

'മൈക്കൽ' എന്ന ഒറ്റ സിനിമ കൊണ്ട് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ജാഫര്‍ ജാക്സൺ. മൈക്കൽ ജാക്‌സന്റെ മൂത്ത സഹോദരന്‍ ജെര്‍മെയ്ന്‍ ജാക്സന്റെ മകനാണ് ജാഫർ. മൈക്കൽ ജാക്സന്റെ ബയോപിക് ആയെത്തിയ ചിത്രം ഇന്ത്യയിലും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയിരിക്കുകയാണ്.
മൈക്കൽ ജാക്സന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ആൽബങ്ങളിലൊന്നായിരുന്നു 'ത്രില്ലർ'. ജോൺ ലൻഡിസ് സംവിധാനം ചെയ്ത ഈ മ്യൂസിക് വിഡിയോ 1983 ലാണ് റിലീസ് ചെയ്യുന്നത്. അന്റോയിൻ ഫുക്വ സംവിധാനം ചെയ്ത 'മൈക്കൽ' എന്ന ചിത്രത്തിൽ 'ത്രില്ലർ' എന്ന ഈ മ്യൂസിക് ആൽബവും റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.
'ത്രില്ലർ' പുനർനിർമിച്ചതിനെക്കുറിച്ച് ജാഫർ ജാക്സൺ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. ദ് ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫലോൺ എന്ന ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ജാഫർ. മൈക്കൽ ജാക്സൺ 'ത്രില്ലർ' ചിത്രീകരിച്ച അതേ സ്ഥലത്താണ് തങ്ങൾ അത് റീക്രിയേറ്റ് ചെയ്തതെന്നും ജാഫർ വെളിപ്പെടുത്തി.
രണ്ട് രാത്രിയെടുത്താണ് അത് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിലായിരുന്നു ചിത്രീകരണം മുഴുവൻ. ആ രാത്രികളിൽ ഒരു ദിവസം പൂർണ ചന്ദ്രൻ ഉണ്ടായിരുന്നുവെന്നും നല്ല തണുപ്പായിരുന്നുവെന്നും ജാഫർ ഓർത്തെടുത്തു. "ആ സ്ഥലം, പിന്നെ എനിക്ക് ചുറ്റും സോമ്പികൾ... ശരിക്കും ആ സ്ഥലത്ത് ആയിരുന്നു എന്ന കാര്യം അവിശ്വസനീയമായിരുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട വിഡിയോകളിലൊന്നാണത്. മറ്റൊന്ന് 'സ്മൂത്ത് ക്രിമിനൽ' ആണ്. പക്ഷേ യഥാർഥ ലൊക്കേഷനിൽ തന്നെ നമ്മൾ അത് ചെയ്തു എന്ന കാര്യം തികച്ചും അവിശ്വസനീയമായിരുന്നു".- ജാഫർ ജാക്സൺ പറഞ്ഞു. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ജാഫർ തന്റെ ബിഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം നടത്തിയത്.
തനിക്ക് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ഒന്നുമില്ലായിരുന്നുവെന്നും ഒരു ഗോൾഫ് കളിക്കാരൻ ആകണമെന്നായിരുന്നു ആഗ്രഹമെന്നും ജാഫർ കൂട്ടിച്ചേർത്തു. പക്ഷേ താൻ വളർന്നത് മൈക്കലിന്റെ വിഡിയോകൾ കണ്ടും അദ്ദേഹത്തിന്റെ ചുവടുകൾ പഠിച്ചും ആയിരുന്നുവെന്നും ജാഫർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates