ഹോട്ടൽ ബാൻഡിൽ കീബോർഡിസ്റ്റ്! ഏറ്റവും കൂടുതൽ പാടിയത് തെലുങ്കിൽ; ആരാണ് ഈ മലയാളി ​ഗായകൻ എന്നറിയാമോ?

തെലുങ്കിലാണ് ഞാൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിരിക്കുന്നത്.
Jassie Gift
വിഡിയോ സ്ക്രീൻഷോട്ട്

'ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ...'എന്ന പാട്ടിലൂടെ വ്യത്യസ്തമായ ശബ്ദവും സം​ഗീതവും കൊണ്ട് മലയാള സിനിമയിലെത്തിയ സം​ഗീത സംവിധായകനും ​ഗായകനുമാണ് ജാസി ​ഗിഫ്റ്റ്. അന്ന് വരെ മലയാളികൾ കേട്ട് ശീലിച്ചതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു 'ഫോർ ദ് പീപ്പിളി'ലെ ആ ​ഗാനം. ഇന്നും ലജ്ജാവതിയെ എല്ലാവരുടേയും പ്രിയപ്പെട്ട ​ഗാനങ്ങളിലൊന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ജാസി ​ഗിഫ്റ്റ് പ്രവർത്തിച്ചു.

1. അച്ഛനും മുത്തശ്ശനുമൊക്കെ പാട്ടുകാർ

Jassie Gift
ജാസി ​​ഗിഫ്റ്റ് ഇൻസ്റ്റ​ഗ്രാം

തന്റെ മുത്തശ്ശനും അച്ഛനുമൊക്കെ സംഗീതജ്ഞരായിരുന്നുവെന്ന് പറയുകയാണ് ജാസി ​ഗിഫ്റ്റ്. "പപ്പ ഹാർമോണിയം, ഫ്ലൂട്ട് തുടങ്ങിയവയൊക്കെ വായിക്കുമായിരുന്നു. മുത്തശ്ശൻ പള്ളിയിലൊക്കെ പാട്ട് എഴുതുമായിരുന്നു. മ്യൂസിക് അതുകൊണ്ട് ഉള്ളിലുണ്ടെന്നും" ജാസി ​​ഗിഫ്റ്റ് പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിക്കൽ പിയാനോ ചെയ്ത് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2. ഹോട്ടൽ ബാൻഡിൽ

Jassie Gift
ജാസി ​​ഗിഫ്റ്റ് ഇൻസ്റ്റ​ഗ്രാം

"ഹോട്ടൽ ബാൻഡിൽ കീബോർഡിസ്റ്റ് ആയി വർക്ക് ചെയ്താണ് കരിയർ തുടങ്ങുന്നത്. അവിടുത്തെ പാട്ടുകാരൻ മാറിയതിന് ശേഷം ഞാനൊരു പാട്ടുകാരനായി മാറുകയായിരുന്നു. മുത്തശ്ശന് കർണാടിക് സം​ഗീതം അറിയാമായിരുന്നു. അദ്ദേഹം ലൈവ് സോങ്സ് ഒക്കെ എഴുതുന്ന ഒരാൾ കൂടിയായിരുന്നു. ബാൻഡിൽ മെയിൻ പാട്ടുകാരൻ വരാതെയിരുന്ന സമയത്ത് അതിന് പകരം പാടിയാണ് ശരിക്കും ​ഗായകൻ എന്ന നിലയിലേക്ക് മാറുന്നത്. ഇൻസ്ട്രുമെന്റാണ് നമ്മൾ കൈകാര്യം ചെയ്യുന്നതെങ്കിലും പാട്ടിന്റെ ഓവറോൾ കാര്യങ്ങൾ അറിഞ്ഞിരിക്കണം. അങ്ങനെയാണ് പാടി തുടങ്ങുന്നത്".- ജാസി ​ഗിഫ്റ്റ് പറഞ്ഞു.

3. ഉച്ചാരണ പ്രശ്നം

Jassie Gift
ജാസി ​ഗിഫ്റ്റ്എക്സ്പ്രസ്

"ആദ്യമായിട്ട് മലയാളം പാട്ട് പാടുന്നത് ല‍ജ്ജാവതിയെയാണ്. അതിന് മുൻപ് ആൽബങ്ങളിലൊക്കെ ട്രാക്ക് പാടിയിരുന്നു. സഫലത്തിലും ട്രാക്ക് പാടിയിരുന്നു. അന്നൊക്കെ എനിക്ക് മലയാളത്തിലും ഇം​ഗ്ലീഷിലുമൊക്കെ ഉച്ചാരണ പ്രശ്നങ്ങളുണ്ടായിരുന്നു, വാക്കുകളിൽ വ്യക്ത കുറവുണ്ടായിരുന്നു. ഈ പ്രശ്നം കാരണം മലയാളത്തിൽ നിന്ന് മനപൂർവം ഒഴിഞ്ഞു മാറുന്ന ഒരു സ്വഭാവമുണ്ടായിരുന്നു എനിക്ക്. പിന്നെ പാട്ട് കേട്ട് കേട്ടാണ് മലയാളം പാടാൻ തുടങ്ങിയത്". - ജാസി ​ഗിഫ്റ്റ് വ്യക്തമാക്കി. "കംപോസ് ചെയ്യണമെന്ന് എന്നോട് ആദ്യം പറയുന്നത് ബി​ഗ് ബോസ് സാബുവാണ്. യൂണിവേഴ്സിറ്റി കോളജിൽ സാബു എന്റെ ജൂനിയറായിരുന്നു. ഞാൻ കണ്ട ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്നു സാബുവും ബാലഭാസ്കറും. രണ്ട് പേരും ഞങ്ങളുടെ കോളജിലായിരുന്നു". - ജാസി ​ഗിഫ്റ്റ് പറഞ്ഞു.

4. മാറ്റം വന്നത് കന്നഡയിൽ എത്തിയപ്പോൾ

Jassie Gift
ജാസി ​ഗിഫ്റ്റ്എക്സ്പ്രസ്

"മലയാളത്തിൽ ഒരു സമയത്ത് പാട്ടുകൾ സ്റ്റീരിയോ ടൈപ്പ് ആയിപ്പോകുന്നുവെന്ന പരാതികളുണ്ടായിരുന്നു. എപ്പോഴും ഡാൻസ് സോങ്സ് ആയിരുന്നല്ലോ ചെയ്തിരുന്നത്. കന്നഡയിലേക്ക് പോയപ്പോഴാണ് വ്യക്തിപരമായി എനിക്ക് മാറ്റം വന്ന് തുടങ്ങിയത്. കന്നഡയിൽ ഞാൻ പാട്ടുകാരനേയല്ല, സം​ഗീത സംവിധായകൻ മാത്രമാണ്. അവിടെയധികം പാട്ടുകൾ പാടിയിട്ടില്ല. അവർക്ക് ഞാൻ പാട്ടുകാരനാണെന്ന കാര്യവും അറിയില്ല. തെലുങ്കിലാണ് ഞാൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിരിക്കുന്നത്.

അവിടെ ഞാനൊരു തെലുങ്ക് ​ഗായകനാണ്, മലയാളത്തിൽ ​ഗാനമേള നടത്തുന്നതു പോലെ തെലുങ്കിൽ ​ഗാനമേള നടത്താൻ പറ്റുന്നുണ്ട്. ഈ നാലിടങ്ങളിലും ഏറ്റവും ശ്രദ്ധേയമായ പാട്ട് ലജ്ജാവതിയെ തന്നെയാണ്. കന്നഡയിൽ ഞാൻ ചെല്ലുന്ന സമയത്തെ ടോപ്പ് ​ഗായകരെന്ന് പറയുന്നത് സോനു നി​ഗവും, ശ്രേയ ഘോഷാലുമായിരുന്നു. രണ്ട് പേർക്കും കന്നഡ അറിയില്ല. കന്നഡ എനിക്ക് കുറച്ച് സംസാരിക്കാനൊക്കെ പറ്റും. ഉച്ചാരണ പ്രശ്നം ഏറ്റവും കൂടുതൽ ഉള്ളതും കന്നഡ പാട്ട് പാടുമ്പോഴാണ്.

കാന്താര വന്നതിന് ശേഷം കന്നഡയിൽ സം​ഗീതം വളരെ മാറി. ഒരു പുതിയ തരം​ഗം കന്നഡയിൽ വന്ന് തുടങ്ങി. യഷിന്റെ സിനിമ വന്നതിന് ശേഷവുമൊക്കെ. നമ്മളൊക്കെ പറയുന്നതു പോലെ ഒരു പാൻ ഇന്ത്യൻ സ്വഭാവത്തിലേക്ക് പോകുന്നുണ്ട്. പൊതുവേ മെലഡി ഇഷ്ടപ്പെടുന്ന ആളുകളാണ് കന്നഡയിലുള്ളവർ".- ജാസി ​ഗിഫ്റ്റ് വ്യക്തമാക്കി.

5. കൂടുതൽ പാട്ടെഴുതിയത്

Jassie Gift
ജാസി ​ഗിഫ്റ്റ്ഇൻസ്റ്റ​ഗ്രാം

"കൈതപ്രം തിരുമേനിയാണ് എനിക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ട് എഴുതിയിട്ടുള്ളത്. വളരെ കുറച്ച് സമയമേ അദ്ദേഹം എഴുതാൻ എടുക്കാറുള്ളൂ. പത്ത് പതിനഞ്ച് മിനിറ്റിനകം എഴുതി തീർക്കും. ഒരു പാട്ടിന് ഏറ്റവും ചേരുന്ന മീറ്ററിൽ അതിന് കൂടുതൽ ഭം​ഗി വരുന്ന രീതിയിലുള്ള എഴുത്താണ് അദ്ദേഹത്തിന്റേത്".- ജാസി ​ഗിഫ്റ്റ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com