ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു...; ജയഭാരതിയുടെ മറക്കാനാകാത്ത ആ പാട്ടുകളിലൂടെ

ജയഭാരതിയുടെ ​ഗാനരം​ഗങ്ങൾക്കും ഒരു പ്രത്യേക ഭം​ഗിയുണ്ട്.
Jayabharathi
ജയഭാരതി (Jayabharathi)ഫെയ്സ്ബുക്ക്

സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റില്‍ എല്ലാ കാലത്തും നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ് നടി ജയഭാരതിയുടേത്. 13-ാം വയസിൽ സിനിമയിലേക്ക് ചുവടുവച്ച നടി വിവിധ ഭാ​ഷകളിലായി 400ഓളം സിനിമകളിൽ അഭിനയിച്ചു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും ജയഭാരതി വേഷമിട്ടു. ശശികുമാറിന്റെ പെൺമക്കളായിരുന്നു ജയഭാരതിയുടെ ആദ്യ ചിത്രം. പി ഭാസ്കരന്റെ കാട്ടുകുരങ്ങ് എന്ന ചിത്രമാണ് ജയഭാരതിയെ താരപരിവേഷത്തിലേക്ക് എത്തിക്കുന്നത്.

ഷീലയും ശാരദയും നിറഞ്ഞു നിന്ന സമയത്ത് തന്റേതായ ഒരിടം മലയാള സിനിമയിൽ സൃഷ്ടിച്ചെടുത്തു ജയഭാരതി. ജയഭാരതിയുടെ ​ഗാനരം​ഗങ്ങൾക്കും ഒരു പ്രത്യേക ഭം​ഗിയുണ്ട്. പാട്ട് പാടുന്ന ​ഗായികയുടെ അതേ ചുണ്ടനക്കങ്ങൾ തന്നെ ജയഭാരതിയിലും കാണാമായിരുന്നു. ഒരിക്കൽ പോലും അത് പാടുന്നത് മറ്റൊരാളാണെന്ന് അനുഭവപ്പെടുകയേ ഇല്ല.

അത്രത്തോളം സൂക്ഷമതയും കൃത്യതയും അവർ പാലിച്ചിരുന്നു. കഴിഞ്ഞ ജൂൺ 28 നായിരുന്നു ജയഭാരതിയുടെ 71-ാം പിറന്നാൾ. ഇന്നും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച് ആ വശ്യസൗന്ദര്യത്തിന്റെ ജനപ്രിയമായി മാറിയ ചില പാട്ടുകളിലൂടെ.

1. കാറ്റു വന്നു കള്ളനെപ്പോലെ...

Jayabharathi
കരകാണാക്കടൽവിഡിയോ സ്ക്രീൻഷോട്ട്

സത്യൻ, മധു എന്നിവർക്കൊപ്പം ജയഭാരതി അഭിനയിച്ച ചിത്രമാണ് കരകാണാക്കടൽ. കെഎസ് സേതുമാധവനായിരുന്നു ചിത്രത്തിന്റെ സംവിധാനം. മുട്ടത്തുവർക്കിയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജി ദേവരാജൻ ആയിരുന്നു ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ചിത്രത്തിലെ 'കാറ്റു വന്നു കള്ളനെപ്പോലെ'... എന്ന ​ഗാനം ഇന്നും ഏറെ മലയാളികളുടെ പ്രിയപ്പെട്ട ​ഗാനങ്ങളിലൊന്നാണ്. വയലാറിന്റേതാണ് വരികൾ. പി സുശീല ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

2. ലക്ഷാർച്ചന കണ്ടു...

Jayabharathi
അയലത്തെ സുന്ദരിവിഡിയോ സ്ക്രീൻഷോട്ട്

ഹരിഹരൻ സംവിധാനം ചെയ്ത് ജി പി ബാലൻ നിർമിച്ച ചിത്രമാണ് അയലത്തെ സുന്ദരി. പ്രേം നസീർ, ജയഭാരതി എന്നിവർക്കൊപ്പം ശ്രീവിദ്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രേം നസീർ- ജയഭാരതി ജോഡിയ്ക്ക് ആരാധകരും ഏറെയാണ്. ശങ്കർ ഗണേഷ്, എസ് ഡി ബർമൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന് സം​ഗീതമൊരുക്കിയത്. 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു...' എന്ന ചിത്രത്തിലെ ​ഗാനത്തിന് ഒരു പ്രത്യേക ആരാധകരു തന്നെയുണ്ട്. മങ്കൊമ്പ് ​ഗോപാലകൃഷ്ണന്റേതായിരുന്നു വരികൾ. യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

3. സന്ധ്യ മയങ്ങും നേരം...

Jayabharathi
മയിലാടുംകുന്ന്വിഡിയോ സ്ക്രീൻഷോട്ട്

എസ് ബാബു സംവിധാനം ചെയ്ത് 1972 ൽ പുറത്തുവന്ന ചിത്രമാണ്‌ മയിലാടുംകുന്ന്. പ്രേം നസീർ, കെപി ഉമ്മർ, അടൂർ ഭാസി എന്നിവർക്കൊപ്പം ജയഭാരതി അഭിനയിച്ച ചിത്രമാണിത്. ദേവരാജൻ മാസ്റ്റർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. വയലാറിന്റെ മനോഹരമായ ​വരികൾ ആലപിച്ചത് യേശുദാസ് ആണ്. വയലാർ - ദേവരാജൻ ടീം മലയാളിക്കായി മാറ്റി വെച്ച അമൂല്യ രത്‌നങ്ങളിൽ തിളക്കമേറിയ ഒരു ​ഗാനമാണ് ചിത്രത്തിലെ 'സന്ധ്യ മയങ്ങും നേരം...'

4. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു...

Jayabharathi
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റുവിഡിയോ സ്ക്രീൻഷോട്ട്

എ ബി രാജ് സംവിധാനം ചെയ്ത ചിത്രമാണ് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ. വി ദക്ഷിണാമൂർത്തിയാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. ചിത്രത്തിൽ പി ജയചന്ദ്രൻ ആലപിച്ച 'ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു...' എന്ന ​ഗാനം ഏറെ ജനപ്രീതി നേടി. ശ്രീകുമാരൻ തമ്പിയാണ് ​ഗാനത്തിന് മനോഹരമായ വരികളൊരുക്കിയത്.

5. മുല്ലപ്പൂം പല്ലിലോ മുക്കൂറ്റിക്കവിളിലോ...

Jayabharathi
അരക്കള്ളൻ മുക്കാൽ കള്ളൻവിഡിയോ സ്ക്രീൻഷോട്ട്

പി ഭാസ്കരൻ ആണ് അരക്കള്ളൻ മുക്കാൽ കള്ളൻ സംവിധാനം ചെയ്തത്. പ്രേം നസീർ, അടൂർ ഭാസി, ജയഭാരതി, ശ്രീവിദ്യ തുടങ്ങിയവരാണ് ഈ ചിത്രത്തിലും പ്രധാന വേഷങ്ങളിലെത്തിയത്. ദക്ഷിണാമൂർത്തിയാണ് സം​ഗീത സംവിധാനം നിർവഹിച്ചത്. ചിത്രത്തിലെ എത്ര കേട്ടാലും മതിവരാത്ത ​ഗാനമാണ് മുല്ലപ്പൂം പല്ലിലോ മുക്കൂറ്റിക്കവിളിലോ... യേശുദാസും എസ് ജാനകിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

Summary

Actress Jayabharathi 5 Super hit songs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com