

നടി രേഖയുടെയും കമൽ ഹാസന്റെയും ഹൃദ്യമായ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. മുംബൈയിൽ നടന്ന ഇൻക അവാർഡ്‌സ് 2026-ന്റെ വേദിയിലാണ് അപൂർവസംഗമം നടന്നത്. വർഷങ്ങൾ നീണ്ട സൗഹൃദവും ആത്മബന്ധവും വെളിവാക്കുന്നതായിരുന്നു ഇരുവരുടെയും സംസാരം.
തന്റെ പിതാവ് ജെമിനി ഗണേശനും കമൽ ഹാസനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രേഖ സംസാരിച്ചത് വേദിയിലിരുന്നവരെയും കാണികളെയും ഒരുപോലെ വികാരാധീനരാക്കി. താൻ ടൈ കെട്ടാൻ പഠിച്ചത് പോലും ജെമിനി ഗണേശനിൽ നിന്നാണെന്ന് കമല്‍ ഹാസൻ പറഞ്ഞപ്പോൾ രേഖയുടെ കണ്ണുകൾ നിറഞ്ഞു.
രേഖയെ സ്നേഹപൂർവം 'അബു' എന്ന് വിളിക്കാനുള്ള അനുവാദം ചോദിച്ചു കൊണ്ടാണ് കമല്‍ ഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് വ്യക്തികളെ വിളിക്കുന്ന പേരാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി 50 വർഷം കാത്തിരുന്നു എന്നായിരുന്നു രേഖയുടെ മറുപടി.
‘‘ഇത് വെറുമൊരു ബഹുമതിയല്ല, എനിക്ക് അഭിമാനവും അതിലേറെ സന്തോഷവും നൽകുന്ന നിമിഷമാണ്. രേഖാജി, എനിക്ക് നിങ്ങളെ 'അബു' എന്ന് വിളിക്കാമോ? എനിക്ക് അത്രമേൽ പ്രിയപ്പെട്ട മൂന്ന് 'അബു'മാരാണ് ജീവിതത്തിലുള്ളത്. ഒന്ന് എന്റെ പിതാവ്, രണ്ട് എന്റെ കുട്ടിക്കാലത്തെ വിളിപ്പേര്, മൂന്ന് ഇപ്പോൾ ഞാൻ എന്റെ മകൾ ശ്രുതിയെ വിളിക്കുന്നതും അബു എന്നാണ്.
അതുകൊണ്ട് തന്നെ ഞാൻ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ഈ പുരസ്കാരം നിങ്ങൾക്ക് കൈമാറുമ്പോൾ നിങ്ങളുടെ പിതാവിനെയാണ് ഞാൻ ഓർത്തത്. എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. ഞാൻ ആഗ്രഹിച്ചതിനും അപ്പുറം നിങ്ങൾ ഈ കലയിൽ നേടി കഴിഞ്ഞു. ഇന്ന് ഈ ടൈ കെട്ടുമ്പോൾ ഞാൻ നിങ്ങളുടെ അച്ഛനെയാണ് ഓർത്തത്, കാരണം ഇതെങ്ങനെ കെട്ടണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.’’ കമൽ ഹാസൻ പറഞ്ഞു.
‘‘കമൽ ജി പറഞ്ഞത് പോലെ തന്നെ, ഇതിനായി ഞാൻ 50 വർഷമാണ് കാത്തിരുന്നത്. എല്ലാവർക്കും നമസ്കാരം. കമൽ ജി സൂചിപ്പിച്ച ആ രഹസ്യം പലർക്കും അറിയില്ലായിരിക്കും. എന്റെ പിതാവ് ജെമിനി ഗണേശൻ ഒരു നിർമാതാവായിരുന്നു. ഇന്ന് കമൽ ജിയും വലിയൊരു നിർമാതാവാണ്. പക്ഷേ എന്റെ പിതാവ് രണ്ട് പേരെയാണ് 'നിർമിച്ചത്'.
അദ്ദേഹം എന്നെ ജൈവശാസ്ത്രപരമായി സൃഷ്ടിച്ചപ്പോൾ, കമൽ ജിയെ ഒരു നടനായി വാർത്തെടുത്തു. അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ വ്യത്യാസമില്ല, ഞങ്ങൾ സഹോദരങ്ങളാണ്. കമൽ ജി, നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞ മനോഹരമായ വാക്കുകൾക്ക് നന്ദി.
