

മുംബൈ: ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് ഭാര്യയും നടിയുമായ കരീന കപൂർ. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കരീന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു.
"ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്. സംഭവിച്ചത് എന്താണെന്ന് മനസിലാക്കിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോഴും. ഈ പ്രയാസകരമായ സമയത്ത് ഞങ്ങൾക്കൊപ്പം നില്‍ക്കണം.
മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളിൽ നിന്നും കവറേജുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഞാൻ ബഹുമാനത്തോടെയും വിനയത്തോടെയും അഭ്യർഥിക്കുന്നു. നിങ്ങളുടെ ആശങ്കകളും പിന്തുണയും ഞങ്ങൾ വിലമതിക്കുന്നു. എങ്കിലും നിരന്തരമായ നിങ്ങളുടെ പരിശോധനയും ശ്രദ്ധയുമൊക്കെ ഞങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയുണ്ടാക്കും.
ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങൾക്ക് ഞങ്ങളുടേതായ ഇടം നൽകണമെന്നും താഴ്മയായി അഭ്യർഥിക്കുന്നു. ഇത്രയും നിർണായകമായ സാഹചര്യത്തിൽ നിങ്ങൾ ഞങ്ങളെ മനസിലാക്കിയതിനും സഹകരിച്ചതിനും നന്ദി". - കരീന കുറിച്ചു.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താമസിക്കുന്നത്. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates