

ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ. പ്രേക്ഷകരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' എന്ന സിനിമയിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി...' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും വെടിച്ചില്ല് ഐറ്റമാണ്. തനി ടാൻസാനിയൻ വേഷത്തിലാണ് ഫാസ്റ്റ് നമ്പറിൽ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാർ ഈണമിട്ട് ജാസി ഗിഫ്റ്റും അനാർക്കലി മരിക്കാറും കിലി പോളും ചേർന്നാണ് പാടിയിരിക്കുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് 'ഇന്നസെന്‍റ്'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത് ശ്രീകുമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates