

ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ സിനിമയാണ് 'വലതുവശത്തെ കള്ളൻ'. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഒരു ആവറേജ് കാഴ്ചാനുഭവമാണ് സിനിമ സമ്മാനിച്ചതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.
ഇപ്പോഴിതാ ഫേക്ക് ഐഡികളിൽ നിന്നും വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സത്യസന്ധമായ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. 'വലതുവശത്തെ കള്ളൻ' സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘എനിക്ക് സോഷ്യൽ മീഡിയയെ കുറിച്ചൊന്നും വലിയ ധാരണയില്ല. അതിലൊന്നും സജീവല്ല, വല്ലപ്പോഴും നോക്കും എന്ന് മാത്രം. അടുത്തിടെ എനിക്കെതിരെ നെഗറ്റീവ് കമന്‍റുകള്‍ വന്നപ്പോള്‍ നോക്കിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് അത് കാണിച്ചു തന്നത്. മാത്രമല്ല അതെല്ലാം ഫേക്ക് ഐഡികളിൽ നിന്നാണെന്നും അവർ എനിക്ക് മനസ്സിലാക്കി തന്നു.
എനിക്കെതിരെ മാത്രമല്ല, ഒട്ടേറെ ഫിലിം മേക്കേഴ്സ്, രാഷ്ട്രീയക്കാർ ഇവർക്കൊക്കെ എതിരെയും ഇതുണ്ട്. ഒളിഞ്ഞിരുന്ന് ഒരാള്‍ക്കെതിരെ പല ഐഡികളിൽ നിന്നും ഇത്തരത്തിൽ നടത്തുന്നവരുണ്ട്. നമ്മളെ ഒരാള്‍ മോശക്കാരനായി ചിത്രീകരിച്ച് നമ്മള്‍ വിചാരിക്കാത്ത കാര്യങ്ങള്‍ പറയുക എന്നതൊക്കെ സോഷ്യൽ മീഡിയ മനുഷ്യ മനസ്സിൽ തീർക്കുന്ന വലിയ സ്ട്രെസ്സ് ആണ്.
ലൈഫിൽ വെല്ലുവിളികള്‍ ഉണ്ടാകും, നമ്മളെ കല്ലെറിയാൻ ആളുകളുണ്ടാകും, എതിര് പറയുന്നവരുണ്ടാകും, അതോടൊപ്പം പിന്തുണയ്ക്കുന്നവരുമുണ്ടാകും. ഞാനൊരു കർഷക കുടുംബത്തിൽ നിന്നും വന്നയാളാണ്. ജീവിതത്തിലെ എല്ലാം കണ്ടു വളർന്നുവന്നയാളാണ്.
ഇതൊക്കെ ഇതിന്‍റെ ഭാഗമായാണ് കാണുന്നത്. ഇതൊന്നും പ്രശ്നമായി എടുക്കുന്നില്ല. അതേസമയം സത്യസന്ധമായ അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളുമൊക്കെ നമുക്ക് ഗുണകരമായ രീതിയിൽ എടുക്കാറുമുണ്ട്. മറ്റുള്ളവയൊക്കെ അവഗണിക്കുകയാണ്’’, ജീത്തു ജോസഫ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates