

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് കരീന കപൂർ (Kareena Kapoor). 44 കാരിയായ കരീന ആരോഗ്യ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് കരീനയിപ്പോൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ നേരത്തെ ഭക്ഷണം കഴിക്കുകയും വർക്കൗട്ട് മുടക്കാതിരിക്കുകയും ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന് പിന്നിലെന്ന് കരീന പറയുന്നു.
കോവിഡിന് ശേഷമാണ് താൻ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയതെന്നും കരീന പറഞ്ഞു. "വ്യായാമം ചെയ്തില്ലെങ്കിൽ എന്റെ മൂഡ് മോശമാകും. കോവിഡിന് ശേഷമാണ് ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മനസിലാക്കുന്നത്. ഇത് ഞാൻ പൊങ്ങച്ചം പറയുന്നതല്ല. ആരോഗ്യത്തോടെയിരിക്കാൻ കൂടിയാണ് വ്യായാമം ചെയ്യുന്നത്. എന്റെ മൂഡ് കറക്ടായി നിലനിർത്തുന്നത് അതാണ്.
വൈകുന്നേരം ആറ് മണിയോടെ അത്താഴം കഴിക്കും. രാത്രി 9.30 യ്ക്ക് കിടക്കും. ലോകം എഴുന്നേൽക്കുന്നതിന് മുൻപ് വർക്കൗട്ട് തുടങ്ങും. എന്റെ ഇത്തരം ശീലങ്ങൾ സുഹൃത്തുക്കൾക്ക് അറിയാവുന്നതു കൊണ്ട് തന്നെ എന്നെ പാർട്ടികളിലൊന്നും അവർ പ്രതീക്ഷിക്കാറില്ല. അവർ അതിനെ ബഹുമാനിക്കുന്നു".- കരീന പറഞ്ഞു.
ഭക്ഷണ കാര്യങ്ങളിലും ചില ശീലങ്ങൾ ഉള്ള കുടുംബമാണ് തന്റേതെന്നും കരീന വ്യക്തമാക്കി. "ദിവസത്തിൽ ഒരു നേരമെങ്കിലും ഇന്ത്യൻ ഭക്ഷണം നിർബന്ധമാണ്. എന്നെപ്പോലെ തന്നെ സെയ്ഫും കുട്ടികളുമൊക്കെ പാചകം ചെയ്യാൻ ഇഷ്ടമുള്ളവരാണ്. സെയ്ഫിന് കേരള ഭക്ഷണത്തോട് വലിയ താൽപ്പര്യമാണ്. അദ്ദേഹം എപ്പോഴും പുതിയ റെസിപ്പികൾ പരീക്ഷിച്ചു കൊണ്ടിരിക്കും.
ഇടിയപ്പം, തേങ്ങാപ്പാൽ ഒഴിച്ച സ്റ്റ്യൂ ഒക്കെ ഉണ്ടാക്കാറുണ്ട്. എനിക്ക് ഒരു ദിവസം ഒരു ഇന്ത്യൻ ഭക്ഷണം നിർബന്ധമാണ്".- കരീന പറഞ്ഞു. സിങ്കം എഗെയ്ൻ ആണ് കരീനയുടേതായി ഒടുവിലെത്തിയ ചിത്രം. നിലവിൽ മേഘ്ന ഗുൽസാറിന്റെ ദായ്റ എന്ന ചിത്രത്തിലാണ് കരീന അഭിനയിക്കുന്നത്. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates