സിനിമാ താരങ്ങളോടുള്ള അതിരുവിട്ട ആരാധകരുടെ ഇഷ്ടം പലപ്പോഴും വലിയ തരത്തിലുള്ള അപകടങ്ങളിലേക്ക് വരെ പോകാറുണ്ട്. കഴിഞ്ഞ ദിവസം തെലുങ്ക് നടൻ ജൂനിയർ എൻടിആറും ആരാധകരുടെ ഈ സ്നേഹവലയത്തിനുള്ളിൽ പെട്ടിരുന്നു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജൂനിയർ എൻടിആർ. നടനെ കാണാനായി വലിയ ജനക്കൂട്ടമാണ് ആശുപത്രിയ്ക്ക് മുൻപിൽ തടിച്ചു കൂടിയത്.
ജൂനിയർ എൻടിആർ എത്തിയതോടെ ആശുപത്രിയിലേക്ക് ഇരച്ചു കയറിയ ആരാധകർ വലിയ പരിഭ്രാന്തിയുണ്ടാക്കി. എസ്‌കലേറ്റർ വരെ തകരാറിലാക്കുകയും ചെയ്തു. ഒരു ആരാധകൻ എസ്‌കലേറ്ററിലേക്ക് വീഴുകയും മറ്റൊരാളുടെ സഹായത്തോടെ എഴുന്നേറ്റതിനാൽ മാത്രം തിരക്കിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എൻടിആറിന് സുരക്ഷ ഒരുക്കാൻ താരത്തിന്റെ സുരക്ഷാസംഘം ഏറെ പണിപ്പെടുകയും ചെയ്തു.
ഒടുവിൽ പൊലീസെത്തി ലാത്തി വീശിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ മറ്റൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ വേദിയിൽ പ്രസംഗിക്കാൻ തുടങ്ങവേ ആർപ്പു വിളിക്കുന്ന ആരാധകരെയും അവരോട് മിണ്ടാതിരിക്കാൻ പറയുന്ന താരത്തെയുമാണ് വിഡിയോയിൽ കാണാൻ കഴിയുക.
ദേഷ്യത്തോടെ സദസ്സിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് അദ്ദേഹം ശാന്തരാകാൻ ആവശ്യപ്പെടുന്നത്. "ദയവായി നിങ്ങൾ എല്ലാവരും മിണ്ടാതിരിക്കാമോ ?". എന്നും നടൻ പറയുന്നുണ്ട്. ഞാൻ നിങ്ങളോട് മിണ്ടാതിരിക്കാൻ പറഞ്ഞില്ലേ, നിശബ്ദരാകൂ ജൂനിയർ എൻടിആർ വീണ്ടും പറഞ്ഞു. ആർപ്പുവിളികൾ കുറച്ചുനേരം തുടർന്നെങ്കിലും പിന്നീട് ആരാധകർ ശാന്തരായി. നല്ലത്, നന്ദി അദ്ദേഹം ആരാധകരോട് പറഞ്ഞു.
വാർ 2 ആണ് നടന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഡ്രാഗൺ ആണ് ജൂനിയർ എൻടിആറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഈ വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ദേവര പാർട്ട് 2 വും ജൂനിയർ എൻടിആറിന്റേതായി വരാനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates