
'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...എത്തിത്തൊടാൻ എത്തുകില്ല മാരിവില്ലാണ് നീ...' ഈ അടുത്തകാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ മൂളി നടന്ന പാട്ടാണിത്. പാട്ടെഴുത്തിലെ നിത്യയൗവനം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതായിരുന്നു മനോഹരമായ ഈ വരികൾ. കാലഘട്ടത്തിന് അനുസരിച്ച് വരികളൊരുക്കാൻ കൈതപ്രത്തോളം പോന്ന മറ്റൊരു പ്രതിഭ ഇല്ല എന്ന് തന്നെ പറയാം.
കവി, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, നടൻ, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ പ്രതിഭയാണ് കൈതപ്രം. ഓഗസ്റ്റ് നാലിന് അദ്ദേഹത്തിന്റെ 75-ാം ജന്മദിനമായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി കൈതപ്രം മലയാളികളെ വരികളിലൂടെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട്.
1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് കൈതപ്രത്തിന്റെ തൂലികയിൽ പിറന്ന ആദ്യ ചലച്ചിത്രഗാനം. വരികളിൽ ഇന്ദ്രജാലം തീർത്ത മനോഹരമായ ചില ഗാനങ്ങളിലൂടെ.
"ഇനിയെന്ന് കാണുമെന്നായ് പിടഞ്ഞു പോയി...
എന്റെ ഇട നെഞ്ചിൽ ഓർമകൾ തുളുമ്പിപ്പോയി..."
കളിവീട് ഉറങ്ങിയല്ലോ...എന്ന മനോഹര ഗാനത്തിലെ വരികളാണിത്. ഇന്നും കണ്ണ് നിറയാതെ പലർക്കും ഈ ഗാനം കേൾക്കാൻ പറ്റില്ല. മനസിനെ വല്ലാതെ പിടിച്ചു കുലുക്കുന്ന ഒരുപാട് ഓർമകൾ തിരികെ കൊണ്ടുവരുന്ന കൈതപ്രത്തിന്റെ ഒരു ഗാനമാണിത്. ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിലെ ഗാനമാണിത്. സന്ന്യാസത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു നമ്പൂതിരി ബാലന്റെ കഥയാണ് ചിത്രം പറഞ്ഞത്. പാട്ടിന് വരികളൊരുക്കുക മാത്രമല്ല കൃഷ്ണൻ എന്ന കഥാപാത്രമായി കൈതപ്രം ചിത്രത്തിലെത്തുകയും ചെയ്തു. വിജയ രാഘവൻ, മിനി നായർ, മാസ്റ്റർ കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
"സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ..."
ഈ ഗാനത്തിലെ വരികളും സംഗീതവും ആലാപനവും ഏതൊരാളുടെയും ഹൃദയത്തിൽ ഒരു വിങ്ങലായി നിലനിൽക്കും. ഈ ഗാനരംഗത്തിലെ
മോഹൻലാലിന്റെ മുഖഭാവങ്ങൾ മലയാളികൾക്ക് മറക്കാനാകില്ല. സിബി മലയിൽ സംവിധാനം ചെയ്ത ചെങ്കോൽ 1993 ലാണ് പുറത്തിറങ്ങിയത്. ഒരുപാട് പ്രതിഭകൾ ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ജോൺസൺ മാഷിന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും.
"തിരുവാതിരയിൽ... ശ്രീ പാർവ്വതിയായ്...
പെണ്ണേ നീ ഈ രാത്രിയിലാരെ തേടുന്നു..."
അടുത്തിടെ ഇൻസ്റ്റഗ്രാം റീലുകൾ അടക്കിവാണ ഒരു ഗാനരംഗമായിരുന്നു ഇത്. സുരേഷ് ഗോപി പെരുമലയൻ എന്ന കഥാപാത്രമായെത്തി പ്രേക്ഷക മനം കവർന്ന കളിയാട്ടത്തിലെ വണ്ണാത്തി പുഴയുടെ തീരത്ത് എന്ന ഗാനത്തിലെ വരികളാണിത്. ഈ സിനിമയിലെ കൈതപ്രത്തിന്റെ ഓരോ പാട്ടും മലയാളികൾ നെഞ്ചോട് ചേർത്തതാണ്. കതിവനൂർ വീരനെ നോമ്പ് നോറ്റ ചെമ്മരത്തിയും... എന്നോടെന്തിനീ പിണക്കവുമൊക്കെ മലയാളികൾ ഇന്നും പാടി നടക്കുന്ന പാട്ടുകളാണ്.
"വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞൂ...
കനിവേകുമീ വെണ്മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു... ദൂരേ
പുള്ളോര്‍ക്കുടം കേണുറങ്ങി..."
ഓരോ മലയാളിയുടെയും ഹൃദയത്തിൽ തറച്ച പാട്ടാണ് കിരീടത്തിലെ കണ്ണീർ പൂവിന്റെ കവിളിൽ തലോടി. പാട്ടിന്റെ തുടക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് സേതുമാധവൻ നടന്നു പോകുന്ന സീൻ ഇന്നും മലയാളികൾക്കൊരു തീരാ മുറിവാണ്. കൈതപ്രത്തിന്റെ വരികൾക്ക് സംഗീതമൊരുക്കിയത് ജോൺസൺ മാഷ് ആണ്. എംജി ശ്രീകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
"നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ...
മാഞ്ഞുപോയൊരു പൂത്താരം പോലും..."
ഏതോ വാർമുകിലിൻ... എന്ന പാട്ടിനോടുള്ള മലയാളികളുടെ ഇഷ്ടം പറഞ്ഞറിയിക്കാനാകത്തതാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിനായി കൈതപ്രം ഒരുക്കിയ ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ഔസേപ്പച്ചൻ ആയിരുന്നു. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates