

ദൃശ്യം മോഡൽ കൊലപാതകം എന്ന് കേൾക്കുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയിൽ കാണിക്കുന്നതൊന്നും റിയൽ ലൈഫിൽ ചെയ്യാൻ പാടില്ലെന്ന കാര്യം ആളുകൾ മനസിലാക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ നടന്ന ചില കൊലപാതകങ്ങൾ ദൃശ്യം സിനിമയിലെ രംഗങ്ങളോട് സാമ്യമുള്ളതായിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യം മോഡൽ കൊലപാതകം എന്ന തരത്തിൽ ആളുകൾ സംസാരിച്ചു തുടങ്ങിയത്. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
"ദൃശ്യം മോഡൽ കൊലപാതകം എന്ന് കേൾക്കുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. വലിയ കാര്യമുള്ള കാര്യമല്ല അത്. ഒരു കൊലപാതകം ചെയ്തിട്ട് എത്ര പേർ അത് ചെന്ന് പൊലീസ് സ്റ്റേഷനിൽ പറയും. എല്ലാവരും മറച്ചു വയ്ക്കാനെ നോക്കുകയുള്ളൂ. സാഹചര്യങ്ങൾ കൊണ്ട്, അല്ലെങ്കിൽ പെട്ടെന്നുള്ള ദേഷ്യത്തിൽ, അല്ലെങ്കിൽ പ്ലാൻ ചെയ്ത് കൊല്ലുന്നതായിരിക്കാം.
അബദ്ധത്തിൽ പറ്റിയതാണെങ്കിൽ എല്ലാവരും അത് മറച്ചു വയ്ക്കാനെ നോക്കുകയുള്ളൂ ആദ്യം. വളരെ കുറച്ചു ആളുകൾ മാത്രമായിരിക്കും അത് സ്വയം വന്ന് പറയുന്നത്. അത് മനുഷ്യന്റെ ഒരു സൈക്കോളജി കൂടിയാണ്. അവർ അങ്ങനയേ ചെയ്യുകയുള്ളൂ.
ദൃശ്യം ഇറങ്ങിയതിന് ശേഷം എന്നോട് ഒരാൾ പറഞ്ഞു, 'വർഷങ്ങൾക്ക് മുൻപ് ഇടുക്കി ഭാഗത്തെവിടെയോ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന്. ഒരാൾ ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. അവർ ഗർഭിണിയായി. ഒരുദിവസം അയാളുടെ ഭാര്യ വീട്ടിൽ പോയ സമയത്ത് അയാൾ ആ യുവതിയെ വിളിച്ചുവരുത്തി അയാളുടെ വീട്ടിൽ തന്നെ കൊന്ന് കുഴിച്ചു മൂടി.
എനിക്ക് അത്രയും വിവരങ്ങളേ അറിയാവൂ. അതുകഴിഞ്ഞ് അയാൾ അവിടെ ജീവിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഇയാളുടെ മാനസികനില തെറ്റി തുടങ്ങി. ഇക്കാര്യം ഭാര്യയ്ക്ക് അറിയില്ലല്ലോ. ഭാര്യ അവസാനം ഇയാളെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. കുറേ സെഷൻസ് കഴിഞ്ഞപ്പോൾ ഇയാൾ കുമ്പസരിച്ചു.
പിന്നെ ഭാര്യ പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇങ്ങനെയൊരു സംഭവം വർഷങ്ങൾക്ക് മുൻപേ ഉണ്ടായിട്ടുണ്ടെന്ന്' അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോൾ അതെന്തു കൊണ്ടാണ് ?. അന്ന് ദൃശ്യം ഇറങ്ങിയിട്ടില്ലല്ലോ. ഇപ്പോൾ ഒരു പടം ഹിറ്റായി, എന്നാൽ പിന്നെ ദൃശ്യം മോഡൽ എന്ന് ആളുകൾ പറഞ്ഞു.
ആ ലോറിയിൽ ഇട്ടിട്ട് പോയതു പോലെയുള്ള ഐഡിയ ഉപയോഗിക്കുന്നുണ്ടെന്ന് ചില ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമയിൽ കാണിക്കുന്നതൊന്നും റിയൽ ലൈഫിൽ ചെയ്യാൻ പാടില്ലെന്ന കാര്യം അവരും മനസിലാക്കേണ്ടതല്ലേ".- ജീത്തു ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates