നടന്‍ ഹുമയൂണ്‍ എര്‍ഷാദി അന്തരിച്ചു; വിടവാങ്ങിയത് ഇറാനിയന്‍ സിനിമയിലെ ഇതിഹാസം
തെഹ്‌റാനിലെ ട്രാഫിക്കില്‍ റെഡ് ലൈറ്റും കണ്ട് കിടക്കുകയായിരുന്ന കാറിന്റെ വിന്‍ഡോയില്‍ ആരോ തട്ടി വിളിക്കുന്നു. വിന്‍ഡോ താഴ്ത്തി ആരെന്ന് ചോദിച്ചപ്പോള്‍ ഞാനൊരു സിനിമ ചെയ്യുന്നുണ്ട്, നിങ്ങള്‍ക്ക് അതില്‍ അഭിനയിക്കാന്‍ സാധിക്കുമോ? എന്നൊരു ചോദ്യമായിരുന്നു മറുപടി. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി ആ കൂടിക്കാഴ്ച. കാറിന്റെ വിന്‍ഡോയില്‍ തട്ടിയത് വിഖ്യാത സംവിധായകന്‍ അബ്ബാസ് കിയറോസ്തമിയും അകത്തിരുന്നത് പിന്നീട് ഇറാന്‍ സിനിമയിലെ ഏറ്റവും മഹാനായ നടന്മാരില്‍ ഒരാളായി മാറിയ ഹുമയൂണ്‍ എര്‍ഷാദിയും.
കിയറോസ്തമിയുടെ ടേസ്റ്റ് ഓഫ് ചെറിയില്‍ അഭിനയിക്കുമ്പോള്‍ എര്‍ഷാദിയുടെ പ്രായം അമ്പതിലേക്ക് അടുത്തിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട കരിയറില്‍ അദ്ദേഹം 90 ഓളം സിനിമകളില്‍ അഭിനയിച്ചു. ലോകമറിയപ്പെടുന്ന നടനായി, ഇറാനിയന്‍ സിനിമയുടെ ഇതിഹാസങ്ങളിലൊന്നായി. മരണത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയിലൂടെ തുടങ്ങി, അമരത്വം നേടിയ എഷാര്‍ദി ജീവിതത്തില്‍ നിന്നും വിടവാങ്ങിയിരിക്കുകയാണ്.
നവംബര്‍ 11 ന് ഹുമയൂണ്‍ എര്‍ഷാദി അന്തരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാന്‍സര്‍ ബാധിതനായിരുന്ന എര്‍ഷാദിയ്ക്ക് മരിക്കുമ്പോള്‍ 78 വയസായിരുന്നു. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്.
1947 ലാണ് എര്‍ഷാദിയുടെ ജനനം. സിനിമ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. ആര്‍കിടെക് ആയിരുന്നു അദ്ദേഹം. പത്ത് വര്‍ഷത്തിലധികം ഇറ്റലിയിലെ വാന്‍കൂവറില്‍ ജോലിയും ചെയ്തു. ജന്മനാടായ തെഹ്‌റാനിലേക്കുള്ള തിരിച്ചുവരവിലാണ് അപ്രതീക്ഷിതമായി അബ്ബാസ് കിയറോസ്തമയുടെ കണ്ണില്‍ പെടുന്നതും സിനിമയിലെത്തുന്നതും. ഇറാനിയന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായ ടേസ്റ്റ് ഓഫ് ചെറിയിലൂടെ അങ്ങനെ അരങ്ങേറി. കാനില്‍ പാം ഡി ഓര്‍ നേടിയ സിനിമ എര്‍ഷാദിയ്ക്ക് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു.
90 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ക് ഫോര്‍സ്റ്ററിന്റെ 2007 ല്‍ പുറത്തിറങ്ങിയ കൈറ്റ് റണ്ണറിലൂടെയാണ് വെസ്റ്റേണ്‍ സിനിമയില്‍ ശ്രദ്ധേയനാകുന്നത്. അഗോറ, സീറോ ഡാര്‍ക് തേര്‍ട്ടി, ഉട്ടോപ്യ, ലേലാഹ്, മഹൂര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Iranian actor Homayoun Ershadi passed away.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