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇതാദ്യമായാണ് ഞങ്ങൾ ഒരു വേദിയിൽ ഇങ്ങനെ ഒന്നിച്ചുനിൽക്കുന്നതും ഒരുമിച്ച് അവാർഡ് സ്വീകരിക്കുന്നതും. നിങ്ങളോടും റഹ്മാൻ സാഹിബിനോടും ഒപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. ഒരു നടൻ എന്ന നിലയിൽ കമൽ ജിയെക്കുറിച്ച് ഞാൻ എന്ത് പറയാനാണ് ?. അദ്ദേഹം ഒരു 'സകലകലാവല്ലഭൻ’ ആണ്. ഭാഷകളുടെ അതിർവരമ്പുകൾ അദ്ദേഹത്തിനില്ല.
എഴുത്തുകാരൻ, കൊറിയോഗ്രാഫർ, കവി, കാമുകൻ... ആ കാര്യത്തിൽ എന്റെ പിതാവുമായുള്ള അതേ സാമ്യം അദ്ദേഹത്തിനുമുണ്ട്. എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: എന്താണ് രേഖയുടെ രഹസ്യം? മദ്രാസിൽ നിന്നുള്ള ഈ സാധാരണ പെൺകുട്ടി എങ്ങനെ ഇന്നത്തെ രേഖയായി ?. 1969-ൽ ഞാൻ മുംബൈയിൽ എത്തുമ്പോൾ എനിക്ക് വെറും 13 വയസ്സാണ്.
ഹിന്ദിയിലെ ഒരു വാക്ക് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ എങ്ങനെ ഈ ഭാഷ ഇത്ര വേഗത്തിൽ പഠിച്ചു എന്നത് പലർക്കും ഒരു രഹസ്യമാണ്. എന്റെ ജീവിതത്തിൽ രണ്ട് 'ദേവി'മാരുണ്ടായിരുന്നു- ലതാ മങ്കേഷ്കർ ജിയും ആശ ഭോസ്‌ലെയും. സത്യത്തിൽ എന്റെ ജീവിതത്തെയും സ്നേഹത്തെയും കലയെയും ഒക്കെ രൂപപ്പെടുത്തിയത് അവരാണ്.
1969-ൽ മുംബൈയിലെത്തുമ്പോൾ 13 വയസ്സുള്ള ആ പെൺകുട്ടിക്ക് ഹിന്ദി അറിയില്ലായിരുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഞാൻ എങ്ങനെയാണ് ഭാഷ പഠിച്ചതെന്ന്. അതിനുള്ള ഉത്തരം ഇവരുടെ പാട്ടുകളാണ്. എന്റെ ആദ്യ ചിത്രമായ 'സാവൻ ഭാദോ' മുതൽ അവർ എനിക്ക് വേണ്ടി പാടിത്തുടങ്ങി.
അവർ പാടുമ്പോൾ ഓരോ വരികളിലും നിറയ്ക്കുന്ന ഭാവങ്ങളും, വാക്കുകളുടെ കൃത്യമായ ഉച്ചാരണവും, ഓരോ ശ്വാസത്തിലും അവർ നൽകുന്ന വികാരങ്ങളും ഞാൻ സൂക്ഷ്മമായി ശ്രദ്ധിക്കുമായിരുന്നു. സ്ക്രീനിൽ ഞാൻ എന്ത് ചെയ്യുന്നുവോ, അത് അവരുടെ ശബ്ദത്തിൽ നിന്ന് ഞാൻ ഉൾക്കൊണ്ടതാണ്.
എന്റെ അഭിനയത്തിന്റെ പകുതിയും ആ സംഗീതത്തിൽ നിന്ന് പിറന്നതാണ്. അവർ എന്റെ തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും ഹൃദയത്തിന്റെ ഓരോ സ്പന്ദനവുമാണ്. അതുകൊണ്ട് തന്നെ ഈ പുരസ്കാരം ഞാൻ അവർക്കായി സമർപ്പിക്കുന്നു.’’ രേഖ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates