
ചില പാട്ടുകൾ കേൾക്കുമ്പോൾ അത് വെറും സംഗീതം എന്നതിനപ്പുറം ഒരു വികാരമായി നമ്മളിലേക്ക് ആളി പടരും. കെ എസ് ചിത്രയുടെ ശബ്ദം അത്തരത്തിലൊന്നാണ്. നാല് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് തന്റെ ശബ്ദം കൊണ്ട് ഒരു മായാജാലം തന്നെ തീർക്കുകയാണ് ചിത്ര.
ആഴവും പരപ്പും ആർദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ തഴുകി ഒരു നദി പോലെ ഒഴുകി കൊണ്ടിരിക്കുന്നു. ഇന്ന് കെ എസ് ചിത്രയുടെ 62-ാം പിറന്നാൾ കൂടിയാണ്. വിവിധ ഭാഷകളിലായി ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചിത്രയുടെ അഞ്ച് മികച്ച ഹിന്ദി പാട്ടുകളിലൂടെ.
ബോംബെ സിനിമയിൽ ചിത്ര പാടിയ മനോഹരമായ ഗാനമാണ് കെഹ്‌ന ഹി ക്യാ. മെഹബൂബിന്റെ വരികൾക്ക് എആർ റഹ്മാൻ ആണ് സംഗീതമൊരുക്കിയത്. ചിത്രയുടെ ഹിന്ദി പാട്ടുകളിൽ സംഗീത പ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന് കൂടിയാണിത്. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവരാണ് ബോംബെയിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.
സുരേഷ് കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലവ്. സൽമാൻ ഖാൻ, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. എസ്പി ബാലസുബ്രഹ്മണ്യം, കെ എസ് ചിത്ര എന്നിവർ ചേർന്ന് ആലപിച്ച സാതിയ തുനെ ക്യാ കിയ...എന്ന ഗാനത്തിന് ഇന്നും ആരാധകരേറെയാണ്. ചിത്രത്തിലെ നാല് പാട്ടുകളോളം എസ്പി ബാലസുബ്രഹ്മണ്യം, കെ എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് റോജ. അരവിന്ദ് സ്വാമി, മധുബാല എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. എആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. യേ ഹസീൻ വഡിയൻ... എന്ന ചിത്രത്തിലെ ഗാനം ഏറെ ജനപ്രീതി നേടി. പികെ മിശ്ര ആണ് ഗാനത്തിന് വരികളൊരുക്കിയത്. എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പമാണ് ചിത്ര ഈ ഗാനം ആലപിച്ചിരിക്കുന്നത്.
2001 ൽ പുറത്തിറങ്ങിയ സന്തോഷ് ശിവൻ ചിത്രമായിരുന്നു അശോക. ഷാരുഖ് ഖാൻ, കരീന കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സന്തോഷ് ശിവൻ തന്നെയായിരുന്നു ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചതും. അനു മാലിക് ആണ് ചിത്രത്തിനായി സംഗീത സംവിധാനമൊരുക്കിയത്. അശോകയ്ക്കായി ചിത്ര പാടിയ രാത് കാ നാഷ... എന്ന ഗാനം ഇന്നും സംഗീത പ്രേമികൾക്കിടയിൽ ഹിറ്റാണ്. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഈ ഗാനത്തിന്റെ ജനപ്രീതിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ, കരീന കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മേം പ്രേം കി ദിവാനി ഹൂൻ. സൂരജ് ബർജാത്യ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനു മാലിക് ആണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. ബോക്സോഫീസിൽ സൂപ്പർ ഹിറ്റായ ചിത്രത്തിലെ പാട്ടുകളും ഭാഷാഭേദമന്യേ സ്വീകാര്യത നേടി. ഒരു മ്യൂസിക്കൽ റൊമാന്റിക് ഡ്രാമയായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിലെ രണ്ടിലേറെ ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും സ്വീകാര്യത നേടിയ പാട്ടായിരുന്നു കസം കി കസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates