

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് ജൂനിയർ എൻടിആർ. അടുത്തിടെ കാന്താര ചാപ്റ്റർ വണ്ണിന്റെ പ്രൊമോഷന് വന്നപ്പോൾ ആരോഗ്യപരമായി ഒട്ടും ഓക്കെയായിരുന്നില്ല താരം. ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇത് ചർച്ചയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജൂനിയർ എൻടിആറിന്റെ പുതിയ ലുക്കും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.
ശരീരം ആരോഗ്യകരമായി നിലനിർത്തുന്ന താരം പെട്ടെന്നു മെലിഞ്ഞതാണ് ആരാധകരിൽ ആശങ്കയുയർത്തിയത്. കഴിഞ്ഞ ദിവസം നടൻ പങ്കെടുത്ത വിവാഹച്ചടങ്ങിലും വളരെയധികം മെലിഞ്ഞാണ് കാണപ്പെട്ടത്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുയരുകയായിരുന്നു.
ശരീരത്തിലുണ്ടായ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ അടുത്ത ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകരുടെ ചോദ്യം. സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ‘വാർ 2’ സിനിമയുടെ സെറ്റിൽ വച്ച് താരത്തിന്റെ വാരിയെല്ലിന് പൊട്ടലേറ്റിരുന്നു.
ഇതേ തുടർന്ന് മാസങ്ങളോളം വിശ്രമം ഡോക്ടർമാർ നിർദേശിച്ചിരുന്നു. ‘കാന്താര: ചാപ്റ്റർ 1’ സിനിമയുടെ പ്രൊമോഷനു വന്നപ്പോഴും ശരീരത്തിലെ പരിക്കിന്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വളരെയധികം വേദന സഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തിൽ നിന്നു തന്നെ പ്രകടമായിരുന്നു.
അതേസമയം, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗൺ’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം മെലിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. നീണ്ട താടിയും മെലിഞ്ഞ ശരീരവുമായൊരു ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുണ്ട്. പുതിയ മേക്കോവറിനായി താരം തീവ്രമായ പരിശീലനത്തിലായിരുന്നു. നവംബറിൽ ‘ഡ്രാഗണി’ന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates