

2022 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു സിസു. ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിലും തരംഗം തീർത്ത ചിത്രമായിരുന്നു സിസു. ജൽമാരി ഹെലൻഡർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഒരു വാർ- ആക്ഷൻ മൂവി ആയാണ് പ്രേക്ഷകരിലേക്കെത്തിയത്. ജോർമ ടോമില ആണ് ചിത്രത്തിൽ നായകനായെത്തിയത്. ജോർമ അവതരിപ്പിച്ച ആറ്റമി കോർപി എന്ന കഥാപാത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ മനം കവർന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ സിസു: റോഡ് ടു റിവഞ്ച് റിലീസിനൊരുങ്ങുകയാണ്. ഇന്ത്യയിലും ഈ മാസം 21 നാണ് ചിത്രം റിലീസിനെത്തുന്നത്. സെൻസർ ബോർഡിന്റെ വെട്ടിച്ചുരുക്കലുകൾക്കൊന്നും വിധേയമാകാതെയാണ് സിസു രണ്ടാം ഭാഗം ഇന്ത്യയിൽ റിലീസിനെത്തുന്നത്. ഇപ്പോഴിതാ ചിത്രം ഇന്ത്യയിൽ റിലീസിനെത്തുന്നതിനെക്കുറിച്ച് സംവിധായകൻ ജൽമാരി ഹെലൻഡർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഇന്ത്യയിൽ സിനിമകൾക്ക് നേരിടുന്ന സെൻസർഷിപ്പിനെക്കുറിച്ച് ബോളിവുഡ് ഹംഗാമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സിനിമകൾക്ക് വലിയ രീതിയിൽ സെൻസർ കട്ട് ഉണ്ടാകാറുണ്ട്. എ സർട്ടിഫിക്കറ്റ് കിട്ടുന്ന സിനിമകൾക്ക് പോലും സിബിഎഫ്സി വലിയ കട്ടുകൾ നിർദേശിക്കാറുണ്ട്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു സംവിധായകനോടുള്ള ചോദ്യം.
"എനിക്ക് ഇത്തരം കാര്യങ്ങളോട് ഭയങ്കര വെറുപ്പാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഫിൻലൻഡിലും ഇത് ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് ഇതേക്കുറിച്ച് സംസാരിക്കാൻ കഴിയും. റോബോകോപ്പ് പോലെയുള്ള സിനിമകൾ ആദ്യം കണ്ടപ്പോൾ, ആ സിനിമയിൽ ശരിക്കും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ കണ്ടില്ല, അത് ശരിക്കും അരോചകമായിരുന്നു.
പിന്നീട്, അതിന്റെ ഒറിജിനൽ, കട്ട് ചെയ്യാത്ത പതിപ്പ് കാണാൻ അവസരം കിട്ടിയപ്പോഴാണ് ആ സിനിമയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായത്. അത് കണ്ടപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. ഒരാളുടെ കലയെ നശിപ്പിക്കുന്നതിലൂടെ എന്ത് ഉദ്ദേശ്യമാണ് നിറവേറുന്നതെന്ന് എനിക്കറിയില്ല.
ആളുകൾക്ക് ഒരു സിനിമയിൽ താല്പ്പര്യമുണ്ടെങ്കിൽ, അത് കാണണോ വേണ്ടയോ എന്നുള്ളത് അവരുടെ ഉത്തരവാദിത്വമാണ്. സിസു: റോഡ് ടു റിവഞ്ച് ഇന്ത്യയിൽ റിലീസ് ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല".- സംവിധായകൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates