Indian 2
ഇന്ത്യൻ 2Facebook

വർമ്മ കലയിൽ ആറാടി ഇന്ത്യൻ താത്ത; റിവ്യൂ

വീര ശേഖർ സേനാപതിയുടെ കഥയാണ് ഇനി വരാൻ പോകുന്നത്.
Published on
ഇന്ത്യൻ താത്തയുടെ രണ്ടാം വരവ് (2.5 / 5)

28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ 2 വുമായി ശങ്കറും കമൽ ഹാസനുമെത്തുന്നു. 1996 ൽ ഇരുവരും ചേർന്ന് സൃഷ്ടിച്ചെടുത്ത ഇന്ത്യൻ എന്ന ബ്രാൻഡ് തന്നെയാണ് രണ്ടാം ഭാ​ഗത്തിലുള്ള ഓരോ സിനിമ പ്രേക്ഷകന്റെയും വിശ്വാസവും പ്രതീക്ഷയും. തന്റെ കാലിൻ ചുവട്ടിൽ വളർന്നു വന്ന ഒരു കളയെ വേരോടെ പിഴുതെറിഞ്ഞ് സേനാപതി പോകുന്നിടത്തു നിന്നാണ് ഇന്ത്യൻ അവസാനിച്ചത്. അനീതിയും അഴിമതിയും വീണ്ടും ആധിപത്യമുറിപ്പിക്കുമ്പോൾ തീർച്ചയായും ഇന്ത്യൻ താത്ത തിരിച്ചു വരുമെന്ന് ഉറപ്പ് നൽകിയായിരുന്നു സേനാപതി അന്ന് ഇന്ത്യയിൽ നിന്ന് മടങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ താത്തയെ നമ്മൾ കണ്ടുമുട്ടുന്നത് അങ്ങ് തയ്‌വാനിലാണ്.

അഞ്ച് സുഹൃത്തുക്കൾ ചേർന്ന് യൂട്യൂബിലൂടെ ബാർക്കിങ് ഡോ​ഗ്സ് എന്ന പേരിൽ നാട്ടിൽ നടക്കുന്ന അനീതിയേയും അഴിമതിയും ആക്ഷേപഹാസ്യമായി സമൂഹത്തിന് മുൻപിൽ തുറന്നുകാട്ടുകയാണ്. സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് തുടങ്ങിയവരാണ് ഈ പ്രോ​ഗ്രാമിന്റെ മുഖ്യ ചുമതലക്കാർ. ഒരു സംഭവത്തെ തുടർന്ന് കം ബാക്ക് ഇന്ത്യൻ എന്ന ഹാഷ്ടാ​ഗിലൂടെ ഇന്ത്യനെ തിരികെ കൊണ്ടുവരുകയാണ് ഇവർ.

അങ്ങനെ വർമ്മ കലൈയുമായി തയ്‌വാനിലെ തൈപെയിൽ ജീവിക്കുന്ന സേനാപതി ഇന്ത്യയിലേക്ക് വരുകയാണ്. സേനാപതിയുടെ വരവോടെ കാര്യങ്ങൾ മാറിമറിയുന്നു. സ്വന്തം കുടുംബത്തിലുള്ള അനീതികൾക്കെതിരെ വരെ പോരാടുകയാണ് ഓരോരുത്തരും. ഡൊണേഷൻ വാങ്ങിയുള്ള നിയമനം, കൈക്കൂലി, അഴിമതി തുടങ്ങി ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും മൂന്ന് മണിക്കൂറിൽ ശങ്കർ ഇന്ത്യനിലൂടെ പ്രേക്ഷകന് മുന്നിൽ കാണിച്ചു തരുന്നുണ്ട്.

ലോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു എഞ്ചിൻ പോലെയാണ് ഇന്ത്യൻ 2 വിന്റെ തിരക്കഥ പോകുന്നത്. പോകുന്ന അത്രയും പോകട്ടെ, നിൽക്കുമ്പോൾ നിൽക്കട്ടെ എന്ന മട്ടിലാണ് കഥയുടെ പോക്ക്. ആദ്യ പകുതിയിലാണ് തിരക്കഥയൊരുക്കിയിരിക്കുന്നതിലുള്ള പോരായ്മ ശരിക്കും ഫീൽ ചെയ്യുന്നത്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ പ്രേക്ഷകന് മടുപ്പും തോന്നും. അടുത്ത സീനിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരു പരിധി വരെ ഓരോ പ്രേക്ഷകനും ഊഹിച്ചെടുക്കാം.

ശങ്കറിന്റെ തന്നെ മറ്റു സിനിമകളുടെ ചില രം​ഗങ്ങളൊക്കെ ഇന്ത്യൻ 2 വിൽ പ്രേക്ഷകന് ഓർമ്മ വരും, അതു ചിലപ്പോൾ സ്വഭാവികമായിരിക്കാം. തുടക്കത്തിൽ തന്നെ അനാവശ്യമായി തിരുകി കയറ്റിയ പാട്ടുകളും ഒരു കല്ലുകടിയായി മാറുന്നുണ്ട്. രണ്ടാം പകുതിയാണ് സിനിമ ശരിക്കും എൻ​ഗേജിങ് ആകുന്നത്. ചെറിയൊരു ഇമോഷണൽ സീനും കമൽ ഹാസന്റെ പവർ പാക്ക് ആക്ഷൻ രം​ഗങ്ങളുമെല്ലാം രണ്ടാം പകുതിയിലാണ് കാണാനാവുക.

ചിത്രത്തിൽ എടുത്തു പറയേണ്ടത് ഉലക നായകൻ കമൽ ഹാസന്റെ പെർഫോമൻസ് തന്നെയാണ്. അദ്ദേഹത്തിന്റെ കൈകളിൽ സേനാപതി ഭദ്രമായിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. മർമ്മം നോക്കി അടിക്കുന്ന വർമ്മ കലയിൽ അ​ഗ്ര​ഗണ്യനായ സേനാപതി തന്നെയാണ് ഇന്ത്യൻ 2 വിന്റെ നട്ടെല്ല്. കൈയ്യിൽ നിന്നു പോയി മുങ്ങിക്കൊണ്ടിരുന്ന കഥയെ പിടിച്ചു നിർത്തുന്നത് കമൽ ഹാസൻ എന്ന കപ്പിത്താന്റെ പെർഫോമൻസ് തന്നെയാണ്.

മാത്രമല്ല പല തരത്തിലുള്ള ​ഗെറ്റപ്പുകളിലാണ് കമൽ ഹാസൻ ചിത്രത്തിലെത്തുന്നത്. ചില ലുക്കുകളൊക്കെ പ്രേക്ഷകന് ഓവറായി തന്നെ തോന്നുന്നുണ്ട്. ക്ലൈമാക്സിനോട് അടുത്തുള്ള ആക്ഷൻ സീനുകളൊക്കെയും കമൽ ഹാസൻ പൊളിച്ചടുക്കിയെന്ന് പറയാതെ വയ്യ. ചെയ്സിങ്, സിക്സ്പായ്ക്ക് കാണിച്ചു കൊണ്ടുള്ള ഫൈറ്റൊക്കെ പ്രേക്ഷകരുടെ കൈയ്യടി നേടി. പെർഫോമൻസിന്റെ കാര്യത്തിൽ എടുത്ത് പറയേണ്ടത് സിദ്ധാർഥ്, ബോബി സിംഹ, നെടുമുടി വേണു, സമുദ്രക്കനി എന്നിവരുടേതാണ്.

നെടുമുടി വേണുവും കമൽ ഹാസനുമുള്ള കോമ്പോ രം​ഗങ്ങളൊക്കെ ശരിക്കും പ്രേക്ഷകരുടെ മനസിൽ ഒരു വിങ്ങലുണ്ടാക്കും. വിവേകിനേയും നെടുമുടി വേണുവിനെയുമൊക്കെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണുമ്പോൾ ഒരു സന്തോഷവും പ്രേക്ഷകന് തോന്നും. രാകുൽ പ്രീത്, പ്രിയ ഭവാനി ശങ്കർ, എസ്. ജെ സൂര്യ, അതിഥി വേഷത്തിലെത്തിയ കാളിദാസ് ജയറാം തുടങ്ങിയവരും അവരവരുടെ ഭാ​ഗങ്ങൾ മികച്ചതാക്കി.

ശങ്കർ ചിത്രങ്ങളെന്നും പ്രേക്ഷകർക്ക് അത്ഭുതമാകുന്നതിന്റെ ഫുൾ ക്രെഡിറ്റ് എപ്പോഴും വിഷ്വൽസിനും എഡിറ്റിങ്ങിനും പശ്ചാത്തല സം​ഗീതത്തിനും ഉള്ളതാണ്. ഈ മൂന്ന് കാര്യങ്ങളിൽ യാതൊരു കോപ്രമൈസും ശങ്കർ ചെയ്യാറില്ല. ഇന്ത്യൻ 2 വിനും തിയറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ഘടകങ്ങളും ഇത് തന്നെയാണ്. രവി വര്‍മന്റെ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങും മികച്ചൊരു കാഴ്ചാനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടേയും ഭം​ഗി കുറച്ച് നിമിഷങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട് രവി വർമ്മൻ.

ടെക്നിക്കലിയുള്ള കാര്യങ്ങളെ ഉപയോ​ഗിക്കുന്നതിലും ശങ്കർ ഒരു പുലിയാണ്. അത് ഇന്ത്യൻ 2 വിലും കാണാം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ ഏറ്റവും മികച്ചത് എന്നൊന്നും ഇന്ത്യൻ‌ 2 പറയാനാകില്ല. എങ്കിലും ഒരുവിധം നന്നാക്കാൻ അനിരുദ്ധ് ശ്രമിച്ചിട്ടുണ്ട് എന്ന് പറയാം. ചില ആക്ഷൻ സീനുകളിലുള്ള ബാക്ക്​ഗ്രൗണ്ട് സ്കോർ നല്ല രീതിയിൽ വർക്കായിട്ടുണ്ട്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

ഇന്ത്യൻ മൂന്നാം ഭാഗത്തിനുള്ള ഒരു തീപ്പൊരി കൂടി അവശേഷിപ്പിച്ചാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. മൂന്നാം ഭാ​ഗത്തിന്റെ ട്രെയ്‌ലർ തന്നെയാണ് അതിനുള്ള സൂചന. വീര ശേഖർ സേനാപതിയുടെ കഥയാണ് ഇനി വരാൻ പോകുന്നത്. ബ്രിട്ടീഷ് സാമ്രജ്യത്വത്തിനോട് പടപൊരുതുന്ന സാക്ഷാൽ സേനാപതി. ഇന്ത്യൻ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു വേറിട്ട ലുക്കിലാണ് മൂന്നാം ഭാ​ഗത്തിൽ കമൽ ഹാസനെത്തുന്നത്. കാജൽ അ​ഗർവാൾ ഉൾപ്പെടെയുള്ള താരങ്ങളും ഇന്ത്യൻ 3 യിലുണ്ടാകും. സേനാപതിയുടെ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള ഒരു കൂൾ എന്റർടെയ്നറായി മാത്രം ഇന്ത്യൻ 2 കണ്ടാൽ മതി. എന്തായാലും വീര ശേഖർ സേനാപതിയുടെ വരവിനായി നമ്മുക്ക് കാത്തിരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com