

അവസരങ്ങൾക്കായി ശ്രമം തുടരുന്നതിനിടെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെത്തുന്നതെന്നു പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ്. പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് തനിക്കു പാടി തന്ന ഒറ്റ ഗായകനേ ഉള്ളുവെന്നും അത് എസ്പി ബാലസുബ്രഹ്മണ്യം ആണെന്നും അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ സംബന്ധിച്ച് എന്റെ പ്രതീക്ഷയ്ക്കും അപ്പുറത്ത് പാടി തന്ന ആൾ എസ്പിബിയാണ്'- ജെറി അമൽദേവ് വ്യക്തമാക്കി.
'ജോസഫ് മാളിയേക്കൽ എന്ന എന്റെ ഒരു പെങ്ങളുടെ ഭർത്താവ് വഴിക്കാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെത്തിയത്. അദ്ദേഹം സയന്റിസ്റ്റാണ്. അദ്ദേഹത്തിന്റെ അമ്മാവൻമാരിൽ ഒരാൾ നവോദയ അപ്പച്ചന്റെ സഹായിയാണ്. അദ്ദേഹത്തിന്റെ അമ്മാവൻ വഴി നവോദയ അപ്പച്ചനുമായി ബന്ധപ്പെടുന്നു. അങ്ങനെയാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അവസരം കിട്ടിയത്.'
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയ്ക്ക് സംഗീത സംവിധായകനായി കൊണ്ടു വരാൻ ഉദ്ദേശിച്ചിരുന്നത് എംബി ശ്രീനിവാസനെയായിരുന്നു. ഞാൻ ഇത്തരത്തിൽ ഇവരുടെ മുൻപിൽ പെട്ടപ്പോഴാണ് അവർ മാറി ചിന്തിക്കാമെന്നു തീരുമാനിച്ചത്. അങ്ങനെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംഗീതം ചെയ്തു.'
നവോദ അപ്പച്ചനുമായുള്ള കണ്ടുമട്ടലിന്റെ അനുഭവവും അദ്ദേഹം പങ്കിട്ടു. നവോദയ അപ്പച്ചൻ അദ്ദേഹത്തോടു പറഞ്ഞതിനെ ഓർത്താണ് ജെറി അമൽദേവ് വിവരിച്ചത്.
'ഫാസിൽ, സിബി മലയിൽ, മധു മുട്ടം എന്റെ മകൻ ജിജോ എന്നിവരെല്ലാം ചേർന്നു പുതിയ സിനിമയുടെ ആലോചനയിലാണ്. എന്റെ അഭിപ്രായത്തിൽ പ്രേംനസീറും ഷീലയും ഇല്ലെങ്കിൽ നമ്മുടെ ആളുകളൊന്നും സിനിമ കാണാൻ വരില്ല. ഇത്തിരിയില്ലാത്ത ഈ പിള്ളേരെയൊന്നും ഹീറോ ആക്കിയിട്ടു കാര്യമില്ല. എന്നാൽ മകൻ ജിജോ അതിനു സമ്മതിക്കുന്നില്ല. തച്ചോളി അമ്പുവിനേയും ഒതേനനേയും കൊണ്ടു എത്ര നാൾ ഇരിക്കുമെന്നു അവൻ ചോദിക്കുന്നു. സാധാരണക്കാരുടെ കഥ പറയാം എന്നു പറഞ്ഞാണ് അവർ ഇതിനൊരുങ്ങിയത്. എല്ലാ റിസ്കും എടുത്തു ഒരു ചെറിയ സിനിമ ഉണ്ടാക്കാം എന്നാണ് തീരുമാനിച്ചത്. അതിനാണ് പാട്ടു വേണ്ടത്'- അദ്ദേഹം എന്നോടു പറഞ്ഞു.
'തൊട്ടപ്പുറത്തെ മുറിയിൽ ഫാസിലടക്കമുള്ളവർ ഇരിക്കുന്നു. അവർ എന്തൊക്കയോ പറയുന്നു. അതിനിടെ ഫാസിൽ, ആപ് കി നസ്റോംനെ സംഝാ എന്നൊരു പാട്ടുണ്ട്. അതുപോലൊരു പാട്ടുണ്ടാക്കാൻ സാധിക്കുമോ എന്നു ചോദിച്ചു. ഞാൻ അതേ ലിറിക്സ് മറ്റൊരു ഈണത്തിൽ പാടി. ഇത്ര പെട്ടെന്നു എങ്ങനെ സാധിച്ചുവെന്നു അവർ അമ്പരന്നു ചോദിച്ചു. ലിറിക്സ് കിട്ടിയാൽ അതു എങ്ങനെ വേണമെങ്കിലും കൊണ്ടു പോകാമെന്നു ഞാൻ അവർക്കു മറുപടി നൽകി.'
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കാണാൻ 35 ദിവസം ആരും വന്നില്ല. പക്ഷേ അപ്പച്ചൻ സാർ അതു വെറുതെ വിട്ടില്ല. 'മഞ്ഞണി കൊമ്പിൽ...' അടക്കമുള്ള പാട്ടുകളുടെ റെക്കോർഡ് അദ്ദേഹം കോളാമ്പിക്കാർക്ക് മുഴുവൻ വിതരണം ചെയ്തു. ആ പാട്ടുകൾ അവരുടെ പരിപാടികളിൽ കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. എല്ലാ തിയേറ്ററുകാരോടും കാശ് തന്നേക്കാം എന്നു പറഞ്ഞ് അദ്ദേഹം സിനിമ ഓടിക്കാൻ ആവശ്യപ്പെട്ടു. പാട്ടുകൾ കേൾക്കാൻ തുടങ്ങിയതോടെ അതന്വേഷിച്ചാണ് പലരും സിനിമ കാണാൻ എത്തി തുടങ്ങിയത്.'
താൻ രണ്ടാമത് സംഗീതം ചെയ്ത ധന്യ എന്ന സിനിമ പൊട്ടിത്താറുമാറായെന്നും ജെറി അമൽദേവ് പറയുന്നു- 'ആ സിനിമയിലും നല്ലൊരു പാട്ടുണ്ട്. ധന്യേ നീയെന്റെ ജീവന്റെ ഇതളിൽ കാലം തീർക്കും കണ്ണീരോ... കേട്ടിട്ടില്ല അല്ലേ. നവോദയ അപ്പച്ചന്റെ ഉദയായ്ക്കു വേണ്ടി ഫാസിലും കുഞ്ചാക്കോ ബോബന്റെ അപ്പൻ ബോബനും ചേർന്നാണ് സിനിമ ഒരുക്കിയത്. ഇരുവരും ക്ലാസ്മേറ്റ്സാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഹിറ്റായപ്പോൾ എന്നാൽ നമുക്കും ഒരെണ്ണം ഉണ്ടാക്കിക്കൂടെ എന്നു ചോദിച്ചാണ് ധന്യയിലേക്ക് വിളിക്കുന്നത്. പക്ഷേ സിനിമ വിജയിച്ചില്ല'- ജെറി അൽദേവ് കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates