

കെജിഎഫ് എന്ന ഒരൊറ്റ ചിത്രം മതി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് യഷ് എന്ന നടനെ എക്കാലവും ഓർത്തിരിക്കാൻ. ഇപ്പോഴിതാ തന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ആരാധകർ നടത്തുന്ന പരിപാടികളിൽ കരുതൽ വേണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് യഷ്. ആരാധകർ നൽകുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും എന്നാൽ സ്നേഹത്തിന്റെ ഭാഷ മാറ്റേണ്ടത് അനിവാര്യമാണെന്നും നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യഷ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
"പുതു വർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്. വർഷങ്ങളായി നിങ്ങൾ എല്ലാവരും എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷേ, നിർഭാഗ്യകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. എടുത്തു പറയുകയാണെങ്കിൽ എന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളകളിൽ നിങ്ങളുടെ സ്നേഹത്തിന്റെ ഭാഷ. അത് മാറ്റേണ്ട സമയമായിരിക്കുന്നു. ആഡംബര പ്രകടനങ്ങളിലൂടെയോ ഒത്തു ചേരലുകളിലൂടെയോ ആയിരിക്കരുത് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കേണ്ടത്. നിങ്ങൾ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനം.
നല്ല ഉദാഹരണങ്ങൾ ഉണ്ടാക്കുക, നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക, സന്തോഷം പകരുക", - യഷ് പറഞ്ഞു. പിറന്നാൾ ദിനത്തിൽ ഷൂട്ടിങ് തിരക്കിലായിരിക്കുമെന്നും നാട്ടിൽ ഉണ്ടാകില്ലെന്നും അറിയിച്ച യഷ് പുതുവത്സര ആശംസകളും ആരാധകർക്ക് നേർന്നിട്ടുണ്ട്. ജനുവരി എട്ടിനാണ് യഷിന്റെ പിറന്നാൾ. കഴിഞ്ഞ വർഷം യഷിന്‍റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകർ മരിച്ച സംഭവം കണക്കിലെടുത്താണ് നടൻ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്.
കനത്ത സുരക്ഷാവലയത്തിൽ അനുശോചനം അറിയിക്കാൻ യഷ് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ഒപ്പം ഇവരുടെ കുടുംബാംഗങ്ങൾക്ക് സഹായവും യഷ് നൽകിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിലാണ് യഷ് ഇപ്പോൾ അഭിനയിക്കുന്നത്. 2025ല്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates