

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കവി രാജ്. സിനിമയിലും സീരീയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇന്ന് പക്ഷെ അഭിനയത്തില്‍ നിന്നെല്ലാം പിന്മാറി ആത്മീയ ജീവതത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് കവി രാജ്. തന്റെ പിന്മാറ്റത്തിന് കാരണം സിനിമയില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.
ദിലീപ് നായകനായ മീശമാധവനില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള കവി രാജിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''ഒന്നരമാസം മീശമാധവന്‍ സിനിമയ്ക്ക് വേണ്ടി പൊള്ളാച്ചിയില്‍ കിടന്ന് അലച്ചിട്ട് 200 രൂപ വണ്ടിക്കൂലിയാണ് മഹാ സുബൈര്‍ എന്ന നിര്‍മാതാവ് നുള്ളിപ്പെറുക്കി തന്നത്. 5000 രൂപയുടെ ചെക്ക് തന്നു. പടത്തിന്റെ ടെക്‌നിക്കല്‍ വര്‍ക്കെല്ലാം കഴിഞ്ഞ്, റിലീസായി ആറ് മാസത്തിന് ശേഷം മാറുന്ന തരത്തിലാണ് ചെക്ക്. അതാണ് അന്നത്തെ സമ്പാദ്യം.'' കവി രാജ് പറയുന്നു.
പ്രമുഖ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ദിലീപ് നായകനായ കല്യാണരാമനില്‍ ചെറിയ വേഷത്തില്‍ വിളിച്ചിരുന്നു. അന്ന് സീരിയലില്‍ അഭിനയിക്കുന്ന സമയമാണ്. ഒരുപാട് തിരക്കുണ്ട്. വിളിച്ചതിനാല്‍ പോയി. ചെറിയ വേഷമായിരുന്നിട്ടും നമ്മളെടുക്കുന്ന പരിശ്രമം വളരെ വലുതാണ്. അതാരും അറിയുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിന് ലഭിച്ചത് 10000 രൂപയായിരുന്നു. മീശമാധവനില്‍ ഒന്നര മാസം ലൊക്കേഷനിലുണ്ടായിരുന്നു. വെറും 5000 രൂപയാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
സിനിമയില്‍ നിന്നും പൂര്‍ണമായി മാറാന്‍ കാരണം ചിലരുടെ സ്വഭാവമാണ്. പല സൂപ്പര്‍സ്റ്റാറുകളുടേയും കൂടെ ചെറിയ വേഷങ്ങള്‍ ചെയ്യുകയും പല വിജയ സിനിമകളുടേയും ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അത് ഭാഗ്യമാണ്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ മൂലമാണ് അഭിനയത്തിലെത്തുന്നതെന്നും കവി രാജ് പറയുന്നു. അഭിനയം ഇഷ്ടപ്പെടാതെ വന്നതു കൊണ്ടാണ് തനിക്ക് പിന്നീട് പിന്മാറാന്‍ തോന്നിയതെന്നും അദ്ദേഹം പറയുന്നു.
പല ലൊക്കേഷിലും നികൃഷ്ടമായ പെരുമാറ്റങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സീരിയലില്‍ പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്ന സമയത്ത് ക്യാമറാമാന്‍ മാനസികമായി ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷെ അയാള്‍ അപമാനിച്ചിട്ടും താന്‍ ഒരു വാക്കു കൊണ്ടു പോലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates