർ ബിഗിനിംഗ്‌സ്' എന്ന് പേരിട്ട വിഡിയോയിലൂടെ അദിവി ശേഷ് പറഞ്ഞത്. മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ച തന്റെ യാത്രയെക്കുറിച്ചാണ് നടൻ മനസു തുറക്കുന്നത്.
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കാനുള്ള ആഗ്രഹവുമായാണ് അദ്ദേഹത്തിൻറെ മാതാപിതാക്കളായ റിട്ട. ഐഎസ്ആർഒ ഓഫീസർ കെ.ഉണ്ണികൃഷ്ണനേയും അമ്മ ധനലക്ഷ്മിയേയും കാണുന്നത്. എന്നാൽ ആദ്യം അവർ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് സിനിമ ഒരുക്കുന്നതെന്ന് പറഞ്ഞു. ഇതെക്കുറിച്ച് ഒരുപാട് സംസാരിച്ചപ്പോഴാണ് അവർക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലായത്. കുറച്ച് നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു, നിന്നിൽ ഞാൻ എന്റെ മകനെ കാണുന്നുവെന്ന്. അത് തന്നെയായിരുന്നു ആ ജീവിതം സിനിമയാക്കുന്നതിനുള്ള അവരുടെ സമ്മതപത്രവും.''- അദിവി ശേഷ് പറഞ്ഞു.
മേജർ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റുസും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്ഷൻസും ചേർന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. 2008 ഭീകരാക്രമണത്തിലാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ കൊല്ലപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates