മുൻ തമിഴ്നാട് മുഖ്യമന്ത്രിയായി ബോളിവുഡ് നടി കങ്കണ റണാവത്ത് എത്തുന്ന സിനിമ തലൈവി റിലീസിന് ഒരുങ്ങുകയാണ്. തിയറ്ററുകളിലൂടെയാണ് ചിത്രം ആദ്യം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ ചില വമ്പൻ മൾട്ടിപ്ലക്സുകൾ ചിത്രം സ്ക്രീൻ ചെയ്യേണ്ട എന്ന തീരുമാനത്തിലാണ്. അതിനെതിരെ രൂക്ഷഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. പ്രതിസന്ധി ഘട്ടത്തിൽ തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാനല്ലേ നോക്കേണ്ടത് എന്നാണ് താരം ചോദിക്കുന്നത്.
സൂപ്പർ താരങ്ങളുടെ കാര്യത്തിൽ മൾട്ടിപ്ലസുകൾക്ക് വേറെ നിയമമാണെന്നും സൽമാൻ ഖാന്റേയും വിജയുടേയും സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നുമാണ് കങ്കണ കുറിച്ചത്. വലിയി ഹീറോസ് വരുമ്പോൾ മൾട്ടിപ്ലക്സിന് വ്യത്യസ്ത നിയമങ്ങളാണ്, അവർ രാധെ സിനിമ ഒടിടിയിലും തിയറ്ററിലും ഒന്നിച്ച് റിലീസ് ചെയ്തു. രണ്ട് ആഴ്ചയിലേക്കാണ് മാസ്റ്റർ റിലീസ് ചെയ്ത്. ഹോളിവുഡ് ചിത്രങ്ങളും ഒടിടിയ്ക്കൊപ്പം അവർ തിയറ്ററിലെത്തിക്കും. എന്നാൽ ദക്ഷിണേന്ത്യയിൽ നാലാഴ്ചത്തെ സമയമുണ്ടായിട്ടും തലൈവി റിലീസ് ചെയ്യാൻ തിയറ്ററുകൾ തയാറാവുന്നില്ല. സ്ത്രീകൾ വളരരുത് എന്നുറപ്പിക്കുന്ന സിസ്റ്റമാണിത്. എന്നിട്ട് പുരുഷന്മാരെപ്പോലെ സ്ത്രീ സൂപ്പർസ്റ്റാറുകൾ കാണികളെ തീയറ്ററുകളിൽ എത്തിക്കാത്തതിനെ കുറിച്ച് പരാതി പറയുന്നു. - കങ്കണ ഫേയ്സ്ബുക്കിൽ കുറിച്ചു. പിവിആർ സിനിമാസ്, ഇനോസ് ലെയ്ഷുർ എന്നിവയെ ടാഗ് ചെയ്താണ് പോസ്റ്റ്.
സിനിമ പൂർണമായി ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവസരമുണ്ടായിരുന്നെന്നും എന്നാൽ സിനിമയോടുള്ള സ്നേഹം കൊണ്ടാണ് നിർമാതാക്കൾ തിയറ്ററിൽ എത്തിച്ചത് എന്നും കങ്കണ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ കയ്യാങ്കളി നടത്തരുതെന്നും താരം ഓർമിപ്പിച്ചു. ഹിന്ദിയിൽ രണ്ട് ആഴ്ചത്തെ തിയറ്റർ റിലീസാണുള്ളത്. എന്നാൽ മൾട്ടിപ്ലക്സുകൾ ഒത്തുകൂടി ദക്ഷിണേന്ത്യയിലെ റിലീസും തടസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത് ക്രൂരവും അനീതിയുമാണെന്നും കങ്കണ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates