ഇതൊക്കെ കമൽ ഹാസൻ തന്നെയാണോന്ന് വിശ്വസിക്കാൻ പോലുമാകില്ല; ലുക്കുകളിൽ അമ്പരപ്പിക്കുന്ന ഉലക നായകൻ

കമൽ ഹാസൻ തന്റെ ലുക്ക് തന്നെ മാറ്റിയ ചിത്രങ്ങൾ വേറെയുമുണ്ട്.
Kamal Haasan
ലുക്കുകളിൽ അമ്പരപ്പിക്കുന്ന ഉലക നായകൻ

കഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോകുന്ന നടനാണ് കമൽ ഹാസൻ. നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ലുക്കിൽ ഉലക നായകൻ എത്തിയിട്ടുണ്ട്. വൃദ്ധൻ മുതൽ സ്ത്രീ വേഷത്തിൽ വരെ കമൽ ഹാസൻ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ദശാവതാരം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പത്ത് ലുക്കുകളാണ് പ്രേക്ഷകർ കണ്ടത്. കമൽ ഹാസൻ തന്റെ ലുക്ക് തന്നെ മാറ്റിയ ചിത്രങ്ങൾ വേറെയുമുണ്ട്.

അവൈ ഷൺമുഖി, ഇന്ത്യൻ, അൻപേ ശിവം, ആളവന്താൻ, ഇന്ദ്രുഡു ചന്ദ്രുഡു, അപൂർവ സഹോദരങ്ങൾ, കൽക്കി 2898 എഡി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പല രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. തീർന്നിട്ടില്ല, ഇപ്പോഴിതാ മണിരത്നത്തിനൊപ്പമെത്തുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ത​ഗ് ലൈഫിലും വ്യത്യസ്തമാർന്ന ലുക്കാണ് അദ്ദേഹം പരീക്ഷിച്ചിരിക്കുന്നത്.

ചിത്രത്തിലെ രംഗരായ ശക്തിവേല്‍ നായ്ക്കർ എന്ന കമൽ ഹാസന്റെ കഥാപാത്രം രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം. കമൽ ഹാസന്റെ വേറിട്ട ​ഗെറ്റപ്പുകളിലൂടെ.

1. അവൈ ഷൺമുഖി

Kamal Haasan

കമൽ ഹാസനും മീനയും പ്രധാന വേഷത്തിലെത്തി കെഎസ് രവികുമാർ സംവിധാനം ചെയ്ത ചിത്രമാണ് അവൈ ഷൺമുഖി. അവൈ ഷൺമുഖി, പാണ്ഡ്യൻ എന്നീ വേഷങ്ങളിലാണ് കമൽ ഹാസൻ ചിത്രത്തിലെത്തിയത്. ഒരുപാട് ഫാൻബേസുള്ള കമൽ ഹാസൻ ചിത്രവും കൂടിയാണിത്. ചിത്രത്തിലെ കോമഡി രം​ഗങ്ങളൊക്കെയും ഇന്നും സൂപ്പർ ഹിറ്റാണ്. രൂപത്തിൽ മാത്രമല്ല പെർഫോമൻസിലും അവൈ ഷൺമുഖിയായി പ്രേക്ഷകരെ അമ്പരപ്പിച്ചു ഉലക നായകൻ. ചിത്രം തിയറ്ററുകളിലും വൻ വിജയമായി മാറി.

2. ആളവന്താൻ

Kamal Haasan

അതുവരെ കാണാത്ത കമൽ ഹാസന്റെ മുഖമായിരുന്നു ആളവന്താനിൽ പ്രേക്ഷകർ കണ്ടത്. തലമൊട്ടയടിച്ച് സിക്സ് പായ്ക്ക് ലുക്കിലായിരുന്നു ചിത്രത്തിൽ താരമെത്തിയത്. വിജയകുമാർ, നന്ദകുമാർ എന്നീ ഇരട്ട വേഷങ്ങളിലാണ് കമൽ ഹാസൻ ചിത്രത്തിലെത്തിയത്. രവീണ ടണ്ടൻ, മനീഷ കൊയ്‌രാള എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. ചിത്രം റിലീസ് ചെയ്ത സമയത്ത് തിയറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്ക് ശേഷം ചിത്രം പ്രേക്ഷകരേറ്റെടുത്തു. സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

3. അൻപേ ശിവം

Kamal Haasan

കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമയെന്നാണ് അൻപേ ശിവം സിനിമാ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. 2003 ൽ പുറത്തിറങ്ങിയ ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്തത്. കൗതുകകരമായ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞു തന്ന സിനിമ കൂടിയായിരുന്നു അൻപേ ശിവം. പ്രണയം, പക, അവഗണന, അടിമത്തം, ദൈവം, കമ്മ്യൂണിസം, സോഷ്യലിസം, മുതലാളിത്തം, ഭക്തി, കപടഭക്തി തുടങ്ങി നിരവധി കാര്യങ്ങൾ സിനിമ സംസാരിച്ചിരുന്നു. ചിത്രത്തിലെ കമൽ ഹാസന്റെ ലുക്കും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി.

4. ദശാവതാരം

Kamal Haasan

ലുക്കുകളുടെ പരീക്ഷണങ്ങളായിരുന്നു ഈ ചിത്രത്തിലെമ്പാടും കമൽ ഹാസന്. പത്തോളം വ്യത്യസ്ത ​ഗെറ്റപ്പുകൾ. ഓരോ ലുക്കിനായുള്ള മേക്കപ്പിന് തന്നെ ഒരു ദിവസം മണിക്കൂറുകളോളമാണ് അദ്ദേഹം ചെലവഴിച്ചത്. രംഗരാജ നമ്പി, ഗോവിന്ദരാജൻ രാമസ്വാമി, ജോർജ് ബുഷ്, അവതാർ സിങ്, ക്രിസ്റ്റ്യൻ ഫ്ലെച്ചർ, ഷിങ്ഹെൻ നരഹാസി, കൃഷ്ണവേണി, വിൻസെന്റ് പൂവരഗൻ, കൽഫുള്ള മുക്തർ, ബൽറാം നായിഡു എന്നീ 10 കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ച്. ഒരു സിനിമയിൽ തന്നെ ഒരു നടൻ ഇത്രയും ലുക്കിലെത്തുന്നത് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

5. കൽക്കി 2898 എഡി

Kamal Haasan

കൽക്കി 2898 എഡി എന്ന ചിത്രത്തിലും വേറിട്ട ലുക്കിലെത്തി കമൽ ഹാസൻ പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചു. സുപ്രീം യാസ്കിൻ എന്ന വില്ലനായാണ് ചിത്രത്തിൽ കമൽ ഹാസനെത്തിയത്. ചിത്രത്തിലെ കഥാപാത്രം കണ്ടാൽ കമൽ ഹാസനാണെന്ന് വിശ്വസിക്കാൻ പോലും പ്രയാസമായിരുന്നു. കമൽ ഹാസന്റെ വേറിട്ട മുഖങ്ങൾ ഇനിയും ഒരുപാട് പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഓരോരുത്തരുടേയും പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com